'എന്റെ ശരീരം, എന്റെ അവകാശം'; ഗര്‍ഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്
അബോർഷൻ സ്ത്രീകളുടെ ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്.1975-മുതൽ ഫ്രാൻസിൽ അബോർഷൻ നിയമവിധേയമാണ്. എന്നാൽ അബോഷനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഇതുവരെ ഭരണഘടനയില്‍ ഇല്ലായിരുന്നു.
2022ൽ മാത്രം 234,000 അബോഷനുകൾ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ജനങ്ങളില്‍ 89 ശതമാന പേരും ആവശ്യം ഉന്നയിച്ചിരുന്നതായി സർവേകൾ പറയുന്നു. ഇതോടെ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാനായി പാർലമെന്റിലെ ഭൂരിപക്ഷ അംഗങ്ങളും വോട്ടുചെയ്തതോടെ ഫ്രാൻസിൽ പുതിയൊരു ചരിത്രം പിറന്നു .
വോട്ടെടുപ്പിനുപിന്നാലെ പാരിസിലെ ഈഫൽ ടവറിനു താഴെ ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങൾ ആഘോഷങ്ങൾ തുടങ്ങി..ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ ഇരുപത്തഞ്ചാമത്തെയും 2008-നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്.അബോഷൻ ഭരണഘടനാ അവകാശമാക്കിയ തീരുമാനം, ഫ്രാൻസിന്റെ അഭിമാനം വാനോളം ഉയർത്തുന്നെന്നും ഇത് ആഗോളസന്ദേശം നൽകുന്നതാണെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്.