ഗ്ലിസറിന്‍ ഇല്ലാതെ എനിക്ക് കരയാന്‍ കഴിയില്ല, കാര്‍ത്തി ഗ്ലിസറിന്‍ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നുവെന്ന് സൂര്യ

ഗ്ലിസറിന്‍ ഇല്ലാതെ എനിക്ക് കരയാന്‍ കഴിയില്ല, കാര്‍ത്തി ഗ്ലിസറിന്‍ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നുവെന്ന് സൂര്യ

Published on

കാര്‍ത്തിയും സൂര്യയും ഒരുമിച്ച് സ്‌ക്രീനിലെത്തിയില്ലെങ്കിലും അഭിനേത്രിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക കാര്‍ത്തിക്കൊപ്പം തമ്പി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാവുകയാണ്. മനസ്സുമായി വളരെ അടുപ്പമുളള സിനിമയാണ് തമ്പിയെന്ന് സൂര്യ പറയുന്നു. പാപനാശത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പിയില്‍ മലയാളി താരം നിഖിലാ വിമലാണ് കാര്‍ത്തിയുടെ നായിക. . തമ്പി ട്രയിലര്‍ ഓഡിയോ ലോഞ്ചില്‍ സൂര്യ സിനിമയെക്കുറിച്ചും കാര്‍ത്തിയെക്കുറിച്ചും പറഞ്ഞത് ഇങ്ങനെ

ഗ്ലിസറിന്‍ ഇല്ലാതെ എനിക്ക് കരയാന്‍ കഴിയില്ല. ' നന്ദ ' എന്ന സിനിമയില്‍ മാത്രമാണ് ഗ്ലിസറിന്‍ ഇല്ലാതെ കരഞ്ഞ് അഭിനയിച്ചത്. പക്ഷേ കാര്‍ത്തി ഗ്ലിസറിന്‍ ഇല്ലാതെ അനായാസമായി അഭിനയിക്കുന്നു. ' കൈദി ' വരെ ഞാന്‍ അത് വീക്ഷിച്ചു കൊണ്ടിരിക്കയാണ് വളരെ ഈസിയായിട്ടാണ് കാര്‍ത്തി അഭിനയിക്കുന്നത്. സത്യരാജ് സാര്‍ , ജ്യോതിക , കാര്‍ത്തി, സൂരജ് (ജ്യോതികയുടെ അനുജന്‍) എല്ലാവരും ഒത്തു ചേര്‍ന്ന സിനിമ. ഒരു ചെറിയ കഥാ ബീജം ഇത്ര വലിയ സിനിമയായി മാറിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. കാര്‍ത്തി ഇതു പോലുള്ള സിനിമകള്‍ വിശ്വസിച്ച് ചെയ്യുന്നതില്‍ അഭിമാനമുണ്ട്. കാര്‍ത്തി - ജ്യോതിക രണ്ടു പേരും നല്ല അഭിനേതാക്കളാണ്. പാപനാശം ' എന്ന സിനിമയെ ബ്രമാണ്ഡ ചിത്രമായ ' ബാഹുബലി ' യെ പോലെ ഇന്ത്യ മുഴുവന്‍ എത്തിച്ച സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹം ഈ സിനിമ ഒരുക്കിയത് സന്തോഷം നല്‍കുന്നു. സിനിമയില്‍ ഗാനങ്ങള്‍ എല്ലാം നന്നായി വന്നിട്ടുണ്ട്. സിനിമയും നന്നായി വന്നിട്ടുണ്ട്.

 തമ്പി ഓഡിയോ ലോഞ്ച് 
തമ്പി ഓഡിയോ ലോഞ്ച് 

സംവിധായകന്‍ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. കാര്‍ത്തിക്കൊപ്പം സത്യരാജും പ്രധാന വേഷത്തിലുണ്ട്. തമ്പി ഫാമിലി എന്റടെയിനറും ത്രില്ലറുമാണ്. അന്‍സന്‍ പോള്‍, ഹരീഷ് പേരടി , ഇളവരസു, രമേഷ് തിലക് എന്നിവരും ചിത്രത്തിലുണ്ട്. ' തമ്പി' യുടെ ട്രെയിലറും ഓഡിയോയും ചെന്നൈയില്‍ വെച്ചു നടന്ന ചടങ്ങില്‍ പുറത്തിറക്കി.

ആദ്യ തമിഴ് സിനിമയായ ' 'പാപനാശ 'ത്തിന് ശേഷം ഒരു നല്ല കഥയ്ക്കു വേണ്ടി കാത്തിരിക്കയായിരുന്നുവെന്ന് ജീത്തു ജോസഫ്. ഈ സന്ദര്‍ഭത്തിലാണ് ജ്യോതികയുടെ സഹോദരന്‍ സൂരജ് ജ്യോതികയ്ക്കും കാര്‍ത്തിയ്ക്കും ചേച്ചിയും അനുജനുമായി അഭിനയിക്കാന്‍ താല്‍പര്യമുണ്ട് എന്ന് എന്നോട് പറഞ്ഞപ്പോള്‍ അ അവസരം നഷ്ടപ്പെടുത്തരുത് എന്ന് കരുതി ഉടന്‍ സിനിമ ചെയ്യാന്‍ സമ്മതിക്കയായിരുന്നു. എല്ലാവരും അവരവരുടെ ബെസ്റ്റ് ' തമ്പി ' ക്കു വേണ്ടി നല്‍കിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന ഫാമിലി എന്റടെയിനറാണ് ' എന്ന് സംവിധായകന്‍ ജിത്തു ജോസഫ്

സിനിമയെക്കുറിച്ച് കാര്‍ത്തി

രണ്ടു വര്‍ഷത്തെ കഠിനാധ്വാനം ഈ സിനിമയ്ക്കു പിന്നിലുണ്ട്. സത്യരാജ് സര്‍ ഇല്ലെങ്കില്‍ ഈ സിനിമ തന്നെ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. എല്ലാവരെയും കൂട്ടിയിണക്കി ഈ സിനിമ ചെയ്യാന്‍ ഇത്രയും സമയം വേണ്ടി വന്നു. നേരത്തേ തന്നെ മോഹന്‍ലാല്‍,കമലഹാസന്‍ എന്നിവരെ വെച്ച് സിനിമ ചെയ്ത സവിധായകന്നണ് ജീത്തു ജോസഫ്. അത് കൊണ്ട് തന്നെ ആദ്യം ഭയമായിരുന്നു എനിക്ക്. ഒരു സംവിധായകന്‍ എന്ന നിലക്ക് അഭിനേതാക്കളില്‍ നിന്നും എന്താണ് വേണ്ടത് എന്നതില്‍ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ചേട്ടത്തിയോടൊപ്പം അഭിനയിച്ചത് പ്രത്യേക അനുഭവമായി. ഒരു കഥാപാത്രത്തിനു അവര്‍ കാണിക്കുന്ന ശ്രദ്ധയും അധ്വാനവും എന്നെ അത്ഭുതപ്പെടുത്തി. സത്യരാജ് സാറിന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണ്. അതു കൊണ്ടാണ് അദ്ദേഹം ഇല്ലെങ്കില്‍ ഞാനില്ല എന്ന് പറഞ്ഞത്. കട്ടപ്പ പോലെ ഒരു കഥാപാത്രം ചെയ്യാന്‍ അദ്ദേഹത്തെ പോലെ ഇത്രയും നല്ല ഒരു നടന്‍ ഇന്ത്യയില്‍ തന്നെ വേറെ ആരും ഇല്ല.

ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ' തമ്പി ' ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 20 ന് പ്രദര്‍ശനത്തിനെത്തും. വയാകോം 18 സ്റ്റുഡിയോസും , പാരലല്‍ മൈന്‍ഡ് പ്രൊഡക്ഷന്‍ സൂരജ് സാദനായുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

logo
The Cue
www.thecue.in