200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം, മഞ്ഞുമ്മൽ ബോയ്സ് അതും താണ്ടി.

200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം, മഞ്ഞുമ്മൽ ബോയ്സ് അതും താണ്ടി.
Published on
Summary

മലയാളത്തിലെ ഏറ്റവും ഉയർന്ന തിയറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ്

മലയാളത്തിലെ ഏറ്റവും ഉയർന്ന തിയറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇനി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്. 2024 ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം തിയറ്ററിലെത്തി 27ാം ദിവസം 200 കോടി പിന്നിട്ടു. ആ​ഗോള ​ഗ്രോസ് കളക്ഷനിലാണ് ചിത്രത്തിന് സർവ കാല റെക്കോർഡിടാനായത്. ഇതിനൊപ്പം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന ​ഗ്രോസ് നേടിയ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി. തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. കൊച്ചി മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ​ഗുണ കേവിലെ ടൂർ പോകുന്ന കൂട്ടുകാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർക്കൊപ്പം ​ഗോകുലം മുവീസ് നിർമ്മിച്ച ചിത്രം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിനായിരുന്നു നിലവിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡ്.

17 ദിവസം കൊണ്ട് മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ ​ഗ്ലോബൽ കളക്ഷനെ മഞ്ഞുമ്മൽ പിന്നിലാക്കിയിരുന്നു. 139.5 കോടിയായിരുന്നു പുലിമുരുകൻ ​ഗ്ലോബൽ കളക്ഷൻ ഇതിനെയാണ് 140 കോടി നേടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. തിയറ്റർ പ്രദർശനം അവസാനിച്ചപ്പോൾ 175.60 കോടിയായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ​ഗ്രോസ് കളക്ഷൻ. 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമാകാനുള്ള 2018ന്റെ സാധ്യത നഷ്ടപ്പെടുത്തിയത് റിലീസിന് മുമ്പ് ഒടിടി റിലീസ് കരാറിൽ ഏർപ്പെട്ടതാണെന്ന് പിന്നീട് ചില വിതരണക്കാർ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിൽ സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്. വ്യാഴാഴ്ച റിലീസായെത്തിയ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം 3 കോടി മുപ്പത് ലക്ഷവും രണ്ടാം ദിനം 3 കോടി 25 ലക്ഷവുമാണ് ​ഗ്രോസ് നേടിയത്. എട്ട് ദിവസം കൊണ്ട് 26 കോടി 35 ലക്ഷം കേരളത്തിൽ നിന്ന് മാത്രം ​ഗ്രോസ് കളക്ഷനായി നേടി.

ഏറ്റവും വേ​ഗത്തിൽ ​ഗ്രോസ് കളക്ഷൻ നൂറ് കോടി പിന്നിട്ട മലയാള ചിത്രമെന്ന റെക്കോർഡിന് പിന്നാലെ 17 ​ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയർന്ന വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രവുമായി 2018 മാറിയിരുന്നു. 137.60 കോടി രൂപയാണ് 17 ദിവസം കൊണ്ട് സിനിമ ​ഗ്രോസ് കളക്ഷനായി നേടിയത്. 22ാം ദിനത്തിൽ 150 കോടിക്ക് മുകളിൽ കളക്ഷൻ പിന്നിട്ടു. 2018 എന്ന സിനിമ പത്ത് ദിവസം കൊണ്ട് 100 കോടി ​ക്ലബിലെത്തിയതായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആദ്യമായി വെളിപ്പെടുത്തിയ ക്യു സ്റ്റുഡിയോ അഭിമുഖത്തിലായിരുന്നു.

4.5 കോടി മുടക്കുമുതലിലാണ് ചിത്രത്തിനായി പെരുമ്പാവൂരിൽ ​ഗുണ ​കേവ് സെറ്റ് ഒരുക്കിയത്. 21 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ആകെ മുതൽ മുടക്ക്. കമൽ ഹാസൻ ചിത്രം ​ഗുണയ്ക്കുള്ള ട്രിബ്യൂട്ടും സിനിമയിൽ കൺമണി അൻപോട് എന്ന ​ഗാനം ഉപയോ​ഗിച്ചതുമെല്ലാം വലിയ തരം​ഗം തീർത്തിരുന്നു. തമിഴ്നാട്ടിലെ റിലീസ് സിനിമകളെ പിന്തള്ളിയാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും റിലീസിന് പിന്നാലെ ട്രെൻഡ് സെറ്ററായിരുന്നത്. ഷൈജു ഖാലിദാണ് ക്യാമറ. സുഷിൻ ശ്യാം മ്യൂസിക്കും അജയൻ ചാലിശേരി പ്രൊഡക്ഷൻ ഡിസൈനും വിവേക് ഹർഷൻ എഡിറ്റിം​ഗും.

Related Stories

No stories found.
logo
The Cue
www.thecue.in