പ്രവാസികളെന്താണ് മുറവിളികൂട്ടുന്നത്?
എന്താണ് പ്രശ്‌നം അവിടെ അത്രക്ക് പ്രശനങ്ങളുണ്ടോ....ഇപ്പോള്‍ നാട്ടിലേക്ക് എല്ലാവരും കൂടി വന്നാല്‍ ഇവിടെയെന്താവും. ഇത്രയൊക്കെ പറഞ്ഞിട്ടും കണ്ടിട്ടും ഇനിയും മനസ്സിലാകാത്തവരുടെ ചോദ്യങ്ങളാണിത്. അവര്‍ കാണാനും കേള്‍ക്കാനുമാണിത്, ഒപ്പം ഇനിയും കണ്ണുതുറക്കാത്ത അധികാരികള്‍ അറിയാനും. അതെ, എല്ലാവരെയുമല്ല, എന്നാല്‍ അത്യാവശ്യമായി കുറച്ച് പ്രവാസികള്‍ക്കെങ്കിലും നാട്ടിലെത്തണം. അതിന് കൃത്യമായ കാരണങ്ങളുണ്ട്. ഓരോ പ്രവാസികള്‍ക്കുമറിയാം അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധികളുടെ ഗൗരവം. ആദ്യം ഈ അത്യാവശ്യക്കാര്‍ ആരൊക്കെയെന്ന് അറിയണം. മനസ്സിലാക്കണം. വിസിറ്റ് വിസയിലെത്തി ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെ അവിടങ്ങളില്‍ പെട്ടുപോയ ഗര്‍ഭിണികളായ കുടുംബിനികളുണ്ട്. അവര്‍ക്ക് അവിടുത്തെ ആശുപത്രികളില്‍ അഡ്മിറ്റാവേണ്ടി വന്നാല്‍ വലിയ തുക അവര്‍ കണ്ടെത്തേണ്ടി വരും. ഒപ്പം ഈ സമയത്ത് ആശുപത്രികളില്‍ കൃത്യമായ കരുതല്‍ ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്. ഇനിയുളളത് വിസിറ്റ് വിസയിലെത്തി ജോലി കിട്ടാതെ കാലാവധി അവസാനിച്ചവരാണ്. റിട്ടേണ്‍ ടിക്കറ്റുണ്ടാവില്ല, ബെഡ് സ്‌പേസിന് വാടകകൊടുത്തിട്ടുണ്ടാണ്ടാവില്ല, ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും കാശു കാണില്ല. സന്നദ്ധ സംഘടനകള്‍ കൊടുക്കുന്ന ഭക്ഷണം കിട്ടുന്നുണ്ടാവാം. ബാച്ചിലര്‍ റൂമുകളില്‍ ആര്‍ക്കെങ്കിലുമൊരാള്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ അതിന്റെ ആശങ്കവേറെയും. അതാണ് വിസിറ്റ് വിസിലുളളവരുടെ അവസ്ഥ. ഇനിയുളളത് പ്രായം ചെന്ന മാതാപിതാക്കളും, രോഗികളുമാണ്. സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ എത്തുന്നില്ല. എത്തിക്കാന്‍ സംവിധാനമില്ല, കൂടാതെ വലിയ ഓപറേഷനും മറ്റും ആവശ്യമുളളവരുണ്ടാകാം. എല്ലാവര്‍ക്കും അഭയം നാടാണ്. ഇങ്ങനെയുളളവരെ നാട്ടിലെത്തിക്കണം അതാണ് ആവശ്യം. ഓരോ ദിവസവും ഇത്തരക്കാരുടെ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
ഇനി ഇക്കാര്യത്തില്‍ അതത് ഗള്‍ഫ് രാജ്യങ്ങള്‍ എടുത്ത നിലപാടെന്തെന്ന് നോക്കാം. യൂഎഇയും കുവൈത്തും വിവിധ രാജ്യങ്ങളിലേക്ക് പ്രത്യേകം ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ആവശ്യമുളളവരെ കൊണ്ടുപോവുന്നുണ്ട്. യുഎഇയില്‍ നിന്നും മലേഷ്യ, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇങ്ങിനെ വിമാനങ്ങള്‍ അവിടങ്ങളിലെ പൗരന്മാരെയും കൊണ്ട് പറക്കുന്നു. യുഎഇയിലെ എല്ലാ എംമ്പസികളെയും ഇക്കാര്യം യുഎഇ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നതുമാണ്. ആവശ്യമായ രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എത്തിഹാദ് എയര്‍വെയ്‌സും, എമിറേറ്റ്‌സ് എയര്‍ലൈന്‍സും തയ്യാറാണെന്നും വ്യക്തമാക്കിയതാണ്. തങ്ങളുടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സാഹചര്യത്തെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ കൂടിയാണ് മറ്റ് രാജ്യങ്ങളിലെ സാധ്യമാകുന്ന ആളുകളെ തിരികെ കൊണ്ടുപോകണമെന്ന് ഈ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. പരിമിതികളില്‍ നിന്നും പരമാവധി പ്രവാസികള്‍ക്ക് ചെയ്തുകൊണ്ടിരിക്കുഴാണ് അവര്‍ ഇങ്ങിനെയൊരു അഭ്യര്‍ത്ഥന നടത്തുന്നത്.
