ടൊവിനോ തോമസ് നായകനായ 'കള' എന്ന ചിത്രം ചര്‍ച്ചയാകുമ്പോള്‍ സിനിമ പിറന്ന വഴി വിശദീകരിച്ച് സംവിധായകന്‍ രോഹിത് വി.എസ്. ടൊവിനോ തോമസ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച നിമിഷം സിനിമക്ക് നിര്‍ണായകമായിരുന്നുവെന്ന് രോഹിത്.
ഒരു നായകനും ഈ സിനിമ ഏറ്റെടുക്കില്ലെന്നും ക്ലൈമാക്‌സ് മാറ്റണമെന്നും നിരവധി പേര്‍ പറഞ്ഞിരുന്നുവെന്നും സംവിധായകന്‍. ജൂവിസ് പ്രൊഡക്ഷന്‍സിനൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും കളയുടെ നിര്‍മ്മാണ പങ്കാളികളാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലിസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്ത സിനിമയാണ് കള.
രോഹിത് വി.എസ് എഴുതിയത്
കള'യുടെ കാര്യത്തില്‍ ടൊവി യെസ് പറഞ്ഞ നിമിഷം ആത്മാവില്‍ അഡ്രിനാലിന്‍ റഷ് സംഭവിക്കുകയായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും നിരുല്‍സാഹപ്പെടുത്തിയവരായിരുന്നു അധികവും. ഇവിടെ നിന്നൊരു നായകനും ഒരിക്കലും ഈ സിനിമ ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. ക്ലൈമാക്‌സ് മാറ്റാന്‍ പറഞ്ഞു. അത് മാറ്റിയിട്ടെന്ത് കാര്യമെന്നാണ് ആലോചിച്ചത്. അപ്പോഴാണ് ടൊവിനോയുടെ വരവ്. നായകനെ പ്രതിനായകനായി വച്ചുമാറുന്നതിലാണ് ഫോക്കസെന്നും ആളുകള്‍ നിങ്ങളെ വെറുക്കുമെന്നും പറഞ്ഞു. പൊളിക്കെടാ എന്നായിരുന്നു മറുപടി. കള അയാള്‍ക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണ്. നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കുന്നതില്‍ സ്‌നേഹം പ്രിയ വില്ലന്‍.
രോഹിത്തിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിന് പരിക്കേറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എറണാകുളത്തും പിറവത്തുമായിരുന്നു കളയുടെ ചിത്രീകരണം. പിറവത്തെ സെറ്റില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റാണ് അപകടം സംഭവിച്ചത്.