പ്രണയവും നഷ്ടവും ആവർത്തിക്കപ്പെടുന്ന 'പക്ഷേ'
സ്നേഹം കൊണ്ട് മുറിവേറ്റ രണ്ടുപേർ വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടവേ എന്ത് സംഭവിക്കും?
ഗതകാല സ്മരണങ്ങൾ അയവിറക്കുമോ അതോ, ശ്രമകരമാം വിധം ജീവിച്ചു തീർക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് ജീവിത പരിസരത്തെ പരസ്പരം അപരിചിതരോടെന്നവണ്ണം പരിചയപ്പെടുത്തുമോ?
എങ്കിൽ, അതിലൊരാൾ വിവാഹം എന്ന ഉമ്പടിയിൽ ബന്ധിക്കപ്പെട്ട് അതിൽ നിന്ന് മോചനം നേടാനൊരുങ്ങുകയും മറ്റൊരാൾ ആരെയും ഇനി ആ സ്ഥാനത്തേക്ക് പകരം നൽകാൻ കഴിയില്ലെന്ന് തീരുമാനത്തിൽ തനിച്ച് ജീവിക്കുകയും ആണെങ്കിലോ?
സ്ലെെഡ് ചെയ്ത് അകലുന്ന കോട്ടേജിന്റെ വാതിൽ നിരങ്ങി നീങ്ങവേ ഇനിയും മറക്കാനാവാത്ത ഭൂതകാലത്തെ ഓർമ്മിപ്പിക്കാൻ യുഗങ്ങൾക്ക് അപ്പുറത്തു നിന്നും അവൻ വന്നു നിൽക്കുകയാണ് എന്ന് അവൾക്ക് തോന്നുമോ?
വിശ്വ സാഹിത്യകാരിയാവാൻ കൊതിച്ച, 25 ഓളം കഥകളെഴുതിയ, കേന്ദ്ര സാഹിത്യ അക്കാദമി അവർഡ് നേടിയ നന്ദിനി ദേവി, നീണ്ടു പോയ, കൊഴിഞ്ഞു വീണ പത്ത് വർഷങ്ങൾക്കിപ്പുറം പ്രാണനെ പോലെ സ്നേഹിച്ച , മോഹിച്ച, ഇന്നും തനിക്ക് മറക്കാവാത്ത ആ പുരുഷനെ കാണെ മൊഴികളന്യമായി നിന്നു പോകുന്നത് കാലങ്ങൾക്ക് അപ്പുറത്തേക്ക് ഒരു നിമിഷം അവരുടെ ഓർമ്മകൾ മിന്നി മാഞ്ഞു പോകുന്നത് കൊണ്ടാണ്.
നിരാശ ജനകമായിരുന്നോ നന്ദിനിയുടെ ജീവിതം? എത്ര മോശമെങ്കിലും അതിന്റെ പരിസരത്തിനോട് യോജിച്ചു പോകാൻ കഴിയുന്ന കെൽപ്പ് പേറുന്നവരാണെല്ലോ മനുഷ്യർ, പക്ഷേ എന്നോ ഒരിക്കൽ പൊള്ളിച്ച അനുഭവത്തിന്റെ നോവ്, പിന്നീട് സമാന സാഹചര്യത്തെ നേരിടേണ്ടി വരവേ അതിന്റെ ആഴത്തിനെ ഓർമ്മപ്പെടുത്തില്ലേ? ബാലചന്ദ്രൻ നന്ദിനിക്ക് അത്തരത്തിലൊരു നോവായിരുന്നു. പരസ്പരം കെെക്കൊണ്ട തീരുമാനത്തിൽ നഷ്ടപ്പെടുത്തി കളഞ്ഞ, ത്യാഗം എന്ന് പിന്നീട് കാലാന്തരത്തിൽ മനസാക്ഷിയെയും കബളിപ്പിച്ച് വിശ്വസിപ്പിക്കാവുന്ന ഒരു നോവ്,
വിവാഹം എന്ന സമ്പ്രദായം തീർത്ത മുറിവിൽ നിന്ന് രക്ഷ നേടാൻ, ഇനിയെങ്കിലും തനിക്ക് വേണ്ടി ജീവിക്കാൻ ബാലനെടുക്കുന്ന തീരുമാനമാണ് അയാളെ കടൽ പശ്ചാത്തലം തീർക്കുന്ന ആ റിസോട്ടിലേക്ക് എത്തിക്കുന്നത്. അതിലൂടെ നന്ദിനിയുടെ അടുത്തേക്ക് അയാളെ എത്തിക്കുന്നത്.
