കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയ സ്‌കൂളുകള്‍

215 കുട്ടികളാണ് കാനഡയിൽ വംശഹത്യയ്ക്ക് ഇരയായത്. സർക്കാർ ഭീഷണിപ്പെടുത്തിയാണ് മൂന്ന്,നാലും അഞ്ചും ആറും വയസുള്ള കുട്ടികളെ ക്രിസ്തീയ സഭകൾ നടത്തുന്ന സ്കൂളികളിൽ എത്തിച്ചത്.

കാനഡയിൽ കൊല്ലപ്പെട്ടുവെന്ന് ഏറ്റവും ഒടുവിൽ കണ്ടെത്തിയ ആ 215 കുട്ടികളെകുറിച്ച് നിങ്ങൾ ഒരു പക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല. അവരിൽ പലരെയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടുപോലുമില്ല. പക്ഷേ അവർ എന്തിന് കൊല്ലപ്പെട്ടുവെന്നത് കൃത്യവും വ്യക്തവുമാണ്. അതിന് പിന്നിൽ ചൂഷണിത്തിന്റെയും വംശീയതയുടെയും വലിയ കഥകളുണ്ട്.

മെയ് മാസം അവസാനം 215 കുട്ടികളുടെ ശാരീരിക അവശിഷ്ടം കാനഡയിലെ ഏറ്റവും വലിയ റെസി‍ഡൻഷ്യൽ സ്കൂളിൽ കണ്ടെത്തി. അവിടെ നിന്നാണ് മുൻപും ഏറെ ചർച്ചചെയ്യപ്പെട്ട ഉന്മൂലനത്തിന്റെ കഥ വീണ്ടും ആ​ഗോള ശ്രദ്ധയിലെത്തുന്നത്.

ഫസ്റ്റ് നേഷൻ പീപ്പിൾ എന്നറിയപ്പെടുന്ന തദ്ദേശീയരായ ജനങ്ങളുടെ മക്കളായിരുന്നു അവർ. കാംലൂപ് ഇന്ത്യൻ റെസി‍ഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ. ഹാജറില്ലെങ്കിൽ രക്ഷിതാക്കൾ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് സർക്കാർ അവരെ സ്കൂളുകളിലെത്തിച്ചത്.

1883കൾ മുതൽ കാനഡയിൽ പ്രവർത്തിച്ച റെസിഡൻഷ്യൽ സ്കൂളുകളെന്ന കോൺ​സൺട്രേഷൻ ക്യാമ്പിന്റെ ഏറ്റവും പുതിയ ചിത്രമാണ് ടിക്കലംപ്സ് സ്കോപം, നടത്തിയ അന്വേഷണത്തിലൂടെ ഇപ്പോൾ പുറത്തുവന്നത്.

മൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ ശാരീരിക അവശിഷ്ടം പോലും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, മർദ്ദനം, പകർച്ച വ്യാധികൾ, തുടങ്ങിയവയെല്ലാം അതീജീവിച്ച് ഈ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പുറത്ത് വന്ന വിദ്യാർത്ഥികൾ ജീവിതത്തിലെ ആ ഭീകരമായ അനുഭവങ്ങളെക്കുറിച്ച് വർഷങ്ങൾക്ക് മുൻപേ തുറന്നു പറഞ്ഞിട്ടുണ്ട്.

എന്തിനായിരുന്നു അവർക്ക് കൊല്ലപ്പെടേണ്ടി വന്നത്?

അവരുടെ ഐഡന്റിറ്റി തന്നെയായിരുന്നു പ്രശ്നം. അവർ ഫസ്റ്റ് നേഷൻ പീപ്പിളാണ് അതായത് തദ്ദേശീയരായ ജനങ്ങൾ, ​ഗോത്രവർ​ഗക്കാരെന്നും ഇന്ത്യക്കാരെന്നും അറിയപ്പെട്ടവർ. കാനഡയുടെ യഥാർത്ഥ അവകാശികൾ. ഈ ഐഡന്റിറ്റിയും സംസ്കാരവും ഭാഷയുമെല്ലാം ഉന്മൂലനം ചെയ്യാനാണ് റെസിഡൻഷ്യൽ സ്കുളുകൾ കാനഡയിൽ പിറവിയെടുത്തത്.

എന്താണ് റെസിഡൻഷ്യൽ സ്കൂളുകൾ?

തദ്ദേശീയരായ ജനങ്ങളെ യൂറോ കനേഡിയൻ സംസ്കാരത്തിന്റെ ഭാ​ഗമാക്കാനാണ് കാത്തേലിക് സഭയുടെ നടത്തിപ്പിൽ സർക്കാർ സഹായത്തോടെ റെസിഡൻഷ്യൽ. സ്കൂളുകൾ കാനഡയിൽ തുടങ്ങുന്നത്.പക്ഷേ ഉന്മൂലനമായിരുന്നു സംഭവിച്ചത്. അതിന്റെ തെളിവുകളാണ് ഇപ്പോഴും പുറത്ത് വരുന്നത്.

ഇന്ത്യൻ പ്രശ്നം ഒഴിവാക്കാനും അവരെ സിവിലൈസ്ഡ് ആക്കണമെങ്കിലും ​​ഗോത്രവർ​ഗക്കാരുടെ കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ രക്ഷിതാക്കളിൽ നിന്ന് മാറ്റണമെന്ന നിക്കോളാസ് ഫ്ളഡ് ഡേവിന്റെ നിർദേശത്തിൽ നിന്നാണ് ഈ സ്കൂളുകളുടെ പിറവി.

അമേരിക്കയിൽ നിന്നാണ് ഈ മോഡലിനെക്കുറിച്ച് കനേഡിയൻ പ്രസിഡന്റിന്റെ നിർദേശ പ്രകാരം ഡേവ് പഠിക്കുന്നത്. ഒടുവിൽ ജോൺ എ മക്ക്ഡൊണാൾഡ് ഒരു സംസ്കാരത്തെയും ഒരു ജനതയെയും ഇല്ലായ്മ ചെയ്യാൻ കാത്തലിക് സഭയുടെ സഹായത്തോടെ റെസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചു.

സർക്കാർ ഫണ്ട് കൊടുത്തു, നടത്തിപ്പ് ചർച്ചും. കാനഡയിലെ തദ്ദേശിയരുടെ കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ സർക്കാർ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് എത്തിച്ചു. തട്ടികൊണ്ടുവന്നുവെന്ന് പറയാം.

സ്കൂളിൽ എത്തിയ കുട്ടികൾക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളും കടുത്ത നിയന്ത്രണങ്ങളും.

സ്വന്തം വീട്ടിൽ നിന്ന് നുറോളം കിലോമീറ്റർ അകലെയുള്ള താമസം, രക്ഷിതാക്കളെ കാണാൻ അനുവാദമില്ല, സ്വന്തം ഭാഷ സംസാരിക്കാൻ കഴിയില്ല, അനുസരിക്കാത്തവർക്ക് ക്രൂര ശിക്ഷകൾ, ലൈം​ഗിക ചൂഷണം, ശാരീരിക ഉപദ്രവം, മാനസിക പീഡനം.

ചെറിയ ഹെയർകട്ടിൽ കുട്ടികളെ എല്ലാവരെയും ഒരു പോലെ ജയിൽപ്പുള്ളികളെ പോലെ വളർത്തി ആ സ്കൂളുകളിൽ. തിരിച്ചറിയാൻ നമ്പറുകൾ, ടൈം ടേബിളുകൾ പ്രകാരമുള്ള ജീവിതം, കുടുംബ ബന്ധത്തിന്റെ ഒരു ഓർമ്മകളും ഇല്ലാതാക്കാൻ സഹോദരന്മാർ തമ്മിൽ പോലും സംസാരം പാടില്ല.

