കലാപം പൊട്ടിപ്പുറപ്പെട്ട് 36 മണിക്കൂറിൽ 247 കൃസ്ത്യൻ പള്ളികളാണ് മണിപ്പൂരിൽ തകർക്കപ്പെട്ടത് എന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര. പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. പക്ഷെ ആക്ഷൻ എടുക്കാൻ അവർക്ക് അനുവാദമില്ല. പട്ടാളത്തെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. കലാപം നീണ്ടുപോയിട്ടും പ്രധാനമന്ത്രി ഇടപെടുന്നില്ലെങ്കിൽ അതിന്റെ അർത്ഥം ഇത് നടന്നോട്ടെ എന്ന് തന്നെയാണ്. ആന്റോ അക്കരയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. മണിപ്പൂർ കലാപത്തിന്റെ ആദ്യ ആഴ്ചകളിൽ ആന്റോ അക്കര മണിപ്പൂർ സന്ദർശിച്ചിരുന്നു.
പതിനാറു പട്ടാളക്കാരെ കൊന്ന പ്രതികളെ പട്ടാളക്ക്യാമ്പിൽ നിന്ന് ബിജെപി എംഎൽഎ ഉൾപ്പെടെയുള്ള സംഘം വന്ന് മോചിപ്പിക്കുന്നു. ഒന്നും ചെയ്യാൻ കഴിയാതെ പട്ടാളം നിസ്സഹായരാകുന്നു. പട്ടാളത്തെ നിഷ്ക്രിയമാക്കിയത് കേന്ദ്ര സർക്കാരാണെന്നും ആന്റോ അക്കര കുറ്റപ്പെടുത്തി. മെയ്തി ഫണ്ടമെന്റലിസ്റ്റുകൾക്ക് കുക്കികളെ ആക്രമിക്കാനുള്ള എല്ലാ സൗകര്യവും ചെയ്ത് കൊടുക്കുകയാണ് മുഖ്യമന്ത്രി ബിരെൻ സിങ്. കുക്കികൾ സുരക്ഷക്ക് വേണ്ടി നിർമ്മിച്ച ബങ്കറുകൾ തകർക്കുമെന്ന് പറയുമ്പോൾ നൽകുന്ന സന്ദേശമെന്താണ്? ബിരെൻ സിങ് ഇപ്പോൾ മെയ്തി വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണെന്നും ആന്റോ അക്കര പറഞ്ഞു.
അഭിമുഖത്തിന്റെ ആദ്യ ഭാഗം കാണാം