ജി പ്രജിത്ത് അഭിമുഖം: സംഭവകഥയല്ല, എല്ലാവര്‍ക്കും വിശ്വസിക്കാനാകുന്നതും കണക്ട് ചെയ്യാവുന്നതുമായ കഥ
ഒരു വടക്കന്‍ സെല്‍ഫി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത സിനിമയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതിയ സിനിമ. ബിജു മേനോന്‍ നാട്ടിന്‍ പുറത്തുകാരനായ നിര്‍മ്മാണ തൊഴിലാളിയുടെ റോളിലെത്തിയ ചിത്ത്രില്‍ ഭാര്യ ഗീതയുടെ വേഷത്തില്‍ സംവൃതാ സുനിലും അഭിനയിച്ചിരിക്കുന്നു. ഫാമിലി എന്റര്‍ടെയിനര്‍ എന്ന നിലയില്‍ സ്വീകാര്യത നേടിയ ചിത്രത്തെക്കുറിച്ച് ജി പ്രജിത് സംസാരിക്കുന്നു.
നന്നായി ആസ്വദിച്ച് അഭിനയിച്ച സിനിമയെന്നാണ് ബിജു മേനോന്‍ പറഞ്ഞത്. സിനിമയും കഥാപാത്രവും തന്ന ആത്മവിശ്വാസത്തിലാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതെന്നും ബിജു മേനോന്‍ പറയുന്നുണ്ട്?
ബിജു ചേട്ടന്‍ വളരെ നന്നായി സഹകരിച്ചിട്ടുള്ള സിനിമയാണ്. ആ റിസല്‍ട്ട് സിനിമയിലും കാണാനാകും. പണിതുകൊണ്ടിരിക്കുന്ന വീടിന്റെ മുകളിലാണ് ബിജുവേട്ടന്റെ സുനിയും കൂട്ടുകാരും വാര്‍ക്കപ്പണി ചെയ്യുന്നത്. സെറ്റിട്ട് ചെയ്യുകയായിരുന്നില്ല. അവിടെ റൂഫോ, തണലോ ഇല്ലല്ലോ. ബിജുവേട്ടനെ കുറേ ദിവസം വാര്‍ക്കപ്പണിക്കായി നല്ല വെയിലത്ത് നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. ക്യാമറാമാന്‍ ഷഹനാദ് ജലാല്‍ ഹാര്‍ഷ് ലൈറ്റ് വേണമെന്ന് നിര്‍ബന്ധം പറഞ്ഞതിനാല്‍ മിക്കപ്പോഴും ഉച്ചയോടടുക്കുമ്പോഴാണ് ഷൂട്ട് ചെയ്തത്. അത്തരമൊരു സാഹചര്യത്തില്‍ സംതൃപ്തിയോടെ അഭിനയിക്കുന്നത് തീര്‍ച്ചയായും അദ്ദേഹത്തെ ഈ സിനിമയും കഥാപാത്രവും സ്വാധീനിച്ചതുകൊണ്ടാണെന്ന് വിശ്വസിക്കുന്നു.ബിജു ചേട്ടന്‍ മാത്രമല്ല മിക്ക കഥാപാത്രങ്ങളുടെയും സഹകരണം എടുത്തുപറയേണ്ടതാണ്. വീട് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ യഥാര്‍ത്ഥ പണിക്കാര്‍ക്കൊപ്പമാണ് ഇവരെല്ലാം അഭിനയിച്ചത്.
സംവൃതാ സുനിലിന്റെ തിരിച്ചുവരവ്?
സംവൃത മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗീത. ആ കഥാപാത്രത്തിന്റെ സാധ്യത മനസിലാക്കി തന്നെയാവും സംവൃത ഗീതയുടെ റോളിലൂടെ മടങ്ങിവരവ് തീരുമാനിച്ചത്. ഒരു കുടുംബത്തില്‍ സ്ത്രീകള്‍ നേരിടുന്ന കുറേ പ്രശ്‌നങ്ങളുണ്ടല്ലോ. അത് പലര്‍ക്കും റിലേറ്റ് ചെയ്യാനാകും. സ്വന്തം അനുഭവത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ ആയി എല്ലാവര്‍ക്കും ഈ സിനിമ സമീപിച്ച വിഷയം കണക്ട് ചെയ്യാനാകും. സംവൃതയെ കഥാപാത്രത്തിലേക്ക് ആകര്‍ഷിച്ചതും അതൊക്കെ തന്നെയാകും.
ബിജുവേട്ടനെ കുറേ ദിവസം വാര്‍ക്കപ്പണിക്കായി നല്ല വെയിലത്ത് നിര്‍ത്തേണ്ടി വന്നിട്ടുണ്ട്
വടക്കന്‍ സെല്‍ഫി യൂത്ത് എന്റര്‍ടെയിനര്‍ എന്ന് പറയാവുന്ന രീതിയിലായിരുന്നു. സജീവ് പാഴൂരിന്റെ ഇതിന് മുമ്പുള്ള തിരക്കഥ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന റിയലിസ്റ്റിക് കഥ പറച്ചിലുള്ള ചിത്രവും. രണ്ടാമത്തെ സിനിമ റിയലിസ്റ്റിക് അന്തരീക്ഷത്തിലുള്ള എന്റര്‍ടെയിനറായിരിക്കണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?
സജിയും ഞാനും നല്ല സുഹൃത്തുക്കളാണ്. സജി പറഞ്ഞതില്‍ കൂടുതല്‍ ഇഷ്ടപ്പെട്ട കഥ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം ചെയ്ത സിനിമയില്‍ നിന്ന് വേറിട്ട് അടുത്ത പടം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുവോ നമ്മുക്ക് ചുറ്റുവട്ടത്തിലുള്ള മനുഷ്യരിലൂടെ കഥ പറയുന്ന സിനിമയാണ്. സംഭവ കഥയൊന്നുമല്ലെങ്കിലും പലയിടത്തും നടന്നതോ ഇനിയും നടക്കാന്‍ സാധ്യതയുള്ളതോ ആയ കഥയാണ്. എല്ലാവരും ഏതെങ്കിലുമൊരു ഘട്ടത്തില്‍ വീടുപണിയുടെ ഭാഗമായിട്ടുണ്ടാകും. വാര്‍ക്കപ്പണിക്ക് വരുന്നവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ വളരെ കഷ്ടപ്പാടും പ്രയത്‌നവും ഉള്ള ജോലിയാണെങ്കിലും നല്ല ആസ്വദിച്ച് ചെയ്യുകയായിരിക്കും. നാളത്തേക്ക് വേണ്ടി കാര്യമായി കരുതിവച്ച് ജീവിക്കുന്നവരൊന്നുമായിരിക്കില്ല. അതിനുള്ള സൗകര്യവും ഉണ്ടാകണമെന്നില്ല. അങ്ങനെ കുറച്ച് പേരാണ് സുനിയും കറപ്പായിയും താമരയുമൊക്കെ. അവരുടെ സൗഹൃദവും കുടുംബവുമൊക്കെ കടന്നുപോകുന്ന ചില സാഹചര്യങ്ങളാണ് സിനിമ. സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കഥാപാത്രങ്ങള്‍ അല്ലാത്തതിനാല്‍ റിയലിസ്റ്റിക് പരിസരമാണ് ഈ ചിത്രത്തിന്റേത്. ഒരു എന്റര്‍ടെയിനറാണ് ചിത്രം.
ഹ്യൂമര്‍ നിര്‍ബന്ധമാക്കിയതിന് പിന്നില്‍?
തമാശയുണ്ടാക്കാന്‍ വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. കഥയുടെ പുറത്തേക്ക് ചിരിപ്പിക്കാന്‍ കുറേ സീനുകള്‍ ഉണ്ടാക്കുകയോ, കഥാപാത്രങ്ങളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. ഹ്യൂമറിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പക്ഷേ സിനിമയുടെ മൂഡില്‍ ഹാസ്യവും ബ്ലാക്ക് ഹ്യൂമറുമൊക്കെയുണ്ട്. നമ്മുടെ റിയല്‍ ലൈഫില്‍ തന്നെ പല സംഭവങ്ങളും തമാശയായും ചിരിയായും മാറാറില്ലേ. ഫ്രണ്ട്‌സുമായി ഇരിക്കുമ്പോഴും, ചില സാഹചര്യത്തിലെ അബദ്ധങ്ങള്‍ അങ്ങനെയൊക്കെ ഹ്യൂമര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്