പടം നൂറ് ദിവസം തിയേറ്ററിലോടി, 150 ദിവസം പിന്നിട്ടു, 200 ദിവസം ഓടി സൂപ്പര്‍ഹിറ്റാണ് എന്നെല്ലാം പറഞ്ഞ് കേട്ട് ശീലിച്ചിരുന്ന ഒരു കാലഘട്ടം മാറിക്കഴിഞ്ഞു. ഇന്ന് ആരാധകരുടെ ആഘോഷങ്ങള്‍ക്ക് എത്ര ദിവസം തിയേറ്റിലോടി എന്നതിനേക്കാള്‍ എത്ര കോടി കളക്ട് ചെയ്തുവന്നതും നൂറ് കോടി ക്ലബ്ബിലെത്തിയോ എന്നതുമെല്ലാമാണ് ആദ്യത്തെ പരിഗണന. നമ്മള്‍ കുറച്ച് കാലങ്ങളായി ആഘോഷിക്കുന്ന അന്‍പത് കോടി, നൂറ് കോടി ക്ലബ്ബുകള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?
ബോളിവുഡില്‍ താരമൂല്യം നിശ്ചയിക്കുന്നതിനും സിനിമകളുടെ ട്രേഡ് ട്രാക്കിംഗ് പുറത്തുവിടുന്നതിന്റെ ഭാഗമായാണ് കോടി ക്ലബ്ബുകള്‍ ഇന്ത്യയില്‍ സുപരിചിതമാകുന്നത്. തരണ്‍ ആദര്‍ശ് അടക്കമുള്ള ട്രെഡ് അനലിസ്റ്റുകളും ബോളിവുഡ് ഹംഗാമ പോലുള്ള വെബ് സൈറ്റുകളുമാണ് പ്രധാനമായും സിനിമകളുടെ ഓപ്പണിംഗ് കളക്ഷനും വീക്കെന്‍ഡ് കളക്ഷനും കളക്ഷന്‍ കംപാരിസണുമെല്ലാം വലിയ ചര്‍ച്ചയാക്കി മാറ്റിയത്. മള്‍ട്ടി ടയര്‍ സിസ്റ്റമുള്ള ചലച്ചിത്ര വ്യവസായമെന്ന നിലയില്‍ ഓരോ സൂപ്പര്‍താരത്തിന്റെയും വിപണിമൂല്യം നിശ്ചയിക്കുന്നതില്‍ ഓപ്പണിംഗ് കളക്ഷനും ടോട്ടല്‍ ഗ്രോസും ലൈഫ് ടൈം ഗ്രോസുമെല്ലാം നിര്‍ണായക പങ്കുവഹിക്കാറുമുണ്ട്.
മലയാളത്തില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ 90 ശതമാനം നിര്‍മ്മാതാക്കളും തയ്യാറാകാറില്ല. മിക്കപ്പോഴും അണ്‍ ഒഫീഷ്യല്‍ വിവരങ്ങളുടെ പുറത്താണ് അമ്പത് കോടിയും നൂറ് കോടിയും ആരാധകരടക്കം ആഘോഷിക്കാറുള്ളത്. തിരുവനന്തപുരം ഏരീസ് പ്ലെകസ് പോലുള്ള തിയേറ്റര്‍ ഗ്രൂപ്പുകള്‍ ഓപ്പണിംഗ് കളക്ഷനും വീക്കെന്‍ഡ് ഗ്രോസുമെല്ലാം മിക്കപ്പോഴും പരസ്യപ്പെടുത്താറുണ്ട്.
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററില്‍ സൃഷ്ടിച്ച വമ്പന്‍ ഓളത്തിന് പിന്നാലെയാണ് അമ്പത് കോടി കളക്ഷനും നൂറ് കോടി കളക്ഷനുമെല്ലാം മലയാളത്തില്‍ നിര്‍മ്മാതാക്കളുടെ കൂടി ആവേശമായി മാറുന്നത്. കൊവിഡ് തീവ്രതയോടെ ഈ സ്ഥിതിക്ക് മാറ്റം വന്നിരുന്നു. എന്നാല്‍ വീണ്ടും 50 ശതമാനം സീറ്റിങ്ങ് കപ്പാസിറ്റിയില്‍ നിന്ന് 100 പെര്‍സെന്റ് ഒകുപെന്‍സിയിേലക്ക് തിയേറ്ററുകള്‍ എത്തിയതോടെ സൂപ്പര്‍താര ആരാധകര്‍ വീണ്ടും കോടി ക്ലബിന്റെ ആവേശവുമായി മത്സരം തുടങ്ങി.
മമ്മൂട്ടിയുടെ ഭീഷ്മപര്‍വം 50 കോടി ക്ലബ്ബിലും ആലിയ ഭട്ടിന്റെ ഗംഗുബായി നൂറ് കോടി ക്ലബ്ബിലും ഇടം നേടിയത് സിനിമാ മേഖലയ്ക്ക് വലിയൊരു ഉണര്‍വ്വായിരുന്നു. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം മറികടന്ന് ബിഗ് ബജറ്റ് സിനിമകള്‍ ധൈര്യമായി റിലീസ് ചെയ്യാന്‍ കഴിയും എന്ന പ്രതീക്ഷ നിര്‍മാതാക്കള്‍ക്ക് ഈ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.
സോഷ്യല്‍ മീഡിയ ഫാന്‍ ഫൈറ്റുകളിലാണ് പ്രധാനമായും കോടി ക്ലബ്ബുകള്‍ വാര്‍ത്തകളുണ്ടാക്കുന്നത്. ആദ്യദിനം തന്നെ കണക്കുകള്‍ പുറത്ത് വിടാനും, വിജയിച്ചുവെന്ന് ഉറപ്പിക്കാന്‍ വ്യാജകണക്കുകള്‍ ഉണ്ടാക്കിവിടാനും ഈ ഫൈറ്റുകള്‍ കാരണമാകുന്നു. ഒരു സിനിമയുടെ വിജയം എന്നാല്‍ നൂറ് കോടി ക്ലബ്ബിലെത്തുക എന്നത് മാത്രമാണെന്ന തരത്തിലേക്ക്, അതാണ് വിജയത്തിന്റെ ബെഞ്ച്മാര്‍ക്ക് എന്ന് വരെ ഈ ഫൈറ്റുകള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.
എന്താണ് ശരിക്കും നൂറ് കോടി ക്ലബ്??
വളരെ ലളിതമായി പറഞ്ഞാല്‍ ഒരു സിനിമയുടെ ടോട്ടല്‍ ഗ്രോസ് കളക്ഷന്‍ അതായത് തിയേറ്ററില്‍ നിന്ന് ടിക്കറ്റിലൂടെ പിരിഞ്ഞു കിട്ടുന്ന ആകെ തുക നൂറ് കോടി എത്തുമ്പോഴാണ് ആ സിനിമ ഹണ്‍ഡ്രഡ് കോര്‍ ക്ലബ്ബിലെത്തിയെന്ന് പറയുന്നത്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും റെസ്റ്റ് ഓഫ് ഇന്ത്യ റിലീസുകളിലെയും എല്ലാം കണക്കുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു സിനിമയുടെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍. കേരളത്തിലെ മാത്രം കളക്ഷന്‍ കണക്കാക്കിയും ഇന്ത്യന്‍ ബോക്സ് ഓഫീസ് ടോട്ടല്‍ നോക്കിയും ആഗോള ബോക്സ് ഓഫീസിലെ ആകെ വരവ് കണക്ക് കൂട്ടിയും നൂറ് കോടി ക്ലബുകളും അമ്പത് കോടി ക്ലബുകളും കണക്കാക്കാം.
അപ്പോള്‍ ഒരു സിനിമ നൂറ് കോടി ക്ലബില്‍ കയറിയാല്‍ അതില്‍ നിന്ന് എത്രയായിരിക്കും നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭം ?
ഒരു സിനിമയുടെ ടോട്ടല്‍ ഗ്രോസ് നൂറ് കോടി വന്നാല്‍, ആ നൂറ് കോടിയില്‍ 23 ശതമാനം ടാക്‌സും സ്റ്റാറ്റിയൂട്ടറി ഡിഡക്ഷനുമാണ്. ബാക്കി വരുന്ന 77 ശതമാനം നിര്‍മ്മാതാവും തിയേറ്റര്‍ ഉടമകളും കൂടി ഷെയര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഈ തുകയെയാണ് ഒരു സിനിമയുടെ നെറ്റ് കളക്ഷന്‍ എന്ന് പറയുന്നത്. അതായത് ഒരു സിനിമ വേള്‍ഡ് വൈഡ് തിയേറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്യുന്ന തുകയെ ഗ്രോസ് കളക്ഷന്‍ എന്നും അതില്‍ നിന്ന് ടാക്‌സ് കഴിഞ്ഞ് വരുന്ന തുകയെ നെറ്റ് കളക്ഷന്‍ എന്നും പറയുന്നു.
അതായത് 100 കോടി രൂപ ഒരു സിനിമ കളക്റ്റ് ചെയ്താല്‍ അതില്‍ നിന്ന് ഏകദേശം 77 കോടിയായിരിക്കും നെറ്റ് കളക്ഷന്‍, അത് നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും ഷെയര്‍ ചെയ്യുന്നു. ഈ ഷെയര്‍ പേര്‍സന്റേജ് വ്യത്യസ്ത രീതികളിലായിരിക്കും. സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ച 60 ശതമാനം നിര്‍മാതാവിനും 40 ശതമാനം തിയേറ്ററുടമകള്‍ക്കും ലഭിക്കുമ്പോള്‍, രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും നാല്‍പ്പത്തിയഞ്ചാവും ഇങ്ങനെ മാറിക്കൊണ്ടിരിക്കും.
