അനിശ്ചിതത്വത്തിനിടെ മാസ്റ്റര്‍ 500 സ്‌ക്രീനുകളില്‍ റിലീസ് പ്രഖ്യാപിച്ച് യുഎഫ്ഒ

അനിശ്ചിതത്വത്തിനിടെ മാസ്റ്റര്‍ 500 സ്‌ക്രീനുകളില്‍ റിലീസ് പ്രഖ്യാപിച്ച് യുഎഫ്ഒ
Published on

തമിഴ്‌നാട്ടില്‍ നൂറ് ശതമാനം ആളുകളെ കയറ്റി വിജയ് ചിത്രം 'മാസ്റ്റര്‍' റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് കേന്ദ്രം തടയിട്ടതോടെ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ചിത്രം ഉത്തരേന്ത്യയില്‍ 500 സ്‌ക്രീനുകളിലായി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഫ്ഒ മുവീസ്.

കൊവിഡിന് ശേഷമുള്ള പ്രധാന പാന്‍ ഇന്ത്യന്‍ റിലീസ് കൂടെയാണ് 'മാസ്റ്റര്‍' എന്നും യുഎഫ്ഒ. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് മാസ്റ്റര്‍ ഹിന്ദി, തമിഴ് പതിപ്പുകള്‍ യുഎഫ്ഒ റിലീസ് ചെയ്യുകയെന്ന് യുഎഫ്ഒ ജോയിന്റ് എം.ഡി. കപില്‍ അഗര്‍വാള്‍.

നിര്‍ജീവമായ സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായാണ് മാസ്റ്റര്‍ തിയറ്റര്‍ റിലീസിനെ കാണുന്നതെന്ന് കപില്‍ അഗര്‍വാള്‍.

100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ തിയറ്ററുകളിലും 'മാസ്റ്റര്‍' റിലീസ് ചെയ്തുള്ള പ്രശ്‌നപരിഹാരമാണ് തിയറ്ററുകള്‍ ആലോചിക്കുന്നത്. മാസ്റ്റര്‍ ജനുവരി 13നും സിമ്പുവിന്റെ ഈശ്വരന്‍ ജനുവരി 14നുമായാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ അമ്പത് ശതമാനത്തിന് പകരം നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ തമിഴ് നാട് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ഈ അനുമതി റദ്ദാക്കണമെന്നും ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചിരുന്നു. അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് സാമൂഹിക അകലം നടപ്പാക്കി തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്രം നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന ചിത്രമെന്നതാണ് ഹൈലൈറ്റ്. മാളവികാ മോഹനന്‍ ആണ് നായിക.

എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in