ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി പിന്നിട്ട് പൃഥ്വിരാജ് ചിത്രം 'ജന ഗണ മന'. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 50 കോടി വിജയം സമ്മാനിച്ചതിന് പ്രേക്ഷകര്‍ക്ക് പൃഥ്വി നന്ദി അറിയിക്കുകയും ചെയ്തു. കൊവിഡിന് ശേഷം തിയേറ്റര്‍ റിലീസ് ചെയ്ത ആദ്യ പൃഥ്വിരാജ് ചിത്രം കൂടിയാണ് 'ജന ഗണ മന'.
'ക്വീനി'ന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജന ഗണ മന'. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഏപ്രില്‍ 28നായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയ്.
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം സംസാരിച്ച ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 'ജന ഗണ മന' തങ്ങളുടെ രാഷ്ട്രീയമല്ലെന്ന് ഡിജോ ജോസും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും ദ ക്യുവിനോട് പറഞ്ഞിരുന്നു.
'ജനഗണമന കണ്ടു കഴിഞ്ഞ് രാമനഗരയിലെ പല ഭാഷ സംസാരിക്കുന്ന മനുഷ്യരെ കുറിച്ച് പലരും ചോദിച്ചിരുന്നു. രാമനഗരയെ ഞങ്ങള്‍ പ്ലെയ്‌സ് ചെയ്തത് ഒരു ബോര്‍ഡറിലുള്ള നാടായിട്ടാണ്. ഒരു ഇന്ത്യന്‍ അപ്പീല്‍ കൊണ്ട് വരാനാണ് അങ്ങനെ ചെയ്തത്. പല ഭാഷ സംസാരിക്കുന്ന ആളുകളെല്ലാം ഇതിന്റെ ഭാഗമായി തന്നെ വന്നതാണ്. സിനിമയില്‍ എന്തായാലും രാഷ്ട്രീയ പാര്‍ട്ടികള്‍ വേണം പക്ഷെ കൊടിയുടെ നിറം മനഃപൂര്‍വം ഫിറ്റ് ചെയ്തതല്ല. നാഷണല്‍ ലെവലില്‍ അറിയുന്ന ഒരു പാര്‍ട്ടിയെയാണ് സിനിമയില്‍ നമ്മുക്ക് വേണ്ടത്. അല്ലാതെ അവരെ നമ്മള്‍ സിനിമയില്‍ ക്രൂശിക്കുന്നില്ല. ഒരു പാര്‍ട്ടിക്ക് എതിരെയുള്ള സിനിമയല്ല ജനഗണമന', എന്നാണ് അവര്‍ പറഞ്ഞത്.