നെറ്റ് കളക്ഷനില്‍ നിര്‍മ്മാതാവിന്റെ ഷെയറില്‍ നിന്ന് സിനിമയുടെ പബ്ലിസിറ്റി, ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് എന്നീ ചിലവുകള്‍ വേറെ ഉണ്ടാവും. ഡിജിറ്റല്‍ പ്രൊവൈഡേഴ്സാണ് സിനിമയുടെ കണ്ടന്റ് മാസ്റ്റര്‍ ചെയ്ത് തിയേറ്ററില്‍ എത്തിക്കുന്നത്. അതിന് ഒരു തിയേറ്ററിലേക്ക് മാത്രം ഏകദേശം 20,000 രൂപയോളം ചിലവ് വരും.
അപ്പോള്‍ നൂറ് കോടി ബജറ്റില്‍ ഒരുക്കിയ ഒരു സിനിമ 100 ക്രോറ് ക്ലബ്ബില്‍ കയറിയതുകൊണ്ട് നിര്‍മ്മാതാവിന് ഒരു ലാഭവും ഉണ്ടാകുന്നില്ല. അതുകൊണ്ട് നൂറ് കോടി എന്നതിനെ ഒരു സിനിമയുടെ വിജയമായി കണക്കാക്കാന്‍ സാധിക്കില്ല. സിനിമയുടെ ബജറ്റ് അനുസരിച്ച് ഗ്രോസ് കളക്ഷനും നെറ്റ് കളക്ഷനും പരിശോധിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മാതാവിന് ലാഭം കിട്ടിയോ എന്ന് വ്യക്തമാകുന്നത്.
ഒരു സിനിമയ്ക്ക് ഗ്രോസ് കളക്ഷന്‍ 40 കോടി വന്നാല്‍ ടാക്‌സ് കഴിച്ച് നെറ്റ് കളക്ഷന്‍ 30 കോടിയോളം വരും. അങ്ങനെയാണെങ്കില്‍ 15 കോടിയോളം രൂപ നിര്‍മ്മാതാവിന് ലാഭമായി കിട്ടും. സിനിമയുടെ ബജറ്റ് രണ്ട് കോടിയാണെങ്കില്‍ 13 കോടി രൂപയോളം നിര്‍മ്മാതാവിന്റെ ലാഭമാണ്. പക്ഷെ 20 കോടിയാണ് ബജറ്റ് എങ്കില്‍ അത് നിര്‍മ്മാതാവിന് നഷ്ടമായിരിക്കും. അപ്പോള്‍ ഒരു വലിയ സിനിമ വന്നാല്‍ തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മ്മാതാവിനും വലിയ ലാഭം കിട്ടും എന്ന ചിന്ത തെറ്റാണ്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ സജീവമാകുന്നത് നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശ്വാസമാണ്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ്, ഒടിടി എന്നിവയില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് തിയേറ്ററിന് പുറമെ മറ്റൊരു തുക കൂടി ലഭിക്കുന്നു. അതുകൊണ്ട് തന്നെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത് മുപ്പത് ദിവസം പൂര്‍ത്തിയാകുന്നതിന് മുന്നേ ഒടിടി റിലീസ് എന്ന സാധ്യത നിര്‍മാതാക്കള്‍ തേടുകയും ചെയ്യുന്നു. റിലീസിന് മുന്‍പ് തന്നെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സും വിറ്റ് പോകാറുണ്ട്. തിയ്യേറ്റര്‍ കളക്ഷന്‍ കൊണ്ട് ബ്രേക്ക് ഈവനാകാന്‍ പല നിര്‍മാതാക്കളും ശ്രമിക്കുമ്പോള്‍ സാറ്റ്ലൈറ്റ് അടക്കമുള്ള മറ്റ് മാര്‍ഗങ്ങളില്‍ നിന്ന് ലാഭം കണ്ടെത്താന്‍ ശ്രമിക്കുന്നു.
സിനിമ നൂറ് കോടി ക്ലബ്ബിലെത്തുക എന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ അത് കൊണ്ട് മാത്രം വലിയ വിജയത്തിന്റെ ഒരു ബെഞ്ച് മാര്‍ക്കായി ഈ കണക്കുകള്‍ ഒരിക്കലും മാറുന്നില്ല. പിന്നെ എല്ലാ കണക്കുകള്‍ക്കും അപ്പുറം നല്ല സിനിമകളുണ്ടാവുക, മലയാള സിനിമ മുന്നോട്ട് നയിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാലാതീതമായ വിജയം.