നായകന്‍ മീണ്ടും വരാ...രജനി, വിജയ്, അജിത് എല്ലാ റെക്കോര്‍ഡും പഴങ്കഥ, കമല്‍ഹാസന്റെ കരിയറിലെ കൂറ്റന്‍ ഹിറ്റായ് വിക്രം

നായകന്‍ മീണ്ടും വരാ...രജനി, വിജയ്, അജിത് എല്ലാ റെക്കോര്‍ഡും പഴങ്കഥ, കമല്‍ഹാസന്റെ കരിയറിലെ കൂറ്റന്‍ ഹിറ്റായ് വിക്രം
Published on

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ തിയറ്റര്‍ കളക്ഷന്‍ നേടുന്ന ചിത്രമായി കമല്‍ഹാസന്റെ 'വിക്രം' ബാഹുബലി സെക്കന്‍ഡ് പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെ നേടി 155 കോടി കളക്ഷന്‍ പിന്നിലാക്കിയാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്. തമിഴ് നാട്ടില്‍ നിന്ന് മാത്രമായി 150 കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കി. ആഗോള കളക്ഷനില്‍ 315 കോടിക്ക് മുകളിലാണ് വിക്രം ഗ്രോസ് നേടിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലി സെക്കന്‍ഡ് സ്വന്തം പേരില്‍ നിലനിര്‍ത്തിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡാണ് കമല്‍ഹാസന്‍ തിരുത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കേരളത്തില്‍ നിന്ന് മാത്രമായി 33 കോടിക്ക് മുകളില്‍ ഗ്രോസ് നേടി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൂപ്പര്‍താര മൂല്യത്തിനൊത്ത ബോക്‌സ് ഓഫീസ് വിജയമില്ലാത്ത കമല്‍ഹാസന്‍ വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പതാരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തു.

കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞത്

ഒറ്റയടിക്ക് 300 കോടി നേടാമെന്ന് പറഞ്ഞപ്പോള്‍ ആരും ഉള്‍ക്കൊണ്ടില്ല. ഞാന്‍ വെറുതെ പറയുകയാണെന്ന് കരുതി. എന്റെ എല്ലാ കടങ്ങളും തിരിച്ചടക്കും. ഞാന്‍ എന്റെ തൃപ്തിക്കായി ഭക്ഷണം കഴിക്കും. എനിക്ക് വലിയ പദവികളൊന്നും വേണ്ട, നല്ല മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നു.

കമല്‍ഹാസന്റെ ബാനറായ രാജ്കമല്‍ ഫിലിംസ് വിശ്വരൂപം, കദരം കൊണ്ടേന്‍, വിശ്വരൂപം ടു, ഉത്തമവില്ലന്‍, തൂങ്കാവനം എന്നീ സിനിമകളുടെ നിര്‍മ്മാണത്തിലൂടെ വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ടിരുന്നു. വിക്രം എന്ന സിനിമയിലൂടെ കമല്‍ഹാസന്‍ തമിഴ് ചലച്ചിത്ര വ്യവസായത്തിലേക്കും അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

16 ദിവസം കൊണ്ടാണ് വിക്രം ആഗോള കളക്ഷനില്‍ 300 കോടി പിന്നിട്ടത്. 100 കോടി പിന്നിട്ട വിജയ് ചിത്രം ബീസ്റ്റിനെയും കെജിഎഫ് ടുവിനെയും പിന്നിലാക്കി ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനും വിക്രം സ്വന്തമാക്കിയിരുന്നു.

കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന റോളിലെത്തിയ ആക്ഷന്‍ എന്റര്‍ടെയിനറാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ. ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന റോളിലത്തിയിരുന്നു. റോളക്‌സ് എന്ന കഥാപാത്രമായി സൂര്യയുടെ കാമിയോ വില്ലന്‍ റോളും സിനിമയെ ബോക്‌സ് ഓഫീസില്‍ തുണച്ചിരുന്നു. വിക്രം ടു, വിക്രം ത്രീ എന്നീ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in