ഭീഷ്മയ്ക്ക് പിന്നാലെ മികച്ച ഓപ്പണിങ് കളക്ഷനുമായി 'പാപ്പന്‍', സുരേഷ് ഗോപിയുടെ തിരിച്ചുവരവ്

ഭീഷ്മയ്ക്ക് പിന്നാലെ മികച്ച ഓപ്പണിങ് കളക്ഷനുമായി 'പാപ്പന്‍', സുരേഷ് ഗോപിയുടെ തിരിച്ചുവരവ്
Published on

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം പാപ്പന്‍ ആദ്യ ദിനം 3.16 കോടിയാണ് നേടിയത്. പാപ്പന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിന് പിന്നാലെ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

ഭീഷ്മപവര്‍വം ആദ്യ ദിനം കേരളത്തില്‍ നിന്ന് 6.30 കോടിയാണ് നേടിയത്. അടുത്തിടെ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കടുവയും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. 3.03 കേടിയായിരുന്നു കടുവയുടെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍.

കൊവിഡാനന്തരം ഭീഷ്മപര്‍വം, ഹൃദയം, ജനഗണമന, കടുവ എന്നിവയാണ് മലയാളത്തില്‍ നിന്ന് മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ നേടിയ ചിത്രങ്ങള്‍. സുരേഷ് ഗോപിയുടെ പാപ്പനും ഈ ലിസ്റ്റില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.

ജൂലൈ 29നാണ് പാപ്പന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. കേരളത്തില്‍ 1157 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നിത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത്ത്, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in