Soorarai Pottru Movie Review: വാനോളം ഉയരത്തിൽ സ്വപ്‌നങ്ങൾ
'ഇരുധി സുട്ര്' എന്ന ചിത്രത്തിന് ശേഷം സുധാ കോങ്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'സൂരറൈ പോട്ര്'. തമിഴ് നവനിരയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സംവിധായികയായി സുധാ മാറി കഴിഞ്ഞു. മുഖ്യധാരാ സിനിമകളുടെ 'മുൻ മാതൃകകൾക്ക്' ഉള്ളിൽ തന്നെ നിൽക്കുമ്പോഴും, 'സൂരറൈ പോട്ര്' മികച്ച സിനിമാ അനുഭവം സമ്മാനിക്കുന്നുണ്ട് Soorarai Pottru Review
ഇന്ത്യയിൽ മുപ്പത് ലക്ഷത്തിലേറെ മനുഷ്യർക്ക് ഒരു രൂപക്ക് വിമാനയാത്ര നടത്താൻ സാധിച്ചത് ഒരു വ്യക്തിയുടെയും അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിന്ന കുറച്ച് ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമായപ്പോഴാണ്. മധ്യ-വർഗ്ഗ കുടുംബ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന ഒരു സാധാരണക്കാരൻ, തന്റെ മുന്നിൽ ഉയർന്നു വന്ന എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, പ്രതിസന്ധികളിൽ തളരാതെ, നിശ്ചയദാർഢ്യത്തോടെ മുന്നേറിയപ്പോൾ ലക്ഷകണക്കിന് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ 'വിമാനയാത്ര' എന്ന ആഗ്രഹം സഫലമായി. സുധാ കോങ്കര സംവിധാനം ചെയ്‌ത് ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത 'സൂരറൈ പോട്ര്' ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെയും, അതിന് പിന്നിലെ വർഷങ്ങൾ നീണ്ട കഠിന പ്രയത്‌നത്തിന്റെയും കഥയാണ് ആവിഷ്‌കരിക്കുന്നത്. എയർ ഡെക്കാന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ് -ന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് ശാലിനി ഉഷ നായരും സംവിധായിക സുധയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം സൂര്യയും (ടു ഡി എന്റർടൈൻമെന്റ്) ഗുനീത് മോങ്‌ഗയും (സീഖ്യ എന്റർടൈൻമെന്റ്) ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
സിനിമയുടെ മികവുകളിൽ ഒന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗാന്തരത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ്. തന്റെ എല്ലാ സ്വപ്‌നങ്ങളെയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയ പരേഷ് ഗോസ്വാമിയുടെ ഓഫീസിലേക്ക് നിസ്സഹായതയിൽ നിന്നുണ്ടായ കടുത്ത അമർഷവും ദേഷ്യവുമായി കടന്ന് ചെല്ലുന്ന മാരനെ സുരക്ഷാജീവനക്കാർ പുറത്താക്കുമ്പോൾ ഗ്ലാസ്സിനിടയിലൂടെ മുകളിലും താഴെയുമായി ഇരുവരും കണ്ട് മുട്ടുന്ന ഒരു രംഗം സിനിമയിലുണ്ട്. താഴേത്തട്ടിൽ നിന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന, ഒപ്പമുള്ളവരെ പിടിച്ചുകയറ്റാൻ ശ്രമിക്കുന്ന മനുഷ്യരെ, സമ്പന്ന-അധീശ വർഗ്ഗം എങ്ങനെയാണ് ചവിട്ടിത്താഴ്ത്തുന്നത് എന്ന് പ്രതിഫലിപ്പിക്കുന്ന രംഗം. ഓരോ തവണയും അപ്രതീക്ഷിതമായി പരാജയങ്ങൾ ഉണ്ടാകുമ്പോഴും മാരൻ തളർന്ന് പോകുന്നുണ്ട്. അപ്പോഴൊക്കെ അയാളുടെ ഒപ്പമുള്ളവർ നല്കുന്ന പിന്തുണയും, ഒരു ജനതയുടെ പ്രതീക്ഷയും, തന്റെ മുൻകാല അനുഭവങ്ങളുമാണ് മാരനെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. മാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഭാവാര്‍ത്ഥ തലത്തിൽ വലിയൊരു വിഭാഗം സമൂഹത്തെ ഒന്നാകെ പ്രതിനിധാനം ചെയ്യുന്നുണ്ട്. പ്രമാണിവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന ഒരാളോട് മാരൻ പറയുന്ന വാക്കുകൾ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തിൽ പ്രസക്തമാണ് - "നിങ്ങൾ ഒരു സോഷ്യലൈറ്റാണ്, ഞാൻ ഒരു സോഷ്യലിസ്റ്റാണ്". പ്രത്യേശാസ്‌ത്രപരമായ വിശകലനങ്ങൾക്ക് ഒന്നും പോകാതെ തന്നെ ആ വാക്കുകളിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത് എന്ന് സിനിമ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. "നമ്മളെ എങ്ങനെ വേണമെങ്കിലും വിലയ്‌ക്കെടുക്കാൻ" ശ്രമിക്കും എന്ന് ഒരു രംഗത്തിൽ മാരൻ പറയുന്നുണ്ട്. സിനിമയിൽ നിരവധി സന്ദർഭങ്ങളിൽ മാരൻ പറയുന്ന 'കോ-ഓപ്ഷൻ' സംഭവിക്കുന്നുണ്ട്. എത്ര വലിയ സമരങ്ങളെയും, പ്രതിഷേധങ്ങളെയും, വെല്ലുവിളികളെയും നൂറ്റാണ്ടുകളായി ഈ വ്യവസ്ഥിതിയുടെ മുകൾത്തട്ടിലുള്ളവർ അങ്ങനെയാണ് നേരിടുന്നത്. അതിനായി മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നും, പൊതു സമൂഹത്തിന്റെ പിന്തുണ എങ്ങനെ ഒരു നിമിഷം കൊണ്ട് തന്നെ വിരുദ്ധ ദിശയിലേക്ക് തിരിച്ചുവിടാൻ സാധിക്കുന്നു എന്നും സിനിമ കാണിച്ചു തരുന്നുണ്ട്. ഇതൊന്നും നമ്മുക്ക് അറിയാത്ത കാര്യങ്ങളല്ല. പക്ഷേ ആവർത്തിച്ച് ഓർമ്മപ്പെടുത്തേണ്ട സ്ഥിതിയിലേക്ക് ലോകം പരിണമിച്ചിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
പല കാലത്തായി നിരവധി 'ബയോപിക്' സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. സാധാരണ നിലയിൽ നിന്ന് അസാധാരണ തലത്തിലേക്ക് വളരുകയും വിജയിക്കുകയും ചെയ്‌ത മനുഷ്യരുടെ കഥകൾ. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങളിൽ പതറി വീഴാതെ ആത്മാർത്ഥമായ പരിശ്രമത്തിലൂടെ വിജയം നേടുകയും, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്‌ത് സമൂഹത്തിന് തന്നെ മാതൃകയാവുകയും ചെയ്യുന്ന എത്രയോ പേരുടെ കഥകൾ സിനിമകളായി വന്നിട്ടുണ്ട്. ഇത്തരത്തിൽ പുറത്തിറങ്ങുന്ന സിനിമകൾ പലപ്പോഴും വലിയ ജനസ്വീകാര്യത നേടുകയും ഒരുപാട് ആളുകൾക്ക് പ്രചോദനമായി മാറുകയും ചെയ്യാറുണ്ട്. അതിന്റെ പ്രധാന കാരണം, കഷ്ടപാടുകളിൽ നിന്ന് മുകളിലേക്ക് വരണം എന്നാഗ്രഹിക്കുന്ന മനുഷ്യരെ സംബന്ധിച്ച് ഇത്തരം സിനിമകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത് എന്നത് തന്നെയാണ്. 'സൂരറൈ പോട്ര്' എന്ന സിനിമയുടെ ഒടുക്കം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് സിനിമ കാണുന്നതിന് മുൻപ് തന്നെ എല്ലാ പ്രേക്ഷകർക്കും അറിയാം എങ്കിലും, എങ്ങനെയാണ് തീർത്തും അസംഭവ്യം എന്ന് അതുവരെ ചുറ്റുമുള്ളവർ ഒന്നാകെ കരുതിയിരുന്ന ഒരു കാര്യം നമ്മളിൽ ഒരാൾ സാധിച്ചെടുത്തത് എന്നറിയാനുള്ള ആകാംഷയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ആകർഷിക്കുന്നത്. ആദിമധ്യാന്തം കാഴ്ച്ചക്കാരെ പിടിച്ചിരുത്താൻ സിനിമക്ക് കഴിയുന്നുമുണ്ട്. തമിഴ് മുഖ്യധാരാ വാണിജ്യ സിനിമകളിലെ പ്രധാന ചേരുവകൾ എല്ലാം കൃത്യമായി ഉപയോഗിച്ച് കൊണ്ട് വലിയൊരു വിഭാഗം പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. മാരന്റെ സംഘർഷങ്ങളും നിസ്സഹായാവസ്ഥയും വൈകാരികമായി തന്നെ സ്‌പർശിക്കുന്നുണ്ട് എങ്കിലും, സിനിമയുടെ വേഗത്തിലുള്ള കഥാ പുരോഗതി 'നെടുമാരൻ' എന്ന കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളെ പൂർണമായി ഉൾകൊള്ളുന്നതിന് തടസ്സമാകുന്നുണ്ട്. ഉദ്വേഗജനകമായ സംഭവ വികാസങ്ങൾ ഒന്നിന് പിറകെ ഒന്നായി സുധാ കോങ്കര അവതരിപ്പിക്കുമ്പോൾ, സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ ഒരു 'റോളേർകോസ്റ്റർ റൈഡിൽ' അകപെടുകയാണ്.
മാരൻ എന്താണ് സമൂഹത്തിനായി ചെയ്യാൻ പോകുന്നതെന്നും, അത് എങ്ങനെയാണ് ഒരുപാട് ആളുകളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോകുന്നതെന്നും നമ്മുക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ മാരനെയാണ് സിനിമ കാണുമ്പോൾ കൂടുതലായി അടുത്തറിയാൻ ആഗ്രഹിച്ചത്. സൂര്യ എന്ന നടന്റെ മികച്ച പ്രകടനത്തിന് കയ്യടിക്കുമ്പോഴും, മാരൻ എന്ന കഥാപാത്രത്തിന്റെ 'ഡെപ്ത്ത്' അതിവേഗമുള്ള കഥാഖ്യാനത്തിൽ നഷ്ടപ്പെടുന്നു.
സൂര്യയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായി നെടുമാരനെ അടയാളപ്പെടുത്താം. മാരന്റെ നിസ്സഹായാവസ്ഥകളെയും നിശ്ചദാർഢ്യത്തെയും സൂര്യ ഉൾക്കൊള്ളുന്നതും, പ്രകടിപ്പിക്കുന്നതും സന്തുലിതമായ അഭിനയ മികവോടെയാണ്.
ഇരുധി സുട്ര്' എന്ന ചിത്രത്തിന് ശേഷം സുധാ കോങ്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'സൂരറൈ പോട്ര്'. തമിഴ് നവനിരയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സംവിധായികയായി സുധ മാറി കഴിഞ്ഞു. മുഖ്യധാരാ സിനിമകളുടെ 'മുൻ മാതൃകകൾക്ക്' ഉള്ളിൽ തന്നെ നിൽക്കുമ്പോഴും, 'സൂരറൈ പോട്ര്' വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളെ കുറിച്ച് പരാമർശിക്കേണ്ടതുണ്ട്. നായകന്റെ ഒപ്പം രണ്ട് പാട്ടിന് നൃത്തം ചെയ്യാൻ മാത്രം വരുന്ന നായികയെയോ, നൂറു പേരെ അടിച്ചിടുകയും ഒന്നരപ്പുറം പേജ് വരുന്ന ഒറ്റയാൾ നന്മ പ്രസംഗം വാരികൊട്ടുകയും ചെയ്യുന്ന നായകനെയോ ഈ സിനിമയിൽ കാണാൻ കഴിയില്ല. ഒരു സ്‌ത്രീ സംവിധായികയും, രണ്ട് സ്‌ത്രീ എഴുത്തുകാരും ചേർന്ന് കഥപറയുമ്പോൾ കഥാഖ്യാനത്തിനും കഥാപാത്രാവിഷ്ക്കാരത്തിനും കൈവരുന്ന ജൈവികമായ മാറ്റം തമിഴ് മുഖ്യധാരാ സിനിമകളിൽ തുടർന്നും പ്രതിഫലിക്കേണ്ടതുണ്ട്. 'സൂരറൈ പോട്ര്' എന്ന സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം തന്നെ കൃത്യമായ 'സ്‌പേസ്' എഴുത്തുകാരായ ശാലിനിയും സുധയും നൽകുന്നുണ്ട്. നായകൻ-നായകന്റെ നായിക എന്ന സ്റ്റീരിയോടൈപ്പ് മാറി രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമായി ഇരുവരുടെയും കഥ പറഞ്ഞത് സ്വാഗതാർഹമായ തീരുമാനം തന്നെയാണ്. മാരന്റെ കഥ പറയുന്ന സിനിമയിൽ, ബൊമ്മിയെ സ്ഥിരം 'നായിക കഥാപാത്രമായി' സംവിധായിക മാറ്റിനിർത്തുന്നില്ല. 'മാസ്കുലീൻ ഹീറോ' -യെ ആഘോഷിക്കുന്ന സിനിമകൾ നിരന്തരം പുറത്തിറങ്ങുകയും വലിയ സാമ്പത്തിക വിജയങ്ങൾ നേടുകയും ചെയ്യുന്ന ഒരു സിനിമാ ഇൻഡസ്‌ട്രിയിൽ, അതേ ശൈലി പിന്തുടരാനുള്ള എല്ലാ സാധ്യതകളും ഉള്ള സ്ക്രിപ്റ്റ് ആയിരുന്നിട്ട് കൂടിയും, മാറിനടക്കാൻ തീരുമാനിച്ചതിന് സംവിധായികയും എഴുത്തുകാരും കയ്യടി അർഹിക്കുന്നുണ്ട്. നെടുമാരന്റെ സംഘർഷങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത് സ്ഥിരം രീതികൾ പിന്തുടർന്ന് കൊണ്ടല്ല. 'പറഞ്ഞു അറിയിക്കുന്നതിന്' പകരം അഭിനേതാവിന്റെ സൂക്ഷ്മാഭിനയത്തെ ആശ്രയിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ചില രംഗങ്ങളിലെ അതിവൈകാരികതയും, ദൃശ്യാഖ്യാനത്തിലെ ചില 'സിനിമാറ്റിക്ക്' നാടകീയതകളും ഇതേ ജോണറിൽ മുൻപ് പുറത്തിറങ്ങിയ സിനിമകളിലെ ക്ലിഷേകൾ ആവർത്തിക്കുന്നുണ്ട്. മുൻപ് പരാമർശിച്ച പോലെ മാരന്റെ ആന്തരിക സംഘർഷങ്ങളുടെ തലങ്ങളിലേക്കും അയാളുടെ വൈകാരികമായ ഏറ്റക്കുറച്ചിലുകളെ അനുഭവപ്പെടുത്തുന്നതിലും ഒരു പരിധി വരെ മാത്രമേ സിനിമ വിജയിക്കുന്നുള്ളു
സിനിമയിൽ അത്ഭുതപ്പെടുത്തിയത് സൂര്യയുടെ 'അണ്ടർസ്റ്റേറ്റഡ് ആക്റ്റിങ്' ആണ് എന്ന് നിസംശയം പറയാം. മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി തന്റെ കഥാപാത്രത്തെ സൂക്ഷ്മമായ ഭാവമാറ്റങ്ങളിലൂടെയാണ് സൂര്യ അവതരിപ്പിക്കുന്നത്. സൂര്യയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായി നെടുമാരനെ അടയാളപ്പെടുത്താം. മാരന്റെ നിസ്സഹായാവസ്ഥകളെയും നിശ്ചദാർഢ്യത്തെയും സൂര്യ ഉൾക്കൊള്ളുന്നതും, പ്രകടിപ്പിക്കുന്നതും സന്തുലിതമായ അഭിനയ മികവോടെയാണ്. കുറച്ച് പണം ആവശ്യമായി വരുമ്പോൾ ബൊമ്മിയോട് ചോദിക്കുന്ന രംഗം, വിമാന ടിക്കറ്റിന് കയ്യിലുള്ള പണം തികയാതെ വരുമ്പോൾ ക്യുവിൽ നിൽക്കുന്ന മറ്റുള്ളവരോട് കെഞ്ചിയപേക്ഷിക്കുന്ന രംഗം എന്നിങ്ങനെ നിരവധി മികച്ച അഭിനയമുഹൂർത്തങ്ങൾ സൂര്യയുടേതായി സിനിമയിലുണ്ട്. സാധാരണക്കാരനായ ഒരാളുടെ സാമ്പത്തിക അരക്ഷിതാവസ്ഥകളെ, അതിന്റെ സ്വാഭാവികമായ പല തലങ്ങളെ, കയ്യടക്കത്തോടെ സൂര്യ എന്ന നടൻ കൈകാര്യം ചെയ്യുന്നുണ്ട്. 'ഹീറോ സ്റ്റീരിയോടൈപ്പുകളെ' ഒരു പരിധി വരെ പൊളിച്ചെഴുതാൻ ശ്രമിക്കുന്ന ഒരു സിനിമയിലെ പ്രധാന കഥാപാത്രമാകാൻ സൂര്യ തയ്യാറായതും പ്രശംസനീയമാണ്. അഭിനയത്തിൽ ഇനി ഒന്നും തന്നെ തെളിയിക്കാനില്ല എങ്കിലും, 'പേച്ചി' എന്ന കഥാപാത്രമായി ഒരു അവിസ്‌മരണീയ പ്രകടനം കൂടി ഉർവശി എന്ന അഭിനേതാവിൽ നിന്ന് കാണാൻ കഴിഞ്ഞു. മധുരൈ ഡയലക്റ്റ് സംസാരിക്കുന്ന 'ബൊമ്മി' -യായി അപർണ ബാലമുരളി ഗംഭീര പ്രകടനമാണ് നടത്തിയത്. സ്‌ക്രീനിൽ വരുന്ന രംഗങ്ങളിൽ എല്ലാം തന്നെ ഓർമ്മയിൽ നിൽക്കുന്ന കഥാപാത്രമായി മാറാനും അപർണക്ക് സാധിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെ തന്റെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും, അതിനായി താൻ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുന്ന ബൊമ്മിയെന്ന കഥാപാത്രം സിനിമ കണ്ട് കഴിയുമ്പോഴും ഉള്ളിൽ തന്നെ തങ്ങി നിൽക്കുന്നു. സമീപ കാലത്തെ തമിഴ് സിനിമയിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി 'ബൊമ്മി' -യുടെ പേരും എഴുതി ചേർക്കാം. 'ഡിഗ്നിറ്റി' -യോടെ അവതരിപ്പിക്കപ്പെടുന്ന സ്‌ത്രീ കഥാപാത്രങ്ങൾ മാറുന്ന സിനിമയുടെ സൂചനകളായി കാണാം.ഒരിക്കൽ കൂടി ഹൃദയമായ ഗാനങ്ങളുമായി ജി.വി പ്രകാശ് കുമാർ മനം കവരുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈനറായ ജാക്കി കഥാപശ്ചാത്തലത്തെ മികവുറ്റതാക്കുന്നുണ്ട്.
ഒരു ഗ്രാമത്തിൽ കുട്ടിക്കാലത്ത് കാളവണ്ടിയിൽ ഇരുന്ന് യാത്ര ചെയ്‌തിട്ടുള്ള ഒരാൾക്ക് സ്വന്തമായി എയർലൈൻസ് കമ്പനി തുടങ്ങണം എന്ന് സ്വപ്‌നം കാണാൻ ഒരുപാട് കാരണങ്ങളുണ്ടാകാം. എല്ലാ സ്വപ്‌നങ്ങളും യാഥാർഥ്യമാകില്ല, അതേപോലെ എല്ലാ ആഗ്രഹങ്ങളും നടക്കാതെയും ഇരിക്കില്ല. സ്വപ്‌നങ്ങൾ കാണാൻ പോലും ഭയപ്പെടുന്ന മനുഷ്യർ ഈ ലോകത്ത് ഒട്ടനവധിയാണ്, ആ അവകാശം നിഷേധിക്കപെട്ടവരും ഒരുപാടുണ്ട്. പ്രധാനമായും സൂരറൈ പോട്ര് എന്ന സിനിമ പറയാൻ ശ്രമിക്കുന്നത് ഇത്ര മാത്രമാണ്; നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങളുടേത് മാത്രമാകാതെ, അതിലേക്ക് ഒരുപാട് മനുഷ്യരുടെ ചിരിക്കുന്ന മുഖങ്ങളും ഉൾപെടുത്താൻ ശ്രമിക്കുക.
suriya's Soorarai Pottru movie review tamil amazon prime video