സൗത്ത് ഇന്ത്യന്‍ സിനിമകള്‍ 100 കോടി ക്ലബിലും, 200 കോടി ക്ലബിലും തുടര്‍ച്ചയായി അപ്രതീക്ഷിത വിജയം ആവര്‍ത്തിക്കുമ്പോള്‍ പകച്ചുനിന്ന ബോളിവുഡിന് മടക്കമൊരുക്കി ദൃശ്യം സെക്കന്‍ഡ്. ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദൃശ്യം സെക്കന്‍ഡിന്റെ ബോളിവുഡ് റീമേക്ക് നാല് ദിവസം പിന്നിടുമ്പോള്‍ 100 കോടി ക്ലബിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പില്‍.
മലയാളത്തില്‍ തുടര്‍ച്ചായ തിരിച്ചടികള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ മലയാളം ബോക്‌സ് ഓഫിസിലേക്കുള്ള വന്‍ തിരിച്ചുവരവായിരുന്നു ദൃശ്യം ആദ്യഭാഗം. കൊവിഡ് കാലത്ത് മലയാളം സിനിമക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വീകാര്യത സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ദൃശ്യം രണ്ടാം ഭാഗം ആമസോണിലൂടെ എത്തിയത്. രണ്ട് ഭാഗങ്ങളും മോഹന്‍ലാലിന്റെ താരമൂല്യത്തിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി. മലയാളത്തിന്റെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റുകളിലൊന്നുമാണ് ദൃശ്യം.
3 ദിവസം കൊണ്ട് 60 കോടിക്ക് മുകളിലാണ് കളക്ഷന്‍. ഇന്ത്യന്‍ തിയറ്ററുകളിലെ മാത്രം നേട്ടമാണിത്. മലയാളത്തില്‍ ദൃശ്യം, ദൃശ്യം സെക്കന്‍ഡ് എന്നീ സിനിമകളിലായി മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി ബോളിവുഡിലെത്തുമ്പോള്‍ വിജയ് സാല്‍ഗോക്കറാണ്.
ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്തിയവാഡി, ഭൂല്‍ ഭൂലയ്യ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡില്‍ ചലനം സൃഷ്ടിച്ച ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം സെക്കന്‍ഡ്. നവംബര്‍ പതിനെട്ടിന് റിലീസ് ചെയ്ത ചിത്രം തിങ്കളാഴ്ചയും സറ്റഡി കളക്ഷനാണ് നേടിയത്. 11 കോടി 87 ലക്ഷം. നാല് ദിവസം കൊണ്ട് 75 കോടി. റിലീസ് ദിവസം 15.38 കോടിയും, രണ്ടാം ദിവസം 21.59 കോടിയും ഞായറാഴ്ച 27.17 കോടിയുമായിരുന്നു അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
ദൃശ്യം മലയാളം പതിപ്പിന്റെ സ്രഷ്ടാവ് ജീത്തു ജോസഫിനും ബോളിവുഡില്‍ നിന്ന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ആഗോള തലത്തില്‍ ഫിലിംമേക്കേഴ്‌സിന് പ്രചോദനമാകുന്ന ഫ്രാഞ്ചെസിയാണ് ദൃശ്യം എന്ന് നിരൂപകന്‍ സുമിത് കേദല്‍.
ദൃശ്യം സെക്കന്‍ഡ് തിയറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ 300 കോടി നേടുമെന്നാണ് ബോളിവുഡിലെ വിലയിരുത്തല്‍. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിന്‍ പൊലീസ് കഥാപാത്രമായി ഹിന്ദിയില്‍ അക്ഷയ് ഖന്നയാണ്. ശ്രിയ ശരണ്‍, തബു, ഇഷിദ ദത്ത, എന്നിവരാണ് മറ്റ് റോളുകളില്‍.
നിഷികാന്ത് കമത്ത് ആണ് ദൃശ്യം ആദ്യഭാഗത്തിന്റെ ബോളിവുഡ് റീമേക്ക് സംവിധാനം ചെയ്തിരുന്നത്. രണ്ടാം ഭാഗം അഭിഷേക് പഥക് ആണ് സംവിധാനം. ജീത്തു ജോസഫിനോട് ദൃശ്യം സെക്കന്‍ഡ് ഹിന്ദി റീമേക്ക് സംവിധാനത്തിനായി സമീപിച്ചിരുന്നതായി അഭിഷേക് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മലയാളത്തിന്റെ കാര്‍ബണ്‍ കോപ്പിയാകരുത് ഹിന്ദി റീമേക്ക് എന്ന് ഉറപ്പിച്ചിരുന്നുവെന്നും ഹിന്ദി തിരക്കഥക്ക് പത്ത് മാസത്തോളം എടുത്തിരുന്നതായും അഭിഷേക് പഥക്. അഭിഷേകിന്റെ പിതാവ് കൂടിയായ കുമാര്‍ മംഗത് പഥക് ആണ് ഹിന്ദി റീമേക്കിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. മലയാളം പതിപ്പൊരുക്കിയ ആന്റണി പെരുമ്പാവൂരും സഹനിര്‍മ്മാതാവാണ്.