റോഷാക് മൂന്ന് ദിവസം കൊണ്ട് 9.75 കോടി, ബോക്‌സ് ഓഫീസില്‍ വീണ്ടും മമ്മൂട്ടി ട്രെന്‍ഡ്

റോഷാക് മൂന്ന് ദിവസം കൊണ്ട് 9.75 കോടി, ബോക്‌സ് ഓഫീസില്‍ വീണ്ടും മമ്മൂട്ടി ട്രെന്‍ഡ്
Published on

ഭീഷ്മപര്‍വത്തിന് പിന്നാലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി വീണ്ടും മമ്മൂട്ടി. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ത്രില്ലര്‍ റോഷാക് മൂന്ന് ദിവസം കൊണ്ട് നേടിയത് 9 കോടി 75 ലക്ഷം. ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. തിയറ്ററുകള്‍ വീണ്ടും ഹൗസ് ഫുള്‍ ഷോകളിലൂടെ നിറഞ്ഞു തുളുമ്പുകയാണെന്നും ആന്റോ ജോസഫ്. മമ്മൂട്ടിയുടെ ബാനറായ മമ്മൂട്ടി കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രവുമാണ് റോഷാക്. വേ ഫെറര്‍ ഫിലിംസാണ് വിതരണം.

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരുടെ മികച്ച പ്രകടനവും റോഷാക് എന്ന ചിത്രത്തിന്റെ സംവിശേഷതയാണ്. ലൂക്ക് ആന്റണി എന്ന യു.കെ പൗരനായ മലയാളി കേരളത്തിലെ വനാതിര്‍ത്തിയെ ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിമിഷ് രവി ക്യാമറയും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ആന്റോ ജോസഫിന്റെ വാക്കുകള്‍

എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..

Related Stories

No stories found.
logo
The Cue
www.thecue.in