‘ഈ റാലിക്ക് എണ്ണയടിച്ച പൈസയുണ്ടാരുന്നെങ്കില്‍’; ഫുക്രുവിന്റെ ദുരിതാശ്വാസ ബൈക്ക് റാലി തടഞ്ഞ് പൊലീസ്
ദുരിതബാധിതരെ സഹായിക്കാന്‍ ടിക് ടോക് താരം ഫുക്രു (കൃഷ്ണജീവ്) നടത്തിയ ബൈക്ക് റാലി പൊലീസ് തടഞ്ഞു. ദുരിതാശ്വാസ സാമഗ്രികളുമായി കൊട്ടാരക്കര സ്വദേശിയായ ഫുക്രുവും സുഹൃത്തുക്കളും നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഭവം. റാലി തടഞ്ഞ പൊലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറയുന്ന വീഡിയോ പുറത്തുവന്നു. 'അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ' എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഫുക്രുവിനെതിരെ ട്രോളുകളുമെത്തി. ഒരു പൊലീസുകാരന്‍ പറഞ്ഞ മണ്ടത്തരത്തിന്റെ പേരിലാണ് ട്രോളുകളെന്നും മൂന്ന് കിലോമീറ്റര്‍ മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രുവിന്റെ പ്രതികരണം. താന്‍ ചെയ്തത് എന്താണ് എന്നതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുണ്ട്. ട്രോളന്‍മാര്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയുന്ന ആളാക്കണമെന്നും ഫുക്രു ടിക് ടോക് ലൈവില്‍ പറഞ്ഞു.
കൊട്ടാരക്കാര താലൂക്ക് ഓഫീസിലെ ദുരിതാശ്വാസ സാമഗ്രി സ്വീകരണകേന്ദ്രത്തില്‍ ഫുക്രുവും സംഘവും അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന്റെ വീഡിയോ ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഫുക്രുവിന്റെ പ്രതികരണം
“പുതിയൊരു ട്രോള്‍ കണ്ടു. ഞാന്‍ കേരളത്തീന്ന് ഇവിടുന്നങ്ങ് വയനാട് വരെ റാലി നടത്തി എന്തോ സഹായിക്കാന്‍ പോയെന്ന്. ഇതാരാ പറഞ്ഞേ ഇവിടുന്ന് അങ്ങ് വരെ റാലി നടത്തിയെന്ന്. ഞാനെന്താ മണ്ടനാണോ? എന്റെകൂടെ വന്ന എഴുപത് പേര്‍ മണ്ടന്‍മാരാണോ? വെറും മൂന്ന് കിലോമീറ്ററാണ് ഞാന്‍ റാലി നടത്തിയത്. ഒരു പൊലീസുകാരന്‍ വന്ന് എന്തോ മണ്ടത്തരം പറഞ്ഞതിന്, അത് ഏറ്റുപിടിച്ച് കുറേപ്പേര് ട്രോളി നടക്കുന്നുണ്ട്. അവരുടെ പേരൊന്നും പറയുന്നില്ല. അവര്‍ക്ക് പബ്ലിസിറ്റിയാകും. പക്ഷെ ട്രോളുകാരന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കേരളം ഫുള്ള് എന്നെ അറിയിച്ചു. ഞാന്‍ ചെയ്തത് ആരേയും ബോധിപ്പിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ചെയ്തതിന്റെ കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലുമുണ്ട്. ട്രോളന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇന്ത്യ ഫുള്ളുമൊന്ന് എന്നെ അറിയിക്കണം. നിങ്ങള്‍ ട്രോളുന്നതിന്റെ താഴെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ കൂടെ ഇട്ടാല്‍ നന്നായിരിക്കും. അത് നിങ്ങള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല.”