കൊവിഡ് കാലത്ത് ചിത്രീകരിച്ച ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം ഒടിടി റിലീസിന്. സെപ്തംബര്‍ ഒന്നിന് സീ യു സൂണ്‍ ആമസോണ്‍ പ്രൈമില്‍ വീഡിയോ വഴി റിലീസ് ചെയ്യും. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഒരു മുഴുനീള ഫീച്ചർ ഫിലിം ആയിരിക്കില്ല 'സീ യു സൂണ്‍'. ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഐഫോണിൽ ചിത്രീകരിക്കുന്ന ഒരു ചെറിയ ചിത്രമാണ്. സിനിമയിൽ പുതിയൊരു ഫോർമാറ്റ് കൊണ്ടുവരാൻ കഴിയുമോ എന്ന പരീക്ഷണം മാത്രമാണ്.'
മഹേഷ് നാരായണൻ
27 കോടി മുതല്‍ മുടക്കിൽ ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്ക്' ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്ന 'സീ യു സൂണ്‍' വരുന്നത്.
കൊവിഡ് ലോക്ക് ഡൗണില്‍ പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്ന തീരുമാനം ഉണ്ടായിരുന്നുവെങ്കിലും മഹേഷ് നാരായണന്‍ ഫഹദ് ചിത്രത്തിന് ഫെഫ്ക ഉള്‍പ്പെടെ പിന്തുണ നല്‍കിയിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിന് പിന്നാലെ ആമസോണ്‍ പ്രഖ്യാപിച്ച ഒടിടി റിലീസ് കൂടിയാണ് സീ യു സൂണ്‍. ചുരുങ്ങിയ ടീമിനൊപ്പം ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്.
അറുപതോളം സിനിമകള്‍ ലോക്ക് ഡൗണ്‍ കാരണം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം തുടങ്ങുന്നത് അംഗീകരിക്കാനില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കളുടെ സംഘടന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കാര്യത്തില്‍ തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്.
ബോളിവുഡിലും തമിഴിലും ഉള്‍പ്പെടെ ഇന്‍ഡോര്‍ ചിത്രീകരണത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ചെറു സിനിമകളും ആന്തോളജികളും വെബ് ഒറിജിനലുകളും സംവിധായകരും നിര്‍മ്മാതാക്കളും ആലോചിക്കുന്നുണ്ട്. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് മുന്നോടിയായി ഗൗതം വാസുദേവ മേനോന്‍ ചിമ്പുവിനെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് ഡയല്‍ സെയ്ത നേരം എന്ന ചെറുചിത്രം ഒരുക്കിയിരുന്നു.