ആ ആഗ്രഹം ഉള്ളിന‍്റെയുള്ളിൽ ഞാൻ പോലുമറിയാതെ കയറിക്കൂടിയത്, ഫുട്ടേജും വേട്ടയ്യനും എമ്പുരാനും; മഞ്ജു വാര്യർ അഭിമുഖം
വർഷങ്ങൾക്ക് മുമ്പേ എഴുതിസൂക്ഷിച്ച ആഗ്രഹങ്ങളിലൊന്നായിരുന്നു ബുള്ളറ്റ് ഓടിക്കാൻ പഠിക്കുക എന്നതെന്ന് മഞ്ജു വാര്യർ. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. എന്ത് കൊണ്ടാണ് ആ ആഗ്രഹം കടന്നുകൂടിയതെന്ന് അറിയില്ല, സിനിമകളുടെ സ്വാധീനം ഉറപ്പായും കണ്ടേക്കാമെന്നും മഞ്ജു വാര്യർ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ. രജനീകാന്തിനും അമിതാബ് ബച്ചനുമൊപ്പമുള്ള തമിഴ് ചിത്രം വേട്ടയ്യൻ, മലയാളത്തിൽ അടുത്തതായി റിലീസ് ചെയ്യുന്ന ഫൗണ്ട് ഫുട്ടേജ് ചിത്രം ഫുട്ടേജ്, ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ, വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ സെക്കൻഡ് എന്നീ സിനിമകളെക്കുറിച്ചും മഞ്ജു വാര്യർ ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
ഫുട്ടേജ് എന്ന സിനിമയെക്കുറിച്ച് മഞ്ജു വാര്യർ
ഫൗണ്ട് ഫുട്ടേജ് സ്വഭാവമുള്ള സിനിമയാണ് സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫുട്ടേജ്, ഞാൻ മുമ്പ് ചെയ്തിട്ടില്ലാത്ത ശൈലിയിലുള്ള സിനിമയാണ്. എനിക്ക് പുതിയ പരീക്ഷണം തന്നെയാണ് ഫുട്ടേജ്. ഇതിലെ ഓരോ സീനും സിംഗിൾ ഷോട്ട് ആണ്. 18 വയസിന് മുകളിലുള്ളവർക്ക് കാണാനാകുന്ന സിനിമയെന്ന ആമുഖം റിലിസീന് മുമ്പ് തന്നെ ഞങ്ങൾ ഫുട്ടേജിനെക്കുറിച്ച് പറയുന്നുണ്ട്. അത് എന്ത് കൊണ്ടാണെന്ന് സൈജു ശ്രീധരൻ വിശദീകരിച്ചിട്ടുണ്ട്.