ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പെന്നിക്വിക്ക് നിർമ്മിച്ച മുല്ലപ്പെരിയാറിന്റെ ചരിത്രം

നൂറ്റി ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജോണ്‍ പെന്നിക്യുക്ക് എന്ന ബ്രിട്ടീഷ് സിവില്‍ എഞ്ചിനീയര്‍, കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ കൈവഴികളില്‍ ഒന്നായ മുല്ലപ്പെരിയാറില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തമിഴ്നാട്ടിലെ 5 ജില്ലകളിലേക്ക് വെള്ളം കൊണ്ടുപോകാന്‍ ഒരു അണക്കെട്ട് നിര്‍മ്മിച്ചു. ഇതിന്മേല്‍ അന്ന് തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുന്നാളും ഇന്ത്യയുടെ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ 999 വര്‍ഷത്തേക്ക് ഒരു കരാര്‍ ഒപ്പിടുകയും ചെയ്തു. നൂറു വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കം ചെന്ന അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലി പലപ്പോഴായി ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ വീണ്ടും മുല്ലപെരിയാര്‍ ചര്‍ച്ചയാവുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം ഇതാണ്.

ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണകാലഘട്ടത്തില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. 1789ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ആലോചനകള്‍ തുടങ്ങുന്നത്. പെരിയാര്‍ നദിയുടെ പടിഞ്ഞാറോട്ടൊഴുകുന്ന ജലം ഉപയോഗപ്പെടുത്തി കിഴക്കോട്ടൊഴുകുന്ന വൈഗൈ നദിയിലേക്ക് തിരിച്ചുവിടുക എന്ന ആശയം 1789-ല്‍ രാമനാട് രാജാവായ മുത്തുരാമലിംഗ സേതുപതിയുടെ മന്ത്രിയായിരുന്ന പ്രദാനി മുതിരുലപ്പ പിള്ളയാണ് ആദ്യം മുന്നോട്ടുവച്ചത്. വൈഗൈ നദി ആറ് മാസക്കാലത്തോളം വറ്റിവരളുന്നത് ആ പ്രദേശത്ത് ജീവിക്കുന്നവരുടെ ജീവനോപാദികളെ ബാധിക്കുന്നതും കാര്‍ഷിക ഉത്പാദനം നടക്കാതെ വന്നതുമെല്ലാമായിരുന്നു ഈ ചിന്തക്കുപിന്നിലുള്ള കാരണങ്ങള്‍. ചിലവ് കൂടുതലാണ് എന്നതിനാല്‍ ഇത് പിന്നീട് ഉപേക്ഷിച്ചിരുന്നു. '

പിന്നീട് 1882-ല്‍, ഇതേ ആശയത്തില്‍ എത്തിയ ബ്രിട്ടീഷുകാര്‍, പ്ലാന്‍ തയ്യാറാക്കാനുള്ള ചുമതല ജോണ്‍ പെന്നിക്യുക്കിനെ ഏല്‍പ്പിച്ചു. 155 അടി ഉയരത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ പശ്ചിമഘട്ടത്തിലെ ഏലമലകളിലെ രണ്ട് കുന്നുകള്‍ക്കിടയിലുള്ള ഒരു താഴ്വര അദ്ദേഹം തിരഞ്ഞെടുത്തു.

കടലിലേക്ക് ഒഴുകിപ്പോകുന്ന പെരിയാര്‍ നദിയിലെ ജലം ഒരു റിസര്‍വോയറില്‍ പിടിച്ച് മലയ്ക്ക് കുറുകെ തുരന്ന ടണലിലൂടെ എതിര്‍ദിശയിലേക്ക് തിരിച്ചുവിട്ട് വൈഗൈ നദിയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. 1884-ല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബ്രിട്ടീഷ് ഗവണ്മെന്റും തിരുവിതാംകൂറുമായി ആരംഭിക്കുകയും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം 1886-ല്‍ വനത്തിനുള്ളിലെ ഭൂമി 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് കരാര്‍ ഒപ്പിടുകയും ചെയ്തു. 8000 ഏക്കര്‍ ഭൂമി റിസര്‍വോയറിനും 100 ഏക്കര്‍ അണക്കെട്ട് നിര്‍മിക്കാനുമാണ് കരാര്‍ നല്‍കിയത്. കരാര്‍ അനുസരിച്ചു പാട്ടത്തിനെടുത്ത ഭൂമിയില്‍ നിര്‍മ്മാണം നടത്താനും ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ ജോലികള്‍ക്കും ഉപയോഗിക്കാനുള്ള പൂര്‍ണ്ണ അവകാശവും അധികാരവും സ്വാതന്ത്ര്യവും ബ്രിട്ടീഷ്-ഇന്ത്യന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് നല്‍കിയിരുന്നു.

1887 മെയ് മാസത്തില്‍ അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പ്രാദേശികമായി തൊഴിലാളികളെ കണ്ടെത്തുന്നത് ഒരു പ്രധാന പ്രശ്നമായിരുന്നു. അതിനാല്‍, 89-90 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സൈന്യവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, കൂടാതെ ഇതിനായി പോര്‍ച്ചുഗീസുകാരെയും കൊണ്ടുവന്നു. കൊടും കാടുകളിലൂടെയുള്ള യാത്ര, തൊഴിലാളികളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച മലമ്പനി തുടങ്ങി നിരവധി പ്രതിസന്ധികള്‍ അന്ന് നിര്‍മ്മാണത്തിനിടയില്‍ നേരിട്ടിരുന്നു. 1892 നും 1895 നും ഇടയില്‍ മാത്രം 483 പേര്‍ രോഗങ്ങളാല്‍ മരിച്ചിരുന്നു.

ഇതിനുപുറമെ, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കള്‍ കടത്താന്‍ നിരവധി നൂതന മാര്‍ഗങ്ങള്‍ അന്ന് സ്വീകരിച്ചിരുന്നു. ഒന്ന് ഗൂഡല്ലൂര്‍ മലനിരകളില്‍ നിന്ന് വയര്‍ റോപ്പ്വേയിലൂടെ തേക്കടിയിലേക്കും അവിടെനിന്നു കാളവണ്ടിയില്‍ വനത്തിലേക്കും, മറ്റൊന്ന് ഡാം സൈറ്റിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോപ്പ്വേയിലൂടെയുമായിരുന്നു. ഇപ്പോള്‍ കൊല്ലം-തേനി ദേശീയ പാതയുടെ ഭാഗമായ കമ്പം മുതല്‍ കുമളി വരെയുള്ള റോഡ്, അന്ന് കാളവണ്ടികളില്‍ ഡാം സൈറ്റിലേക്ക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനായി നിര്‍മ്മിച്ചതാണ്.

കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളില്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു അണക്കെട്ടിന്റെ നിര്‍മാണം. കത്തിച്ച ഇഷ്ടികപ്പൊടിയും പഞ്ചസാരയും കാല്‍സ്യം ഓക്സൈഡും ചേര്‍ന്ന മിശ്രിതമാണ് സുര്‍ക്കി. നിര്‍മ്മാണത്തിനിടയില്‍ രണ്ടു തവണ തടയണ തകര്‍ന്നതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് അധികാരികള്‍ അണക്കെട്ട് നിര്‍മ്മാണത്തിനായുള്ള ഫണ്ട് നിര്‍ത്തിവച്ചു. ഇതുമൂലം ചെലവ് വര്‍ദ്ധിച്ചപ്പോള്‍ ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പെന്നിക്യുക്ക് ഡാമിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

1200 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആകെ നീളം, ഉയരം 176 അടിയും. 152 അടിയാണ് അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി. ഇതുകൂടാതെ 240 അടി നീളവും 115 അടി ഉയരവുമുള്ള ഒരു ബേബി ഡാമും, 240 അടി നീളവും 20 അടി വീതിയുമുള്ള ഒരു എര്‍ത്ത് ഡാമും ചേര്‍ന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി 1932ല്‍ തമിഴ്നാട് ശ്രമിച്ചിരുന്നു. അതിനെ തിരുവിതാംകൂര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആര്‍ബിട്രേറ്റര്‍മാരെ നിയമിച്ചു. അവര്‍ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്പയറായി നളിനി രഞ്ചന്‍ ചാറ്റര്‍ജിയെ നിയോഗിച്ചു. ജലസേചനാവശ്യത്തിനു മാത്രമാണ് കരാര്‍ പ്രകാരം തിരുവിതാംകൂര്‍ തമിഴ്നാടിന് വെള്ളം അനുവദിക്കുന്നതെന്നതിനാല്‍ വൈദ്യുതോല്പാദനത്തിന് അവര്‍ക്ക് അധികാരമില്ലെന്ന് അന്ന് അമ്പയര്‍ വിധിച്ചു. ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്ക് ശേഷം മുല്ലപ്പെരിയാറിലെ ജലം തമിഴ്നാടിനു തുടര്‍ന്നും ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ ഇരു സംസ്ഥാനങ്ങളിലെയും നേതാക്കള്‍ അനൗപചാരികമായി തീരുമാനിച്ചു.

1959-ന് ശേഷം തമിഴ്‌നാട് ഔദ്യോഗികമായ ഒരു കരാറും കൂടാതെ വൈദ്യുതി ഉത്പാദനത്തിനും അണക്കെട്ടിലെ ജലം ഉപയോഗിക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് 1960, 1969 വര്‍ഷങ്ങളില്‍ കരാര്‍ പുതുക്കാനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടു. പിന്നീട് 1970ല്‍ സി അച്യുതമേനോന്‍ കേരള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുല്ലപെരിയാര്‍ അണക്കെട്ടുമായ് ബന്ധപ്പെട്ട കരാര്‍ പുതുക്കി. പുതുക്കിയ കരാര്‍ പ്രകാരം മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാനും തമിഴ്നാടിനു അനുമതി നല്‍കി.

1979-ല്‍ ഗുജറാത്തിലെ മോര്‍ബിയിലെ അണക്കെട്ട് തകര്‍ന്ന് 15,000 പേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏറെ പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍, കേരള സര്‍ക്കാര്‍ ഉന്നയിച്ചു. തുടര്‍ന്ന് അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതും ഈ ആശങ്കയ്ക്ക് ആക്കം കൂട്ടി. തിരുവനന്തപുരത്തെ ദ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രതയുള്ള ഭൂകമ്പത്തെ ചെറുക്കാന്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഘടനയ്ക്ക് കഴിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നീട് 1979 നവംബര്‍ 25-ന് സിഡബ്ല്യുസി ചെയര്‍മാന്‍ മുല്ലപെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ സംബന്ധിച്ച് കേരള ജലസേചന, വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരെയും തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കൂട്ടി തിരുവനന്തപുരത്ത് ഒരു ചര്‍ച്ച നടത്തി. ആ ചര്‍ച്ചയില്‍ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികളും, അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള ഇടക്കാല-ദീര്‍ഘകാല നടപടികളും തീരുമാനിച്ചു. അടിയന്തര നടപടിയായി സ്പില്‍വേയിലൂടെ വെള്ളം കടത്തിവിട്ട് ജലനിരപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചു. പിന്നീട് ജലനിരപ്പ് ഘട്ടംഘട്ടമായി പൂര്‍ണ്ണമായ 152 അടിയിലേക്ക് ഉയര്‍ത്താമെന്നും സംഘം ശുപാര്‍ശ ചെയ്തു.

എന്നാല്‍ വിഷയം ചര്‍ച്ചയായതോടെ കേന്ദ്ര ജലകമ്മിഷന്‍ നേരിട്ട് അണക്കെട്ട് സന്ദര്‍ശിച്ച് ജലനിരപ്പ് 152ല്‍ നിന്ന് 136ലേക്ക് താഴ്ത്താനും ബലപ്പെടുത്തല്‍ ജോലികള്‍ നടത്താനും നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സ്ഥലവും കമ്മിഷന്‍ കണ്ടെത്തി. ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയെങ്കിലും, തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പാട്ടഭൂമിയുടെ വെളിയിലാണു പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സ്ഥലം എന്നു മനസിലാക്കിയ തമിഴ്‌നാട് തന്ത്രപൂര്‍വം പുതിയ ഡാം എന്ന കാര്യം വിസ്മരിച്ചു.

പിന്നീട് ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തണം എന്ന വാദവുമായി തമിഴ്‌നാട് വന്നതോടെ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നു. 2000 ഏപ്രില്‍ 5 ന് തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അത് അനിശ്ചിതത്വത്തില്‍ അവസാനിച്ചു.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം നീളുകയും അത് സുപ്രീം കോടതിയിലെത്തുകയും ചെയ്തു. 2006ല്‍ ജലനിരപ്പ് നിലവിലെ 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ പുതിയൊരു നിയമം കൊണ്ടുവരുകയും അതിനെ എതിര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യമുന്നയിക്കുകയും ചെയ്തതോടെ, സുരക്ഷാ പ്രശ്‌നങ്ങളും പുതിയ അണക്കെട്ടിന്റെ ആവശ്യകതയും പരിശോധിക്കാന്‍ കോടതി ഒരു സമിതിയെ നിയോഗിച്ചു.

കാലാവര്‍ഷത്തിനു മുമ്പും ശേഷവും അണക്കെട്ട് പരിശോധിക്കുന്നതിനും അണക്കെട്ടിന്റെ സുരക്ഷ മേല്‍നോട്ടം വഹിക്കുന്നതിനുമായി ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍ നടത്താന്‍ കോടതി സമിതിയോട് നിര്‍ദ്ദേശിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സമിതിക്ക് അധികാരം നല്‍കുകയും ഇരു സംസ്ഥാനങ്ങള്‍ക്കും അണക്കെട്ടിനും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തു.

പിന്നീട് 2011 ജൂലൈയില്‍ ഇടുക്കി ജില്ലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 3.2, തീവ്രത മാത്രമേ ഇതിനു ഉണ്ടായിരുന്നുള്ളെങ്കിലും ഇത് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും ചര്‍ച്ചക്ക് കാരണമായി. 2014 മെയ് മാസത്തില്‍ സുപ്രീം കോടതി കേരള ജലസേചന, ജല സംരക്ഷണ (ഭേദഗതി) നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന കേരള നിയമസഭ പാസാക്കിയ നിയമമാണ് സുപ്രീം കോടതി റദ്ദാക്കിയത്. തമിഴ്‌നാടിന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥിരം സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിക്കാമെന്നും കോടതി വിധിച്ചു.

2014ല്‍ മുല്ലപ്പെരിയാര്‍ കേസില്‍ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളുടെയും സമ്മത പ്രകാരം മാത്രമേ എംപവേര്‍ഡ് കമ്മിറ്റി നിര്‍ദേശിച്ചതു പോലെ മുല്ലപ്പെരിയാറിന് കീഴെ പുതിയ ഡാം നിര്‍മ്മിക്കുകയോ ടണല്‍ നിര്‍മിക്കുകയോ ചെയ്യാന്‍ പാടുള്ളുവെന്ന് നിര്‍ദേശിച്ചു. ഇരു സംസ്ഥാനങ്ങള്‍ക്കും ഒരു തീരുമാനത്തിലെത്താനായാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും അന്ന് കോടതി പറഞ്ഞു.

2018-ല്‍ കേരളത്തിലെ പ്രളയക്കെടുതിക്ക് ശേഷം അണക്കെട്ടിന്റെ സുരക്ഷ വീണ്ടും ജനശ്രദ്ധയിലേക്ക് ഉയര്‍ന്നു.

ലോകമെമ്പാടുമുള്ള കാലപ്പഴക്കം ചെന്ന അണക്കെട്ടുകളുടെ ഭീഷണിയെക്കുറിച്ച് 2021 ജനുവരിയില്‍ യുഎന്‍ പുറത്ത്വിട്ട റിപ്പോര്‍ട്ടും ഒക്ടോബര്‍ മാസത്തില്‍ കനത്ത മഴയും ഉരുള്‍പ്പൊട്ടലും വന്നതോടെ മുല്ലപെരിയാര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഭൂകമ്പം സജീവമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വലിയ ഘടനാപരമായ പിഴവുകളുണ്ടെന്നും 100 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ട് തകര്‍ന്നാല്‍ 3.5 ദശലക്ഷം ആളുകള്‍ അപകടത്തിലാകുമെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും സുരക്ഷിതത്വം നല്‍കുന്ന ഇരു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ ശാശ്വത പരിഹാരമാണ് വേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in