അടിസ്ഥാന വിദ്യാഭ്യാസം മാത്രം നൽകി അവരെ വ്യാവസായിക മേഖലയിലും, കാർഷിക മേഖലയിലുമെല്ലാം തിരിച്ചുവിടലായിരുന്നു ഉദ്ദേശം. അതുകൊണ്ട് അക്ഷരങ്ങളല്ല പ്രാർത്ഥനകൾ മാത്രം പഠിച്ചു പലരും. ചെറിയ പ്രായത്തിൽ വലിയ പണികളും ചെയ്യേണ്ടി വന്നു. വൃത്തിയാക്കുക, കന്നുകാലികളെ നോക്കുക, ഭക്ഷണമുണ്ടാക്കുക, തോട്ടപ്പണി അങ്ങനെ പലതും. കുട്ടികൾ പീഡനങ്ങൾ സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തിട്ടുമുണ്ട്.

ഇന്നും കാനഡയിലെ തദ്ദേശിയരുടെ ജീവിതത്തിൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പേടിപ്പെടുത്തുന്ന അനുഭവത്തിന്റെ പരിണിത ഫലങ്ങൾ ബാക്കി നിൽക്കുന്നു.

കെട്ടിയിട്ട് അടിച്ച ഓർമ്മകളും, നാവിൽ സൂചി കുത്തിയിറക്കിയ അനുഭവങ്ങളുമെല്ലാം പുറത്തു വന്ന പലരും പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്. ‌നിരവധി കുട്ടികൾ സ്കൂളിനകത്ത് പകർച്ച വ്യാധികൾ പിടിപെട്ട് മരിച്ചു പോയിട്ടുണ്ട്. മരിയാതയ്ക്ക് ഭക്ഷണം പോലും ലഭിക്കാത്ത ബോർഡിങ്ങുകളിൽ വളർന്ന കുട്ടികൾക്ക് ആരോ​ഗ്യം നന്നേ കുറവായിരുന്നു.

ഏകദേശം 4,000ത്തിലധികം കുട്ടികൾ മരിച്ചുവെന്നാണ് കണക്കുകൾ. ഇതിൽ ചെറിയൊരു ശതമാനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1867-1996 കാലഘട്ടത്തിൽ 150,000 ​ഫസ്റ്റ് നേഷൻ കുട്ടികളെയാണ് തട്ടികൊണ്ടുപോയത്. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനായിരത്തിൽ ഒതുങ്ങില്ലെന്ന് അറിയാം കാനഡയിലുള്ളവർക്ക്.

റെസിഡൻഷ്യൽ സ്കൂളുകൾ എന്ന് അടച്ചുപൂട്ടി?

1996ലാണ് കാനഡയിൽ അവസാനത്തെ റെസിഡൻഷ്യൽ സ്കൂളും റോയൽ കമ്മീഷൻ നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടുന്നത്.150 വർഷത്തിലധികം കാനഡയിൽ റെസിഡൻഷ്യൽ സ്കൂളുകൾ ‌നിലനിന്നിരുന്നു. ​അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും അവിടുത്തെ തദ്ദേശീയ ജനത അനുഭവിക്കുന്നു.

2016ലെ കണക്ക് പ്രകാരം 977,230 ഫസ്റ്റ് നേഷൻ പീപ്പിൾ മാത്രമാണ് കാനഡയിൽ ഇപ്പോഴുള്ളത്. റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പുറത്തുവന്നവർക്ക് ശാരീരിക പീഡനങ്ങളുടെ അവശേശിപ്പുകൾ ഇന്നും അനുഭവിക്കേണ്ടി വരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാന‍ഡയിൽ പ്രതിഷേധം ശക്തമാകുമ്പോൾ കത്തോലിക്ക സഭ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗോത്രവിഭാഗങ്ങള്‍ക്കായി നടത്തിയിരുന്ന സ്‌കൂളുകളെയും അവിടെയുണ്ടായിരുന്ന കുട്ടികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടിട്ടുണ്ട്.

അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം കാനഡ മുൻപും കണ്ടതാണ്

Related Stories

No stories found.
logo
The Cue
www.thecue.in