ആര്യയെ നായകനാക്കി പാ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സാര്‍പട്ടാ ജൂലൈ 22ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിംഗ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ. സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമായേക്കാനും സാദ്ധ്യതയുണ്ടെന്ന് സിനിമാ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ചര്‍ച്ച വന്നിരുന്നു. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് സാര്‍പട്ടാ പരമ്പരൈ.
വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്. ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.
വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴിനൊപ്പം തെലുങ്ക് ഹിന്ദി പതിപ്പുകളിലും സാര്‍പട്ടാ പരമ്പരൈ റിലീസിനെത്തും.