ശെലജയെ വേണമെന്ന് പറഞ്ഞത് അപരാധമല്ല, അതങ്ങനെ ആക്കിതീര്‍ക്കുന്നത് പുരുഷ നിര്‍മ്മിതികളാണ്
പുതുമുഖങ്ങളെ അണിനിരത്തിയ മന്ത്രിസഭ, തലമുറ മാറ്റം ഉറപ്പാക്കാനുള്ള രാഷ്ട്രീയ തന്ത്രം, പാര്‍ട്ടിയുടെ ഭാവി ഭദ്രമാക്കാനുള്ള തീരുമാനം, ബംഗാള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍. അംഗീകരിക്കാം ഈ തീരുമാനങ്ങളെ, പക്ഷേ കെ.കെ ശൈലജയെന്ന ആരോഗ്യമന്ത്രിക്ക് രണ്ടാമൂഴം നല്‍കാതിരുന്ന ഇടതുപക്ഷം കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നെങ്കിലും ഉണ്ടായേക്കാമെന്ന പ്രതീക്ഷകളെ കൂടിയാണ് തല്ലി തകര്‍ത്ത്.
പിണറായി വിജയന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ജനം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച ഒരു വനിതാ നേതാവിനെയാണ് തച്ചുടച്ചത്. അവസര സമത്വം എന്ന ഒറ്റവാക്കിലൊതുക്കാന്‍ കഴിയുന്നതല്ല ആ തീരുമാനത്തിലെ അനീതി.
ജനസംഖ്യയുടെ പകുതിയിലധികം ഉണ്ടായിട്ടും അവസരസമത്വമില്ലാതെ, ദശാബ്ദങ്ങളായി അര്‍ഹിക്കുന്ന രാഷ്ട്രീയ പ്രാതിനിധ്യം പോലും ലഭിക്കാത്ത സ്ത്രീകളെ കൂടിയാണ് ഈ തീരുമാനത്തിലൂടെ ഇടതുപക്ഷം വെല്ലുവിളിച്ചത്.
ഈ വരയ്ക്കപ്പുറം കടക്കെണ്ടെന്നാണ് ടീച്ചര്‍ക്ക് വേണ്ടി കയ്യുയര്‍ത്താതിരുന്ന സിപിഐഎമ്മിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ കല്‍പിച്ചത്. പാര്‍ട്ടി കെട്ടിപ്പടുത്ത നയങ്ങള്‍ക്കിപ്പുറം ശൈലജ ടീച്ചര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നെങ്കില്‍ അത് പുതുമുഖങ്ങള്‍ക്ക് അവസരം നിഷേധിക്കലാകുമായിരുന്നില്ല. കാരണം ദശാബ്ദങ്ങളായി സമത്വം എന്ന അടിസ്ഥാന തത്വം സ്വന്തം വീട്ടില്‍ പോലും നിഷേധിക്കപ്പെട്ടവരാണ് സ്ത്രീകള്‍.
ഇവിടെ കെ.കെ ശൈലജയെ പോലെ കരുത്തുറ്റ കഴിവുറ്റ സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന വനിതാ നേതാക്കള്‍ ഉണ്ടാകുന്നത് അനിവാര്യതയാണ്. ജാതി മത സമവാക്യങ്ങള്‍ തിരിച്ച് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന രാഷ്ട്രീയക്കാരൊന്നും ജനസംഖ്യയുടെ പകുതിയില്‍ അധികം വരുന്ന സ്ത്രീകളെ വോട്ട് ബാങ്കായി പോലും കരുതിയിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ എത്ര തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്നുകേട്ടിട്ടുണ്ട്.
കെകെ ശൈലജയെ ഒഴിവാക്കിയെങ്കിലെന്താ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതാമന്ത്രിമാരുള്ള മന്ത്രിസഭയാണ് കേരളത്തിന് വരാന്‍ പോകുന്നത് എന്നോര്‍ത്ത് ആത്മാഭിമാനവും വേണ്ട. ആ മൂന്നക്കത്തിലും നിഴലിക്കുന്നത് ചരിത്രപരമായ അനീതി തന്നെയാണ്. അത് എത്ര ന്യായീകരിച്ചിട്ടും കാര്യമില്ല.
ഭരണതുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ച ജനം മന്ത്രിസഭയില്‍ കെകെ ശൈലജയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. സര്‍ക്കാരിന് ലഭിച്ച ഭൂരിപക്ഷത്തില്‍ കെകെ ശൈലജയ്ക്കും പങ്കുണ്ടായിരുന്നു.
പിണറായി പൊളിറ്റ് ബ്യൂറോ അംഗം ആയതുകൊണ്ട് മന്ത്രിമാര്‍ക്ക് രണ്ടാമൂഴം വേണ്ടെന്ന തീരുമാനത്തില്‍ നിന്നും അദ്ദേഹത്തിന് ഇളവു നല്‍കാമെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാമെങ്കില്‍ ആ ഇളവ് ശൈലജയ്ക്കും ആകാമായിരുന്നു.
അതിന് അവര്‍ പൊളിറ്റ് ബ്യൂറോ അംഗം ആകണമെന്നൊന്നും ഇല്ല, അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ മതിയായിരുന്നു. ആരോഗ്യമന്ത്രി എന്ന നിലയില്‍ അവര്‍ നേടിയെടുത്ത അന്താരാഷ്ട്ര ശ്രദ്ധ തന്നെ മതിയായിരുന്നു.
ഇനി പാര്‍ട്ടിയുടെയും ടീച്ചറുടെയും ഭാഷയില്‍ പറയുകയാണെങ്കില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെയും സഹായത്തോടെ ഉത്തരവാദിത്തത്തോടെ നിറവേറ്റിയത് മാത്രം മതിയായിരുന്നു.
അവിടെ ഐസക്, സുധാകരന്‍, എം.എം മണി എന്ന കഴിവുറ്റ നേതാക്കളൊക്കെ മാറിനിന്നില്ലേ, എന്ന വാദം ഉയര്‍ത്തുന്നവരോട് അവസരസമത്വത്തിനും തുല്യതയ്ക്കും വേണ്ടി പോരാടേണ്ടി വന്നിട്ടില്ല അവര്‍ക്ക്.
പുരുഷാധിപത്യത്തെ വെല്ലുവിളിക്കേണ്ടി വന്നിട്ടില്ല അവര്‍ക്ക്. പുരുഷന്മാര്‍ കനിഞ്ഞ് തന്ന അംഗീകാരം എന്ന ഭാരം ഏല്‍ക്കേണ്ടി വന്നിട്ടില്ല അവര്‍ക്ക്. കെ.കെ ശൈലജ പോലും സ്വന്തം അവകാശങ്ങളെ എത്രകണ്ട് മനസിലാക്കിയെന്ന് സംശയം പറഞ്ഞാലും തെറ്റുപറയാനാകില്ല.
വ്യവസ്ഥാപിത പുരുഷ കേന്ദ്രീകൃത സങ്കല്‍പങ്ങള്‍ അത്ര ആഴത്തില്‍ വേരൂന്നിയതാണിവിടെ. അത് തിരുത്തിയെഴുതേണ്ട ഉത്തരവാദിത്തം പുരോഗമന ആശയങ്ങളിലാണ് തങ്ങളുടെ അടിത്തറയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഇടതുപക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
പക്ഷേ കെ.കെ ശൈലജ വേണ്ടെന്ന് പറഞ്ഞ് കയ്പൊക്കിയ ബഹുഭൂരിപക്ഷം സിപിഐഎം നേതാക്കളും ആ വിശ്വാസത്തിന് പ്രസക്തിയില്ലെന്ന് ആവര്‍ത്തിക്കുകയാണ്.
ഇതെന്റെ പാര്‍ട്ടിക്ക് മാത്രം എടുക്കാന്‍ കഴിയുന്ന ധീരമായ തീരുമാനമെന്ന് പൊതുജനത്തിന് മുന്നില്‍ വന്ന് പറയുന്ന സിപിഐഎമ്മിന്റെ നേതാക്കള്‍ തങ്ങള്‍ പുരോഗമന ആശയം പേറുന്ന ഇടതുപക്ഷമല്ല മറിച്ച് പുരുഷാധിപത്യ സമൂഹത്തിന്റെ ജീര്‍ണതകള്‍ പേറുന്ന നേതാക്കള്‍ മാത്രമാണെന്ന് വിളിച്ചു പറയുകയാണ്.
അതിനെ ന്യായീകരിക്കുന്ന ഇടത് എംപിയും മന്ത്രിയുമായിരുന്ന ഒരു വനിതാ നേതാവ് കൂടിയായ പി.കെ ശ്രീമതിയെ പോലുള്ളവര്‍ തുല്യത അവസര സമത്വം എന്ന ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളണമെങ്കില്‍ കേരളത്തിനും കേരള ജനതയ്ക്കും രാഷ്ട്രീയ സമൂഹത്തിനും ഇനിയുമേറെ നടക്കാനുണ്ടെന്ന് കൂടി പറയുകയാണ്.
ഈ തീരുമാനത്തിലെ നെറികേടിനെ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയുടെ പ്രത്യേകതയും മാത്രമായി വ്യാഖ്യാനിക്കേണ്ടി വരികയാണ് കെ.കെ ശൈലജയ്ക്ക് പോലും. ഫലത്തില്‍ എല്ലാവരും അധികാര അസമത്വത്തിന്റെ ആഴങ്ങളില്‍ വീണു കിടക്കുന്ന സ്ത്രീകളോട് മുഖ്യധാരയിലെ നിങ്ങളുടെ ഇടം പരിമിതപ്പെട്ടതാണ്, അതിര്‍ വരമ്പുകള്‍ നിശ്ചയിക്കപ്പെട്ടതാണ് എന്നു കൂടി പ്രഖ്യാപിക്കുകയാണ്.
അമ്പത് ശതമാനത്തില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയെന്ന് ഊറ്റം കൊള്ളുന്ന ഇടതുപക്ഷം നിയമസഭയും പാര്‍ലമെന്റുമൊന്നും നിങ്ങള്‍ക്കുള്ളതല്ലെന്നു കൂടി പറയുകയാണ്. 33 ശതമാനം സംവരണം പോലും പാര്‍ലമെന്റില്‍ പാസാക്കാനാകാത്ത കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്‍മുറക്കാര്‍ തന്നെയാണ് സ്ത്രീ പ്രാതിനിധ്യത്തിന്റെ വിഷയത്തില്‍ ഞങ്ങളും എന്നു കൂടി ആവര്‍ത്തിക്കുകയാണ്.
സിപിഐഎം കെകെ ശൈലജയോടും അതുവഴി കേരളത്തിലെ സ്ത്രീകളോടും ചെയ്തത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റാണ്. ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ കെ.ആര്‍ ഗൗരിയമ്മയോട് ചെയ്ത തെറ്റ് അരനൂറ്റാണ്ടിനിപ്പുറവും പാര്‍ട്ടി ആവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല അതൊരു തെറ്റായിരുന്നുവെന്ന് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും പാര്‍ട്ടിക്കോ യുവനിരയെന്ന് പറയപ്പെടുന്ന നേതാക്കള്‍ക്കോ മനസിലാകുന്നു പോലുമില്ല.
ശൈലജ ടീച്ചര്‍ക്ക് തികച്ചും അപ്രസക്തമായ പദവി നല്‍കി അവരെ നിര്‍ജീവമാക്കുമ്പോള്‍ സിപിഐഎം ഇവിടുത്തെ സ്ത്രീകളുടെ മേല്‍ അധികാരദാര്‍ഷ്ട്യത്തിന്റെ അവസാനത്തെ ആണികൂടി അടിയ്ക്കുകയാണ്.
വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ പിണറായി വിജയന്‍ രാജിവെച്ച് പോയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എന്ന ആ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്കാണ്. പക്ഷേ ശൈലജ ടീച്ചറെ മാറ്റിയത് വിപ്പെന്ന പദവിയിലേക്കാണ്. അതുവഴി അത്രമേല്‍ തിളങ്ങി നിന്നിരുന്ന ഒരു സ്ത്രീയെ പുരുഷാധിപത്യ രാഷ്ട്രീയ സമൂഹം ചവിട്ടിതാഴ്ത്തുകയാണ് ചെയ്തത്.