പാച്ചുവിന്റെ സ്വന്തം അപ്പുപ്പൻ
നീ ലക്കിയാടാ ഭാസി, അച്ഛൻ പോയെങ്കിലും ഇങ്ങനെ നിറഞ്ഞൊരു മനുഷ്യനെ അപ്പുപ്പനായി കിട്ടിയില്ലേ? ഒരു വെെകുന്നേരത്തെ നടത്തത്തിൽ പാച്ചുവിനോട് രഞ്ജിത്ത് പറയുന്നതാണിത്, നിറഞ്ഞൊരു മനുഷ്യൻ എന്തൊരു വാക്കാണത്. നിറഞ്ഞത്, സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും നിറഞ്ഞൊഴുകുന്ന ഒരു മനുഷ്യൻ... എന്റെ എല്ലാം, എനിക്കുള്ളതെല്ലാം എന്റെ പാച്ചൂന് എന്ന് പറഞ്ഞ് നിർവൃതി പൂകുന്നൊരു വൃദ്ധൻ.
ഞാൻ അയാളെ നോക്കുകയാണ്, അടിമുടി സ്നേഹം നിറഞ്ഞ ആ മനുഷ്യനിലേക്ക്.. കെെവിട്ടോടുന്ന കുഞ്ഞ് പാച്ചുവിനൊപ്പം അവന്റെ അച്ഛനും അമ്മയ്ക്കും മുമ്പേ പൂഴി മണ്ണിലൂടെ കാല് വലിച്ച് ഓടുന്ന, പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ വാരിപ്പുണരുന്ന ആ മനുഷ്യനെ, അവനെ നീന്താൻ പഠിപ്പിക്കുന്ന, അപ്പുപ്പന് വേണ്ടി മാത്രം അവൻ അയക്കുന്ന പോസ്റ്റ് കാർഡുകൾ കണ്ണ് കടയും വരെ, വായിച്ച് സംതൃപ്തിയെത്തും വരെ വീണ്ടും വീണ്ടും നോക്കിയിരിക്കുന്നൊരു അപ്പുപ്പനെ പാച്ചുവിന്റെ സ്വന്തം അപ്പുപ്പനെ..
ആറ് വർഷങ്ങൾക്കിപ്പുറം ഒരു അവധിക്കാലം ആഘോഷിക്കാൻ പാച്ചു വരുന്നുണ്ടെന്ന് കത്ത് വായിക്കേ ആറ് കൊല്ലങ്ങൾ കടന്ന് പോയി എന്ന് നൊമ്പരപ്പെടുന്ന ഒരു മനുഷ്യൻ.. കണ്ട് മറന്ന കാർക്കശ്യവും ഗൗരവവും പേറുന്ന മുത്തച്ഛൻ മുഖങ്ങൾക്ക് അയാളുടെ ഛായ നിങ്ങൾക്ക് സങ്കൽപ്പിക്കാനാവില്ല, കാറിന്റെ ഹോണടി കേൾക്കേ കൺവെട്ടത്ത് തെളിയാത്ത തന്റെ ഊന്നുവടിയെപ്പോലും മറന്ന് അയാൾ പാച്ചുവിനെക്കാണാൻ വേഗത്തിൽ നടന്നടുക്കുന്നത്, കണ്ടപാടെ സ്നേഹത്തിന്റെ ആഴം അറിയിക്കാൻ അയാൾക്ക് പാച്ചുവിനെ കെട്ടിപ്പിടിക്കാം.. പക്ഷേ ആ മനുഷ്യൻ പാച്ചുവിനെ കൊതിയോടെ നോക്കുകയാണ്, കൺ നിറച്ച് കാണുകയാണ്.. ഇനി അടുത്ത വരവിലേക്ക് വരെ മനസ്സിൽ പതിപ്പിച്ച് വയ്ക്കാൻ അവന്റെ ചിരി തങ്ങുന്ന മുഖം അങ്ങനെ അങ്ങ് ഹൃദയത്തിലേക്ക് പറിച്ചു വയ്ക്കുകയാണ്.. പിന്നെ പതിയെ നടന്ന് വന്ന് ഇറുകെ, അടുത്തൊരു നിമിഷം ഇനിയില്ലെന്ന പോലെ വാരിപ്പുണരുകയാണ്.
