‘അകാരണമായ നിസ്സഹകരണം, പുതിയ പ്രൊജക്ടുകളില്‍ നിന്ന് പിന്തിരിപ്പിക്കണം’; ഷെയ്‌നെതിരെ കടുത്ത നിലപാടുമായി ഫെഫ്ക
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ കടുത്ത നിലപാടുമായി സംവിധായകരുടേയും സിനിമാ പ്രൊഫഷണലുകളുടേയും സംഘടനയായ ഫെഫ്ക. ഷെയ്‌ന്റെ നിസ്സഹകരണം മൂലം മുടങ്ങിപ്പോയ 'വെയ്ല്‍' പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് നടന്റെ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചു. എഎഫ്പിഎ സെക്രട്ടറിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ ഫെഫ്കയുടെ ലെറ്റര്‍പാഡും സീലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഒപ്പുമുണ്ട്.
ബി ഉണ്ണികൃഷ്ണന്റെ കത്ത്
“ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറില്‍ ശ്രീ ജോബി ജോര്‍ജ് പ്രൊഡ്യൂസറായി നിര്‍മ്മാണത്തിലിരിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ അകാരണമായ നിസ്സഹകരണം മൂലം ചിത്രീകരണം സ്തംഭിച്ചിരിക്കുകയാണെന്നും ചിത്രം യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതില്‍ സംവിധായകന്‍ ശരത്ത് മേനോന്‍ തികഞ്ഞ മനസംഘര്‍ഷത്തിലും ബുദ്ധിമുട്ടിലും ആണെന്നും കാണിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റെടുത്ത 'വെയില്‍' എന്ന ചിത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഷെയ്ന്‍ നിഗത്തിനെ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നടപടി താങ്കളില്‍ നിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”
ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. എല്ലാ സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ ഒഴിവാക്കാനുള്ള തീരുമാനമായിരിക്കില്ല, പകരം ഷെയിന്‍ നിഗം മൂലം മുടങ്ങിപ്പോയ വെയില്‍,ഉല്ലാസം എന്നീ സിനിമകള്‍ തീര്‍ക്കാതെ മറ്റ് സിനിമകള്‍ തുടങ്ങേണ്ടതില്ല എന്ന തീരുമാനത്തിലേക്കായിരിക്കും നിര്‍മ്മാതാക്കള്‍ എത്തുക എന്നറിയുന്നു. സിനിമകള്‍ക്കുണ്ടായ നഷ്ടം ഷെയിന്‍ നിഗം നികത്തണമെന്നതടക്കം ഉപാധികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ശരത് സംവിധാനം ചെയ്യുന്ന വെയില്‍, ഉല്ലാസം എന്നീ സിനിമകളാണ് ഷെയിന്‍ പൂര്‍ത്തിയാകാത്തത്. വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് (ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്), ഉല്ലാസത്തിന്റെ നിര്‍മ്മാതാവ് (ക്രിസ്റ്റി കൈതമറ്റം) എന്നിവര്‍ പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിട്ടുണ്ട്. ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് സുബൈറുമായി ഷെയിന്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
വെയില്‍ എന്ന സിനിമയുമായി നിസഹകരിച്ച് ചിത്രീകരണം തടസപ്പെടുന്ന രീതിയില്‍ മുടി മുറിച്ച രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദത്തിന് തുടക്കം. പിന്നീട് താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഷെയിന്‍ നിഗം രണ്ടാം ഘട്ട ചിത്രീകരണത്തോട് സഹകരിച്ചില്ലെന്നാണ് സംവിധായകനും നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം