വിക്ടിം ഷെയിമിങ്ങിന് വേദിയൊരുക്കണോ? ഭാവന പറയുന്നത് തറച്ചുകയറുന്നത് എവിടെ?

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ നമ്മളൊരു അനോണിമസ് സ്‌പേസില്‍ തളച്ചിടുകയാണ്. സ്വന്തം ഐഡന്റിന്റിയും മുഖവും എന്തിന് ശബ്ദം പോലും നഷ്ടപ്പെട്ട് പുരുഷകല്‍പ്പനകള്‍ കൊണ്ട് തീര്‍ത്ത അദൃശ്യമായ തടവറയിലേക്ക് ജീവപര്യന്തം വിധിച്ച് പറഞ്ഞയക്കുകയാണ്.

പുരുഷ തീര്‍പ്പുകളിലെഴുതിയ അന്യായ വിധികളെ തച്ചുടച്ച് ഭാവന എന്ന സ്ത്രീ ആണധികാരം തീര്‍ത്ത അദൃശ്യതയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവരുടെ നിലപാടുകള്‍, പോരാട്ട വീര്യം എല്ലാം ചരിത്രമാകുകയാണ്. ഈ വനിതാ ദിനത്തില്‍

അവരുടെ മുനയുള്ള വാക്കുകള്‍ ഭരണവ്യവസ്ഥയുടെയും ജുഡീഷ്യറിയുടെയും പരാജയത്തെയാണ് തുറന്ന് കാട്ടുന്നത്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അതിജീവിതയെ പരസ്യമായി അപഹസിക്കുന്നവരെ വിളിച്ചിരുത്തുന്ന ന്യൂസ് റൂമുകളിലെ യുക്തിരാഹിത്യത്തെയാണ് ചോദ്യം ചെയ്യുന്നത്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനും പുറത്ത് വിടാനും കൈവിറയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടാണ് ഉത്തരം തേടുന്നത്.

എല്ലാ പ്രിവിലേജുകളോടെയും ബലാത്സംഗ കേസിലെ പ്രതികളെ പൂവിട്ടും, കൈകൊട്ടിയും സ്വീകരിക്കുന്ന സമൂഹത്തിന് മേലാണ് അവരുടെ രോഷം തിളച്ചു പൊങ്ങുന്നത്.

വിചാരണയുടെ പതിനഞ്ച് ദിവസങ്ങള്‍, ഏഴോളം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്കും ക്രോസ് എക്‌സാമിനേഷനുമിടയില്‍ ഇരിക്കുമ്പോഴാണ് ശരിക്കും താന്‍ തികച്ചും ഒറ്റപ്പെട്ടത് എന്ന് അവര്‍ പറയുമ്പോള്‍ എന്തുകൊണ്ട് ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നതിന് ഉത്തരമാകുകയാണ്, തെളിഞ്ഞതും സ്പ്ഷടവുമായ ഉത്തരം.

ഏറ്റവും ഒടുവിലായി വന്ന കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോ കേസില്‍ 22ലധികം പേര്‍ സമൂഹമാധ്യമങ്ങളില്‍ പരാതി ഉന്നയിക്കുമ്പോഴും പൊലീസിലെ പരാതി ആറെണ്ണത്തില്‍ മാത്രം ഒതുങ്ങുന്നതിന്റെ കാരണം വ്യക്തമാകുകയാണ്. എന്തിന് ടാറ്റു ചെയ്യാന്‍ പോയി, അമ്മയേ കൂട്ടിക്കൂടായിരുന്നോ?

കയ്യില്‍ ടാറ്റു ചെയ്തൂടായിരുന്നോ എന്ന ചോദ്യങ്ങളായിരിക്കും നേരിടേണ്ടി വരിക. ചിലപ്പോള്‍ അതിനേക്കാള്‍ ക്രൂരമായതും ആത്മാഭിമാനം മുറിപ്പെടുത്തുന്നതുമായ വിചാരണയെ അവര്‍ ഭയപ്പെടുന്നുണ്ടാകാം. ഭാവന പറഞ്ഞതു പോലെ ഞാനല്ലല്ലോ ഇങ്ങനെ ഇരിക്കേണ്ടത് എന്ന് ചിന്തിച്ച് തള്ളി നീക്കേണ്ട നിമിഷങ്ങളെ അവര്‍ വെറുക്കുന്നുണ്ടാകാം.

തുടരന്വേഷണം തടയണമെന്ന പ്രതിയുടെ ഹര്‍ജിയുമായി ആഴ്ചകളോളം ഇരിക്കുന്ന കോടതികള്‍ക്ക് സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കാവുന്നതാണ്. തെളിവിന് പൊലീസിന് പ്രതിയോട് കെഞ്ചേണ്ടി വരുന്ന സാഹചര്യം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്.

