16 വര്‍ഷം മുമ്പൊരുക്കിയ ഹംഗാമ രണ്ടാം ഭാഗം, പ്രിയന്റെ ബോളിവുഡ് ചിത്രം ജനുവരിയില്‍
ആറ് വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡില്‍ എത്തുന്ന ഹംഗാമ ടു 2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. 2003ല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹംഗാമയുടെ രണ്ടാംഭാഗമാണ് ഹംഗാമ ടു. ആദ്യപതിപ്പില്‍ നിന്ന് രണ്ടാം ഭാഗത്തെത്തുമ്പോള്‍ പരേഷ് രാവല്‍ ചിത്രത്തിലുണ്ട്. ശില്‍പ്പാ ഷെട്ടി, പ്രണിതാ സുഭാഷ്, മീസന്‍, പരേഷ് റാവല്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്. ജനുവരി അഞ്ചിനാണ് ഷൂട്ടിംഗ് തുടങ്ങുക. ഊട്ടി, കുളു മണാലി, ബോംബെ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണമെന്ന് പ്രിയദര്‍ശന്‍ അറിയിച്ചു. 2020 ഓഗസ്റ്റ് 14ആണ് റിലീസ്.
ആറ് കോടി ബജറ്റില്‍ ഒരുക്കിയ ഹംഗാമ ആദ്യഭാഗം ഇരുപത് കോടിക്ക് മുകളില്‍ നേട്ടമുണ്ടാക്കിയിരുന്നു. അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. മലയാളത്തില്‍ പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക് ആയിരുന്നു ഹംഗാമ. ആദ്യ ഭാഗം ഒരുക്കിയ വീനസ് സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. കണ്‍ഫ്യൂഷന്‍ അണ്‍ലിമിറ്റഡ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
മോഹന്‍ലാലിനെ നായകനാക്കി 100 കോടി ബജറ്റില്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വമ്പന്‍ റിലീസിന് തയ്യാറെടുക്കുമ്പോഴാണ് പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലെത്തുന്നത്. 2003ലെ ഹംഗാമയുടെ കഥാതുടര്‍ച്ചയല്ല ഹംഗാമ സെക്കന്‍ഡ്. പുതിയ കഥയായിരിക്കും. അക്ഷയ് ഖന്നയും റിമി സെനും ആയിരുന്നു ഹംഗാമ ആദ്യപതിപ്പിലെ നായികാനായകന്‍മാര്‍. മലയാളത്തില്‍ നിന്ന് ജഗദീഷും ചിത്രത്തിലുണ്ടായിരുന്നു. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമയെന്ന് സംവിധായകന്‍ പറയുന്നു.
ഹംഗാമ വന്നിട്ട് പതിനാറ് വര്‍ഷമായെന്ന് അറിയാം, പക്ഷേ ആ സിനിമ ഇപ്പോഴും ആളുകള്‍ മറന്നിട്ടില്ല. വീനസ് നിര്‍മ്മാണ കമ്പനിയുമായി അതേ സൗഹൃദം ഇപ്പോഴുമുണ്ട്. ഗരം മസാലയും ഹല്‍ചലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അവര്‍ക്കൊപ്പം ചെയ്യാനായി. തേസ് ഒഴികെ വീനസിനൊപ്പം ചെയ്ത എല്ലാ സിനിമകളും എനിക്കിഷ്ടമാണ്.
പ്രിയദര്‍ശന്‍
2020ല്‍ അക്ഷയ്കുമാറിനെ നായകനാക്കി ബോളിവുഡ് ചിത്രവും പ്രിയന്‍ ഒരുക്കുന്നുണ്ട്. ബോളിവുഡില്‍ ലോ ബജറ്റ് സിനിമകളൊരുക്കി തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. ഖിലാഡി പരിവേഷവുമായി ആക്ഷന്‍ ഹീറോയായി നിന്നിരുന്ന അക്ഷയ് കുമാറിന് റോം കോം, ക്ലീന്‍ എന്റര്‍ടെയിനര്‍ സിനിമകളിലൂടെ സൂപ്പര്‍താര പദവിയിലെത്തിച്ചതും പ്രിയദര്‍ശനാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം