കേരളത്തിലെ ഒരു ജാതി ഗ്രാമം
പാലക്കാട് അട്ടപ്പള്ളത്തെ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണവും കേസന്വേഷണവും വിചാരണയും വലിയ ചര്‍ച്ചയാവാതെ പോയെന്ന വിമര്‍ശനം വിധി വന്നതിന് പിന്നാലെ ഉയര്‍ന്നു.പ്രാദേശിക കാരണങ്ങള്‍ മാത്രമല്ല ഇതിന് കാരണമെന്ന് വാളയാറിലെത്തുമ്പോള്‍ വ്യക്തമാകും. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ദളിത് കുടുംബത്തിലെ കുഞ്ഞുങ്ങളോടുള്ള ജാതീയമായ അവഗണനയും ഉണ്ടായിരുന്നുവെന്ന് അയല്‍വാസിയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമായി. പാലക്കാട് ഇത് ഒറ്റപ്പെട്ട സംഭവവുമല്ല.
വാളയാറിനോട് ചേര്‍ന്നുള്ള പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലെ അതിരൂക്ഷമായ ജാതിവെറിയും മാടമ്പത്വവും നിലനില്‍ക്കുന്ന പ്രദേശമാണ് വടകരപ്പതി. ആദിവാസികളെയും ദളിതരെയും ഇപ്പോഴും അടിമകളാക്കി നിലനിര്‍ത്താനാണ് ഭൂഉടമകളായ ഗൗണ്ടര്‍ വിഭാഗക്കാര്‍ ശ്രമിക്കുന്നത്. ജാതി മാത്രമേയുള്ളു മനുഷ്യരെ ആരും കാണുന്നില്ലെന്ന് പറയുന്നത് ഇവിടെയുള്ള പന്ത്രണ്ടുവയസ്സുകാരനാണ്.
ചെറുത്തുനില്‍ക്കുന്നവരെ ഊരുവിലക്കുന്നുവെന്ന് മല്ലമ്പതി കോളനിയിലെ ദളിതര്‍ പറയുന്നു. മര്‍ദ്ദിച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്തുകയാണ്. ഗൗണ്ടര്‍മാരുടെ ഭരണഘടനയ്ക്കും നീതിവ്യവസ്ഥയ്ക്കും കീഴിലാണ് വടകരപ്പതി പോലെ മറ്റ് അതിര്‍ത്തി ഗ്രാമങ്ങളും.
ദളിതരുടെ മൃതദേഹത്തോട് പോലും ഇവിടെ അയിത്തം കല്‍പ്പിക്കുന്നു. പൊതുശ്മശാനങ്ങളും ആമ്പുലന്‍സും ഇവര്‍ക്ക് നിഷേധിക്കുന്നു. പകലന്തിയോളം പണിയെടുത്താലും തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. പാടത്തായാലും വീട്ടുജോലിയായാലും 200 രൂപയാണ് ദളിതര്‍ക്കുള്ള ദിവസക്കൂലി.