കുറ്റകൃത്യങ്ങളിലെ പ്രതി സ്ത്രീയാകുമ്പോള്‍ 

അതിരുവിട്ട അടുപ്പം,വഴിവിട്ട ബന്ധം, കൂടത്തായി കൂട്ടക്കൊല കേസിനൊപ്പം നിരന്തരം കേള്‍ക്കുന്ന പ്രയോഗങ്ങളാണ്. കുറ്റകൃത്യങ്ങളില്‍ സ്ത്രീ പ്രതിയാകുമ്പോള്‍ പൊതുബോധവും മാധ്യമബോധ്യവും ഒരേ രീതിയില്‍ ഒളിനോട്ടതൃപ്തിയിലേക്കും സ്ത്രീവിരുദ്ധ തീര്‍പ്പുകളിലേക്കും എത്തിച്ചേരും. അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ സമാന്തര അന്വേഷണവും ഇടപെടലും മാധ്യമങ്ങളില്‍ നിന്നുണ്ടായെന്ന് പൊലീസിന് തന്നെ പറയേണ്ടി വന്നു.

കൂടത്തായി കേസില്‍ റോയിയുടെ മരണത്തിന് കാരണമായ വിഷം ഭാര്യയായിരുന്ന ജോളി ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കിയെന്ന കേസിലാണ് അന്വേഷണവും അറസ്റ്റ് നടന്നത്. കുടുംബത്തിലെ സമാന രീതിയിലുള്ള മരണങ്ങളില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയത്തില്‍ അതും അന്വേഷിക്കുന്നു.

സോളാര്‍ കേസിലെ പ്രതിയായ സ്ത്രീ, പിണറായിയിലെ സൗമ്യ, മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ വഫ ഫിറോസ്, ഇപ്പോള്‍ ജോളി, സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വന്ന കേസുകളിലെല്ലാം കുറ്റാന്വേഷണ രീതിയും, അന്വേഷണ പുരോഗതിയും വാര്‍ത്തയും ചര്‍ച്ചയുമാകുന്നതിന് പകരം കേസില്‍ ഉള്‍പ്പെട്ട സ്ത്രീകളെ സദാചാരണ വിചാരണയ്ക്ക് വിധേയമാക്കുകയാണ്. കുറ്റകൃത്യങ്ങളെക്കാള്‍ വിവാഹേതബന്ധങ്ങളുടെയും ഗര്‍ഭഛിദ്രങ്ങളുടെയും കണക്കെടുപ്പാണ് നടക്കുന്നത്. കൂസലില്ലാത്ത സ്ത്രീ, അത്യാഗ്രഹിയായ സ്ത്രീ, കുടുംബത്തിനും ഭര്‍ത്താവിനും വിലകല്‍പ്പിക്കാത്ത സ്ത്രീ, പരപുരുഷ തല്‍പ്പരയായ സ്ത്രീ ഇതായിരിക്കും

ചെയ്ത് കൃത്യത്തെക്കാള്‍ കൊടിയ കുറ്റകൃത്യം. ഭക്ഷണം പാകം ചെയ്യേണ്ടവള്‍ ഭര്‍ത്താവിനായി വിഷം പാകം ചെയ്യുന്നത് ഭയക്കണമെന്ന സ്ത്രീവിരുദ്ധ തമാശ

കമന്റുകളായും പോസ്റ്റുകളായും വാട്സ് ആപ്പ് തമാശകളായും ട്രോള്‍ ആയും ആഘോഷിക്കപ്പെടും. ഭാര്യയുണ്ടാക്കുന്ന ഭക്ഷണം അവരെ കഴിപ്പിച്ചതിന് ശേഷം കഴിക്കണമെന്ന മുന്നറിയിപ്പ്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന കഥകളും ഉപകഥകളും. സ്റ്റുഡിയോ വിചാരണയും ചോദ്യം ചെയ്യലും. ഇത് സ്ത്രീവിരുദ്ധ പൊതുബോധവും മാധ്യമങ്ങളും തമ്മില്‍ അന്തരമില്ലെന്ന് ഉറപ്പിക്കലാണ്.

സ്ത്രീകള്‍ ഇരയാകുന്ന ലൈംഗിക ആക്രമണങ്ങളും, ബലാല്‍സംഗങ്ങളും, കൊലപാതക പരമ്പരയും പ്രണയമെന്ന് വ്യാഖ്യാനിച്ചുള്ള ചുട്ടുകൊല്ലലും അതിസാധാരണ വാര്‍ത്തയായി മാറുകയാണ്. മറുപുറത്ത് സ്ത്രീ പ്രതിയാകുമ്പോള്‍ സദാചാരമര്യാദ മുന്‍നിര്‍ത്തിയുള്ള വിചാരണയും തീര്‍പ്പുകളുമെല്ലാം എരിവും പുളിയും വിളമ്പുന്നു.

സദാചാര നിഷ്ഠ പഠിപ്പിച്ചുള്ള മൊബ് ലിഞ്ചിംഗിന് കുറ്റവാളിയെ എറിഞ്ഞുകൊടുക്കുകയാണ് മാധ്യമങ്ങളും പൊതുബോധവും ഒരു പോലെ ചെയ്യുന്നത്. പ്രതി സ്ത്രീയാകുമ്പോള്‍ മുന്നിലുള്ള വഴി ആത്മഹത്യ മാത്രമാണെന്ന് സ്ഥാപിക്കുന്നത് എന്തിന് വേണ്ടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in