എന്നാല്‍ ഇന്ത്യയടക്കമുളള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വന്തം പ്രവാസികളെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാന്‍ ഇനിയും സന്നദ്ദമായിട്ടില്ലെന്ന് പറയേണ്ടി വരും. ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിമാനങ്ങളിറങ്ങാന്‍ സാധ്യമല്ലെന്ന ന്യായമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. പല രാജ്യങ്ങളുടെ ഈ നിലപാടാവണം സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുളള തൊഴില്‍ കരാറുകള്‍ പുനപരിശോധിക്കേണ്ടി വരുമെന്ന് യുഎഇക്ക് വ്യക്തമാക്കേണ്ടി വന്നത്. യുഎഇയിലെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ നിലപാട് ദുബൈയിലെ പ്രമുഖ പ്രാദേശിക മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളെക്കുറിച്ചാണ് ഇതെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നേയുളളു. ഇതൊക്കെയായിട്ടും നമ്മുടെ എംമ്പസികളും കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ ഒരു അനുകൂല നീക്കവും നടത്തിയിട്ടില്ലെന്നതാണ് നിര്‍ഭാഗ്യകരം. കേരള സര്‍ക്കാറിനും റോളുണ്ട്, കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടെതെന്ന് പറഞ്ഞ് കൈകഴുകാന്‍ ആവില്ല കേരളത്തിന്. ശക്തമായ സമ്മര്‍ദ്ദം വേണം. പ്രാവാസികളുടെ ഈ നിര്‍ണ്ണായക ആവശ്യം ബോധ്യപ്പെടുത്തണം നേടിയെടുക്കണം.
ഇനി പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ നാട്ടില്‍ വൈറസ് വ്യാപനമുണ്ടാകില്ലേ എന്ന് ആശങ്കപ്പെടുന്നവരോട്. പരിശോധനയില്‍ നെഗറ്റീവായ ആളുകളെ അതും കൃത്യമായ ക്വാറന്റൈന്‍ നിബന്ധനകളോടെ കൊണ്ടുവന്നാല്‍ മതിയെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. അവര്‍ക്കാവശ്യമായ ഐസോലേഷന്‍ സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് കേരളം ഒന്നടങ്കമെന്നും ഓര്‍ക്കുക. പിന്നെയെന്തിനാണ് ഈ ആവലാതി.
എന്തായാലും പ്രാവാസികള്‍ക്ക് പറയാനുളളത് ഒന്നുമാത്രമാണ്, അത്യാവശ്യമുളളവരെ എല്ലാ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിക്കണം. ഒപ്പം ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും ആശങ്കയോടെ കഴിയുന്നവരെ കൂടുതല്‍ സൗകര്യ്ങ്ങളുളള കെട്ടിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണം. ഭക്ഷണവും മരുന്നും, പരിശോധനകളും ലഭ്യമാക്കണം. കുവൈത്തിലേക്ക് പറഞ്ഞയച്ചതുപോലെ റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ ടീമിനെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും അയക്കണം. ഇത്രയുമെല്ലാം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കണം. എത്രയും വേഗം അത് സാധ്യമായില്ലെങ്കില്‍ നമ്മള്‍ വലിയ വില നല്‍കേണ്ടി വരും. അത് സംഭവിക്കാതിരിക്കട്ടെ