ജീവിതം തലകീഴായിമറിഞ്ഞ് നില്‍ക്കുന്നവളുടെ പോരാട്ടം, ആയിരം കഷ്ണങ്ങളായി ചിതറി തെറിച്ച് നില്‍ക്കുന്നവളുടെ അതിജീവനത്തിനായുള്ള സമരം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചുരുങ്ങിയ പക്ഷം ഹിപ്പോക്രാറ്റുകളെ വിധി പറയാന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇരുത്താതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നവളെ വീണ്ടും വീണ്ടും തളര്‍ത്താന്‍ പി.സി ജോര്‍ജിനെ പോലുള്ളവരുടെയും രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെയും സ്ഥിരബുദ്ധിക്ക് നിരക്കാത്ത ഒരു വാക്ക് മതിയാകും.

എന്റെ ആത്മാഭിമാനം പോലും എന്നില്‍ നിന്ന് പറിച്ചുമാറ്റിയ ശേഷം എന്നെ പലരും വിക്ടിം ഷെയിം ചെയ്യുകയായിരുന്നു എന്നാണവള്‍ പറഞ്ഞത്. ലക്ഷങ്ങള്‍ എറിഞ്ഞുള്ള പി.ആര്‍ ക്യാമ്പയിനെതിരെ ഒന്നും ചെയ്യാനാകില്ലായിരിക്കും. പക്ഷേ വിക്ടിം ഷെയിമിങ്ങിന് വേദിയൊരുക്കി കൊടുക്കണമോ എന്ന് മുഖ്യധാര മാധ്യമങ്ങളോട് ചിന്തിക്കാന്‍ കൂടിയാണവര്‍ പറയുന്നത്. അവര്‍ മാത്രമല്ല സ്ത്രീസമൂഹം ഒന്നാകെ.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യാത്ര ഒന്നൊന്നായി ഭാവന ഓര്‍ത്തെടുത്ത് പറയുന്നുണ്ട്. സ്വയം പഴിച്ച് കഴിയുന്ന ദിവസങ്ങള്‍, ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കില്‍, പഴയ ജീവിതത്തിലേക്ക് ഒരിക്കലെങ്കിലും തിരികെ വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നെല്ലാം ആലോചിച്ചിരുന്ന ഘട്ടങ്ങള്‍. പിന്നീട് 2019ല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പോയി ചത്തില്ല എന്നുവരെ ചോദിക്കുന്ന വികൃത മനസുള്ളവരെ നേരിടേണ്ടി വരുന്നതിനെക്കുറിച്ച്.

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീ കൊടുംകുറ്റവാളികള്‍ നേരിടുന്നതിനേക്കാള്‍ ഭീകരമായ പൊതുവിചാരണയാണ് നേരിടേണ്ടി വരിക എന്ന് ഭാവന സ്വന്തം അനുഭവത്തിലൂടെ പറയുകയാണ്. എന്നിട്ടും ഇത് എന്റെ യുദ്ധമാണെന്ന് തിരിച്ചറിഞ്ഞുള്ള അവരുടെ പോരാട്ടം ഒറ്റപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നയിക്കുന്ന ഓരോ സ്ത്രീക്കും കൂടി വേണ്ടിയാണ്.

സര്‍വത്ര പുരുഷ കേന്ദ്രീകൃതമായി ഇരയ്ക്കും പ്രതിയ്ക്കും ഒപ്പം ഒരു പോലെ നില്‍ക്കുന്ന മലയാള സിനിമ ലോകത്തോട് അവര്‍ക്ക് ഭയമായിരിക്കാം. അതിശക്തനായ ഒരാളെ തുറന്നു കാട്ടുമ്പോഴുള്ള ഭയത്തെ കൂടിയാണ് ഈ പൊതുവിചാരണയ്‌ക്കൊപ്പം ഭാവന നേരിടേണ്ടി വരുന്നത്. ഒപ്പം എല്ലാ സ്വീകാര്യതയോടെയും പുരുഷ കേന്ദ്രീകൃതമായ ഇന്‍ഡസ്ട്രിയില്‍ ബര്‍ഖ ദത്ത് പറഞ്ഞതുപോലെ കുറ്റവാളി സ്വീകരിക്കപ്പെടുമ്പോഴുള്ള രോഷത്തെ ഈ രാജ്യത്തെ എല്ലാ സ്ത്രീകളെയും പോലെ നിത്യവും അവര്‍ക്ക് നേരിടേണ്ടി വരുന്നു.

സമാനമായ പീഡനങ്ങളിലൂടെ കടന്നു പോയവരുടെ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് ഇതൊന്നും തുറന്ന് പറഞ്ഞില്ലെങ്കില്‍, പരാതിപ്പെട്ടില്ലെങ്കില്‍ എന്നതിനെക്കുറിച്ച് തനിക്കോര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് ഭാവന പറയുന്നുണ്ട്. പരാതിപറയില്ലെന്ന ആത്മാവിശ്വാസത്തിലാണ് ലൈംഗികാതിക്രമം ഒരു സ്ത്രീയ്ക്ക് എതിരായി ഉപയോഗിക്കപ്പെടുന്നതും. ആ ആത്മവിശ്വാസത്തെ ഭാവന തല്ലിക്കെടുത്തിയപ്പോള്‍ അവര്‍ സമൂഹത്തെക്കൂടിയാണ് മുന്നോട്ട് നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in