നിലനിൽപ്പാണ്‌ ഏറ്റവും പ്രയാസം, അതിനു വേണ്ടി മാത്രം ചില സിനിമകൾ ചെയ്തിട്ടുണ്ട്; ദീപക് പറമ്പൊൾ

നിലനിൽപ്പിന് വേണ്ടിയുള്ള കഷ്ടപ്പാടുകളാണ് സിനിമയിൽ നിന്നും പഠിച്ച പ്രധാന പാഠമെന്ന് നടൻ ദീപക് പറമ്പൊൾ. ചില സിനിമകളിലെ നമ്മുടെ കഥാപത്രം ശ്രദ്ധിക്കപ്പെടുമ്പോൾ തുടർന്നും നല്ല സിനിമകളും കഥാപാത്രങ്ങളും കിട്ടുമെന്ന് നമ്മൾ പ്രതീക്ഷിക്കും. എന്നാൽ മറിച്ചായിരിക്കും അനുഭവം. മാസങ്ങളോളം സിനിമകൾ കിട്ടാതെ നിരാശപ്പെട്ടിട്ടുണ്ട്. സിനിമയിൽ എത്തിപ്പെടാനായി കുറെ കഷ്ട്ടപെട്ടിട്ടുണ്ട്. എന്നാൽ ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കുവാനാണ് കൂടുതൽ പ്രയാസം. അതുകൊണ്ടു തന്നെ നിലനിൽക്കുവാനായി മാത്രം ചില സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നടൻ ദീപക് പറമ്പൊൾ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

ദീപക് പറമ്പൊൾ ദ ക്യു അഭിമുഖത്തിൽ പറഞ്ഞത്

സിനിമയിൽ എത്തുന്നതിന് വേണ്ടി ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതിനെക്കാൾ പരിശ്രമം സിനിമയിൽ നിലനിൽക്കുവാൻ വേണ്ടി ചെയ്യുന്നുണ്ട്. പണ്ടൊരു ആൽബം ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. ആ ആൽബം റിലീസായി കഴിഞ്ഞാൽ ഉടൻ തന്നെ ഞാൻ നായകനാകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ആ ആൽബം റിലീസ് പോലും ആയില്ല. 'തട്ടത്തിൻ മറയത്ത്' എന്ന സിനിമയിലെ എന്റെ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ ചെയ്യുമ്പോൾ എനിക്ക് വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ സിനിമയുടെ റിലീസിന് ശേഷം, കഴിഞ്ഞപ്പോൾ ആളുകളുടെ അഭിനന്ദനങ്ങൾ കേട്ടപ്പോൾ ഉടൻ തന്നെ സിനിമകൾ കിട്ടുമെന്ന് ഞാനും പ്രതീക്ഷിച്ചു. എന്നെ തേടി വരാത്തത് കൊണ്ടാണ് സിനിമകൾ കുറയുന്നത്. അല്ലാതെ ഞാൻ വളരെ സെലക്ടീവ് ആവുന്നത് കൊണ്ടല്ല.

പത്ത് വർഷമായി ഞാൻ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ട്. മോശം കഥയായത് കൊണ്ട് തന്നെ പല സിനിമകളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നിലനിൽപ്പിനായി മാത്രം സിനിമകൾ ചെയ്തിട്ടുണ്ട്. ഞാൻ എംസിഎ വരെ പഠിച്ചതാണ്. ഈ ജോലി ചെയ്തിരുന്നെങ്കിൽ കിട്ടുന്ന അതെ ഗ്രേഡിലുള്ള വരുമാനം തന്നെയാണ് സിനിമയിൽ നിന്നും എനിക്ക് കിട്ടുന്നത്. ഇപ്പോൾ ഇൻഡസ്ട്രയിൽ അതാവശ്യം അറിയപ്പെടുന്ന ആക്ടർ ആയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിന്റെ സംതൃപ്തിയും ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in