ആഗോള ബോക്‌സ് ഓഫീസില്‍ തിളങ്ങി 'അജഗജാന്തരം'; ആദ്യ വാരം നേടിയത് 20 കോടി

ആഗോള ബോക്‌സ് ഓഫീസില്‍ തിളങ്ങി 'അജഗജാന്തരം'; ആദ്യ വാരം നേടിയത് 20 കോടി
Published on

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായ അജഗജാന്തരത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യവാരത്തിലെ ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യവാരം കൊണ്ട് 20 കോടി രൂപയാണ് ചിത്രം നേടിയടെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഗള്‍ഫില്‍ സിനിമ റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരു നാട്ടിന്‍പുറത്തെ ഉത്സവ പറമ്പില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആ ഉത്സവത്തിന് ആനയുമായി രണ്ട് പാപ്പാന്‍മാര്‍ വരുന്നു. അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം. ചിത്രത്തില്‍ ആനയും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്.

ഉത്സവത്തെ കേന്ദ്രീകരിച്ചുള്ള ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ആനയെ വരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുമ നിറഞ്ഞ രീതിയിലാണ് അജഗജാന്തരത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ നായകന്‍മാരും സംവിധായകനും സിനിമയില്‍ അഭിനയിച്ച നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയുടെ പുറത്ത് കയറിയാണ് സിനിമ കാണാന്‍ തിയേറ്ററിലെത്തിയത്.

കൊവിഡ് വ്യാപനത്താല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാളികള്‍ക്ക് നഷ്ടപ്പെട്ട പൂരപ്പറമ്പും ഉത്സവവുമാണ് അജഗജാന്തരം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in