മോഹന്‍ലാലിന്റെ ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോ വഴി ഒടിടി റിലീസായി പ്രഖ്യാപിച്ചതില്‍ ചലച്ചിത്ര സംഘടനകളുടെ തര്‍ക്കം തുടരുന്നു. കേരളത്തില്‍ തിയറ്റര്‍ തുറക്കാനുള്ള തീരുമാനത്തിന് തൊട്ടുമുമ്പ് പ്രധാന ചിത്രം തിയറ്ററുകള്‍ക്ക് പകരം ഒടിടി റിലീസായി നിശ്ചയിച്ചത് സിനിമാ മേഖലക്ക് തിരിച്ചടിയെന്നാണ് തിയറ്ററുടമകളുടെയും ഫിലിം ചേംബറിന്റെയും വിലയിരുത്തല്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റുമായി ആന്റണി പെരുമ്പാവൂരിനെതിരെ ചലച്ചിത്ര സംഘടനകള്‍ മൃദുസമീപനം പുലര്‍ത്തുന്നതിനെ വിമര്‍ശിച്ച് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സാഗാ അപ്പച്ചന്‍ രംഗത്ത്.
ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം ശരിയായില്ലെന്നും സാഗ അപ്പച്ചന്‍. തിയറ്ററുടമകളുടെ സംഘടനയുടെ പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ സ്വന്തം കാര്യം മാത്രമാണ് നോക്കിയത്. മോഹന്‍ലാല്‍ അറിയാതെ ഒരിക്കലും അദ്ദേഹത്തിന് ദൃശ്യം ആമസോണിന് വില്‍ക്കാനാവില്ലെന്നും സാഗ അപ്പച്ചന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രതികരിച്ചു.
സാഗാ അപ്പച്ചന്റെ പ്രതികരണത്തില്‍ നിന്ന്
നിരവധി ആളുകള്‍ സിനിമാ മേഖലയില്‍ ദരിദ്രരായി ഇരിക്കുകയാണ്.പത്ത് മാസമായി ഒരു പൈസ പോലും കിട്ടാത്തവരാണ് തിയേറ്റര്‍ ഉടമകള്‍. ആന്റണി കൊടുത്തെങ്കില്‍ അതില്‍ മോഹന്‍ലാലുമുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായായ ആന്റോ ജോസഫ് അദ്ദേഹത്തിന്റെ 'കിലോമീറ്റര്‍ ആന്റ് കിലോമീറ്റര്‍' ഏഷ്യാനെറ്റിന് കൊടുത്തു. അത് ഞങ്ങളോടെല്ലാം ആലോചിച്ചിട്ടായിരുന്നു. വിജയ് ബാബുവിന് നാല് മണിക്കൂറിനുള്ളിലാണ് സംഘടനകള്‍ നോട്ടീസയച്ചത്. ആന്റണിക്ക് നാല് മണിക്കൂര്‍ വേണ്ട, എട്ട് മണിക്കൂറിലെങ്കിലും നോട്ടീസ് അയക്കണ്ടേ?.