ആ നാല് ചെറുപ്പക്കാരോടൊപ്പം കടലിൽ ആർത്ത് കളിക്കുന്ന അയാൾ മനസ്സ് എങ്ങനെയാണ് ശരീരത്തെയും അതിന്റെ ചുളിഞ്ഞു തുടങ്ങിയ അവസ്ഥാന്തരങ്ങളെയും വിസ്മരിച്ചുകളയുന്നത് എന്ന് നമുക്ക് കാണാം. പാച്ചുവിന്റെ കുസൃതികൾക്ക്, അവന്റെ കള്ളത്തരങ്ങൾക്ക് അറിഞ്ഞുകൊണ്ട് തന്നെ അവനറിയാതെ കുലുങ്ങിച്ചിരിച്ച് അയാൾ കൂട്ടുനിൽക്കുന്നുണ്ട്. നിറയെ പുസ്തകങ്ങൾ നിറഞ്ഞൊരു ലെെബ്രറി മുത്തച്ഛനുണ്ട്, കുഞ്ഞു കാലത്ത് അയാൾ പാച്ചുവിന് എത്രയോ തരം കഥകളുടെ ഒരു ലോകം തന്നെ പറഞ്ഞു കൊടുത്തിരിക്കാം.. ഒരു ഉപ്പ് പരലെടുത്ത് കുഞ്ഞു പാച്ചുവിന്റെ നാവിൽ വച്ച് അതങ്ങനയേ അലിയിച്ച് കളഞ്ഞാൽ മാനത്ത് ശ്രീകൃഷ്ണനെ കാണാം എന്ന് പറഞ്ഞു പറ്റിക്കപ്പെട്ട ബാല്യകാലത്തിന്റെ ഓർമ്മ പുതുക്കുന്ന പാച്ചുവിനെ കാണെ ഇനി ആരെ കാണിച്ചു തരാമെന്ന് പറഞ്ഞാൽ പറ്റും എന്ന് കളി പറയുന്ന മുത്തച്ഛനോട് പാച്ചു പറയുന്നൊരു ഉത്തരമുണ്ട്. ഒന്നും വേണ്ട മുത്തച്ഛൻ പറഞ്ഞാൽ മതിയെന്ന്.. പരലുപ്പ് നാവിൽ വച്ച് നിൽക്കുന്നവനെ കാണേ അയാൾ അവനോട് വേണ്ടെന്ന് പറയുന്നുണ്ട്.. കാലത്തിന്റെ ഒഴുക്കിൽ, ശരീരത്തിന്റെയും ബുദ്ധിയുടെയും വളർച്ചയിൽ പഴയതൊന്നും അവൻ മറന്നിട്ടില്ലെന്ന് ഇന്നും അവന്റെ എന്റെ.. അല്ല എന്നും എന്റെ പാച്ചുവാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് അയാൾക്ക് അത്.. എന്റെ എന്നാണ് അയാൾ അവനെ സംബോധന ചെയ്യുന്നത്, എന്റെ പാച്ചു എന്ന്.. അതേ അയാളുടേതാണ് അവൻ.. എന്നിലെ എന്നെ കാണ്മു ഞാൻ നിന്നിൽ എന്ന് അതുകൊണ്ട് തന്നെ വെറുതേ പറയുന്നതും ആകുന്നില്ല,
തനിക്ക് ഇത്രനാൾ ദെെവം ആയുസ്സ് നീട്ടി തന്നത് ഈ പത്ത് പതിനാല് ദിവസത്തേക്ക്.. പാച്ചു വന്നതിന് ശേഷമുള്ള സന്തോഷത്തിലേക്ക് വേണ്ടിയാണെന്ന് അയാൾ പറയുന്നു. പുസ്തകങ്ങൾക്കും, ആശിച്ച് മോഹിച്ച് അയാൾ താമസമാക്കി ആ വീടിനുമപ്പുറം ഞാനൊരാൾ ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാണെന്ന്, നിന്നോടൊപ്പമാണ് എന്റെ സന്തോഷമെന്ന് ഇതിലും വലുതായി ഒരാൾക്ക് എങ്ങനെയാണ് പറയാനാവുന്നത്? പാച്ചുവിനെ കടല് കൊണ്ടുപോയെന്ന് അറിയുമ്പോൾ അതറിയുന്ന നിമിഷത്തെ അയാൾ എങ്ങനെ അതിജീവിച്ചിരിക്കാം? പാച്ചുവിന് ചുറ്റുമുള്ളവരെ സംയമനത്തോടെ ആശ്വസിപ്പിക്കാൻ അയാൾക്ക് എങ്ങനെ കഴിഞ്ഞിരിക്കാം? വായിച്ചതും അറിഞ്ഞതുമായ കഥകളിലെ കടലിൽ പെട്ടുപോയ യാത്രികർ അതിജീവിച്ച് കരപിടിക്കും പോലെ അവൻ തിരിച്ചു വരുമെന്ന്, അവനെ തന്റെ പാച്ചുവിനെ താൻ ഇനിയും കാണുമെന്ന് അയാൾ വിശ്വസിച്ചിരുന്നു, മൂന്നാംപക്കം കരക്കയ്ടിഞ്ഞ ആ ശരീരം കാണേ ഇനിയുള്ള ജീവിതത്തിന് അർത്ഥമില്ലെന്ന് അയാൾ തിരിച്ചറിയുന്നു..
അവനെ ഊട്ടാതെ തനിക്ക് ഇനി ഉറക്കമില്ലെന്ന തിരിച്ചറിവിൽ, പാച്ചുവിനുള്ള ബലിച്ചോറുമായി കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നൊരാൾ.. ഇനിയൊരു മൂന്നാംപക്കം അയാൾക്ക് വേണ്ടിയുള്ള കാത്തരിപ്പാണെന്നിരിക്കേ.. മറ്റൊരു പാച്ചുവോ അപ്പുപ്പനോ ഇനിയുണ്ടാവാതെയിരിക്കാൻ അയാൾ കടൽപ്പുറത്ത് കുത്തിവച്ച ഇരുമ്പിന്റെ ഒരു ബോർഡിലേക്ക് ഇനി ഉപ്പ് കാറ്റ് അടിച്ചു വീശാം.. തുരുമ്പ് പിടിച്ച് ആ ബോർഡ് ചിലപ്പോൾ ഇളകി വീഴാം.. പക്ഷേ അതിനെയും മറികടന്ന് ആ കടൽ നിങ്ങളെ ഓർമ്മിപ്പിക്കുന്നത് പാച്ചുവിനൊപ്പം പൂഴിമണ്ണിലുടെ പൊട്ടിച്ചിരിച്ചോടുന്നൊരപ്പുപ്പനെയായിരിക്കാം..