വിവാഹ മോചനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ബാലചന്ദ്രനെ, ഇനിയെന്നും ഒരുമിച്ചെന്ന അയാളുടെ തീരുമാനത്തെ നിരാശപ്പെടുത്താൻ നന്ദിക്ക് കാരണങ്ങളുണ്ടായിരുന്നില്ല, ഇനിയും മുറിവേൽക്കപ്പെടാൻ മാത്രം വയ്യെന്ന് അവൾ പറയുന്നു, ഇനി ഒരു വേർപിരിയൽ താങ്ങാനാവില്ലെന്ന്.. എന്നിട്ടും അവൾ ഉപേക്ഷിക്കപ്പെടുന്നു. വീണ്ടും മുറിവേൽക്കുന്നു..
ആദ്യമായി പിരിയുമ്പോൾ പറയുന്ന അതേ കാര്യം നന്ദിനി വീണ്ടും ആവർത്തിക്കുന്നു, ഈ ത്യാഗവും ഈ ലോകത്തു നമുക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന്. ബാലേട്ടൻ വേദനിക്കരുതെന്ന്..
കാലങ്ങൾക്കിപ്പുറം സ്ലെെഡ് ചെയ്ത് അയാൾ കടന്നു വന്ന, അതേ വാതിൽ വഴി അയാൾ തിരിച്ചിറങ്ങിപ്പോകുന്നു. ആ വാതിൽ നിരക്കിയടച്ച് 10 വർഷങ്ങൾക്കിപ്പുറവും ആരെയും അറിയിക്കാതെ അവർ കരഞ്ഞു തീർക്കുന്നു..
രാജേശ്വരിക്കൊപ്പം ബാലചന്ദ്രൻ ആ കാറിലേക്ക് നീങ്ങവേ ആഞ്ഞടിക്കുന്ന ആ കടലിരമ്പം നമുക്ക് ഒന്നുകൂടി വ്യക്തമായി കേൾക്കാം.. അരികിൽ നിന്ന് കെെ വീശി യാത്ര ചോദിക്കുന്ന നന്ദിനിക്കുട്ടിയുടെ തൊണ്ടയിലടഞ്ഞു പോയ ഒരു കരച്ചിച്ചിലിനെ അത് പ്രതിധ്വനിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. സകുടുംബം തന്നിൽ നിന്നും ആ കാർ അകന്നു പോകവേ നന്ദിനി ദേവി ഒറ്റയ്ക്കാവുന്നുണ്ട്, പിടിച്ചു വയ്ക്കാനുള്ള എല്ലാ സാധ്യതകളെയും പിന്തള്ളിയാണ് അവർ ഒറ്റയ്ക്കാവുന്നത്. വിട്ടു കൊടുക്കുകയല്ല, പകരം പിടിച്ചു വാങ്ങാനോ, അയാളെ ഒരു പ്രതിസന്ധിയിലേക്ക് തള്ളി വിടാനോ ആണ് നന്ദിനി ശ്രമിക്കാതിരുന്നത്. ഒന്നോർത്താൽ വേദന മാത്രം തന്ന, പരസ്പരം സ്നേഹിക്കാൻ പഴുതുകൾ ഇല്ലാതെ പോയ ആ വിവാഹ ബന്ധം ഉപേക്ഷിക്കാൻ അയാൾ തയ്യാറായിരുന്നെങ്കിൽ ഒരുപക്ഷേ നന്ദിനി അയാളെ സ്വീകരിക്കുമായിരുന്നില്ലേ?