‘കയ്യിലെ പണത്തിനനുസരിച്ച് വീടെടുക്കുന്നത് മാറണം ഡോ.വി.എസ് വിജയന്‍
കേരളത്തിന് ബില്‍ഡിംഗ് കോഡ് അനിവാര്യമാണെന്നതാണ് പ്രളയം നല്‍കുന്ന പ്രധാന പാഠങ്ങളിലൊന്നെന്ന് മാധവ് ഗാഡ്ഗില്‍ സമിതി അംഗം ഡോ. വി.എസ് വിജയന്‍. കയ്യിലെ പണത്തിനനുസരിച്ച് വീടെടുക്കുന്ന രീതി മാറണം. എത്ര വലിപ്പമാകാമെന്ന് വ്യവസ്ഥ വേണം. കല്ലും കമ്പിയും അടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ കയ്യിലെ പണത്തിന് അനുസരിച്ച് വാരിയെടുക്കാനുള്ളതല്ല. അത് എല്ലാ മനുഷ്യര്‍ക്കും അവകാശമുള്ള പൊതു സ്വത്താണ്. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാകണം വലിപ്പം തീരുമാനിക്കേണ്ടത്. 2500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തണം. അതില്‍ കൂടുതല്‍ വലിപ്പമുള്ള വീടെടുക്കുന്നവര്‍ക്ക് വലിയ നികുതിയേര്‍പ്പെടുത്തണമെന്നും ഡോ. വിഎസ് വിജയന്‍ ദ ക്യുവിനോട് പറഞ്ഞു.
ഉരുള്‍പൊട്ടലും പ്രളയവും ആവര്‍ത്തിച്ചേക്കും. ഒരു പക്ഷേ ഇതിലും മോശമായ രീതിയിലാകും ഇനിയുണ്ടാവുക.അതിനാല്‍ ഉരുള്‍പൊട്ടിയാല്‍ എത്ര സ്ഥലത്തേക്ക് അതിന്റെ ആഘാതം വ്യാപിക്കുമെന്ന് മാര്‍ക്ക് ചെയ്യണം. അതിനകത്ത് ജനങ്ങളെ താമസിപ്പിക്കരുത്. ഇനിയൊരു മനുഷ്യ ജീവന്‍ നഷ്ടപ്പെടരുത്. ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളം എവിടെവരെയെ ഒഴുകിയെത്തുമെന്നും അടയാളപ്പെടുത്തണം. ആ പരിധിയില്‍ ആളുകളെ താമസിപ്പിക്കരുത്.സര്‍ക്കാര്‍ ചെലവില്‍ അവരെ പുനരധിവസിപ്പിക്കണം. ക്വാറികള്‍ ഉള്ളിടത്താണ് കൂടുതല്‍ ഉരുള്‍പൊട്ടലുണ്ടായത്. ഒരു ഭാഗത്ത് പാറ പൊട്ടിച്ചാല്‍ അതിന്റെ മറുഭാഗത്തും പ്രകമ്പനം ഉണ്ടാകും. പാറമടകള്‍ക്ക് വീടുകളില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി വേണം.
തണ്ണീര്‍ത്തട നിയമത്തില്‍ ഇളവ് വരുത്തിയത് റദ്ദാക്കണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചില കാര്യങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്ത മുഖ്യമന്ത്രിയും യോജിക്കുന്നുണ്ട്. ആ അവസരം പ്രയോജനപ്പെടുത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടപടി സ്വീകരിക്കണം. റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ അനിവാര്യത 90 ശതമാനം ആളുകള്‍ക്കും മനസ്സിലായിട്ടുണ്ട്. സംസ്ഥാനത്തിന് സുസ്ഥിര വികസന കര്‍മ്മ പരിപാടി കൊണ്ടുവന്നേ പറ്റൂ. പ്രകൃതിയെ നശിപ്പിക്കാതെയുള്ള വികസനമേ പാടുള്ളൂവെന്ന നയമുണ്ടാകണമെന്നും ഡോ. വിഎസ് വിജയന്‍ വ്യക്തമാക്കി.