നമ്മുടെ സൂപ്പർ താരങ്ങൾ പോലും സ്ഥിരതയുള്ള അവസ്ഥയിലല്ല: ധ്യാൻ ശ്രീനിവാസൻ അഭിമുഖം
മലയാളത്തിൽ സൂപ്പർസ്റ്റാറുകൾ പോലും സ്റ്റേബിൾ അല്ല, ഏറ്റവും വലിയ താരങ്ങളുടെ പടങ്ങൾ പോലും തുടർച്ചയായി പൊട്ടുന്നുണ്ട് നേരത്തെ പോലെ പ്രീ റിലീസ് ബിസിനസും സാറ്റലൈറ്റ് റൈറ്റ്സുമൊന്നും ഇപ്പോൾ എളുപ്പമല്ല, സിനിമ നന്നായാൽ, സിനിമക്ക് മെറിറ്റ് ഉണ്ടെങ്കിൽ ഓടും, ബിസിനസ് നടക്കും എന്നേയുള്ളൂ
സിനിമ എന്നത് കോമൺസെൻസാണ് എന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിൽ ക്ലാപ് അടിച്ചതിന്റെ അറിവ് വച്ചിട്ടാണ് ബേസിൽ കുഞ്ഞിരാമായണം എന്ന സിനിമ ചെയ്യുന്നത് എന്നും 2015 ലെ ഓണം വിന്നറായിരുന്നു ആ ചിത്രമെന്നും ധ്യാൻ പറയുന്നു. ഒരൊറ്റ സിനിമയുടെ അറിവ് മതി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ. നമ്മൾ വിചാരിക്കുന്നത് നാലഞ്ച് സിനിമ ചെയ്ത് കഴിഞ്ഞാൽ മാത്രമേ അറിവുണ്ടാകു എന്നാണ്. സിനിമ കാണുന്നവർക്ക് അറിവുണ്ട്, സിനിമ പഠിക്കുന്നവർക്ക്, അറിയുന്നവർക്ക് എല്ലാവർക്കും അറിവുണ്ട്. കാരണം ഇത് കോമൺസെൻസാണ്. അടിസ്ഥാന സാധനങ്ങളെയുള്ളൂ സിനിമയിൽ. വെെഡ്, ക്ലോസ്, ടു ഷോട്ട്, മിഡ് പിന്നെ നാലഞ്ച് ആംഗിളുകളുണ്ട്. ഇത് എവിടെ വയ്ക്കണം എന്ന് അറിഞ്ഞാൽ മതി. കഥ പറയാൻ അറിഞ്ഞാൽ മതി. അത് പോലും അറിയാത്ത ആളുകളുണ്ട് ഇപ്പോഴും. അത്രയോ വലിയ ചീഫ് അസോസിയേറ്റുമാരുടെ ആദ്യ സിനിമ പൊട്ടിയ ചരിത്രമില്ലേ? ഒരു പടം ക്ലാപ്പടിച്ച ബേസിലിന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പടം ഹിറ്റല്ലേ? അതുകൊണ്ട് എത്ര സിനിമയിൽ വർക്ക് ചെയ്തു എന്നതിലല്ല കോമൺസെൻസാണ് കാര്യം എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.