ഈശോയെ പിന്തുണച്ചതിന് ടിനി ടോമിനെതിരെ സൈബര്‍ ആക്രമണം; ഇങ്ങനെ ജീവിക്കാനേ പറ്റൂയെന്ന് മറുപടി

ഈശോയെ പിന്തുണച്ചതിന് ടിനി ടോമിനെതിരെ സൈബര്‍ ആക്രമണം; ഇങ്ങനെ ജീവിക്കാനേ പറ്റൂയെന്ന് മറുപടി
Published on

ഈശോ സിനിമ വിവാദത്തില്‍ നാദിര്‍ഷയെ പിന്തുണച്ച നടന്‍ ടിനിടോമിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ഇതിന് പിന്നാലെ നാദിര്‍ഷയെ പിന്തുണച്ചതിന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ടിനി ടോം.

'' മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്‌കാരം കൊണ്ട് ഹിന്ദുവും മുസ്ലിമും എന്റെ സഹോദരങ്ങളാണ്. എനിക്ക് ഇങ്ങനെ ജീവിക്കാനേ പറ്റൂ. പ്രിയ വ്യാജ വ്യക്തി,'' ടിനി ടോം പറഞ്ഞു.

എബ്രഹാം ആരോണ്‍ എന്ന അക്കൗണ്ടില്‍ നിന്ന് വന്ന കമന്റിനായിരുന്നു ടിനി ടോമിന്റെ മറുപടി. വ്യാജ അക്കൗണ്ടില്‍ നിന്നെത്തിയ കമന്റിന്റെയും നല്‍കിയ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ? ക്രിസ്തു ഇതാണോ പഠിപ്പിച്ചത് എന്നും ടിനി ടോം ചോദിച്ചു.

ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ദൈവം വലിയവനാണ് എന്നായിരുന്നു ഹര്‍ജി തള്ളിയതിനോട് നാദിര്‍ഷയുടെ പ്രതികരണം. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് കണ്ട കോടതി ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in