കര്‍ഷകരുടെ നടുവൊടിക്കുന്ന കാര്‍ഷികബില്‍

ആയിരക്കണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങിയ പ്രതിഷേധം, സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ രാജി, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയ എതിര്‍പ്പ്, ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച്, കര്‍ഷകര്‍ക്കുവേണ്ടിയെന്ന അവകാശവാദവുമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി.

ഇത് കര്‍ഷകരുടെ പ്രശ്‌നമല്ലെ അവര്‍ പ്രതിഷേധിക്കട്ടെ എന്ന് കരുതി മാറി നില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക, ഈ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന, മറ്റൊരു കോര്‍പ്പറേറ്റ് കച്ചവടത്തിന്റെ കരാറുറപ്പിക്കുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

എന്താണ് കാര്‍ഷിക ബില്‍?

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാലാവസ്ഥാ വ്യതിയാനവുമൊക്കെ മൂലം ദുരിതമനുഭവിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഇരട്ടി ആഘാതം ഉണ്ടാക്കുന്നതാണ് പുതിയ ബില്ലുകള്‍. ഒരു രാജ്യം ഒരു വിപണി എന്ന മുദ്രാവാക്യവുമായാണ് കാര്‍ഷിക ഭേദഗതി ഓര്‍ഡിനന്‍സ് 2020 എന്ന പേരില്‍ അറിയപ്പെടുന്ന മൂന്ന് ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ബില്‍', 'ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍', 'എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് അമെന്‍ഡ്മെന്റ് ബില്‍' എന്നിവയാണ് ആ മൂന്ന് ഓര്‍ഡിനന്‍സുകള്‍.

കാര്‍ഷിക ഉല്‍പ്പന്നങ്ങല്‍ക്ക് കൂടുതല്‍ ആവശ്യക്കാരെ ലഭ്യമാക്കുന്നതും, ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സുകളോ ഫീസുകളോ പരിധികളോ ഇല്ലാതെ സ്വതന്ത്രമായി വ്യാപാരം സാധ്യമാക്കുന്നതുമാണ് ഓര്‍ഡിനന്‍സുകളെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എന്തുകൊണ്ട് കര്‍ഷകര്‍ ബില്ലിനെ എതിര്‍ക്കുന്നു?

പുതിയ നിയമങ്ങളോടെ കര്‍ഷകരുടെ വിലപേശല്‍ ശക്തി ഇല്ലാതാകുകയും, കോര്‍പ്പറേറ്റ് താല്‍പര്യങ്ങക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നതുമാണ് പ്രതിഷേധങ്ങള്‍ക്കുള്ള പ്രധാന കാരണം. കാര്‍ഷിക മേഖലയെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണമുക്തമാക്കുന്നതാണ് നിയമം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടും. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതുമായിരുന്നു ഇതുവരെയുള്ള രീതി.

കാര്‍ഷിക ചൂഷണം അവസാനിപ്പിക്കാന്‍ രൂപം നല്‍കിയ എപിഎംസി അതായത് അഗ്രിക്കള്‍ച്ചല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ അധികാരമില്ലാതാകും. പോരായ്മകളുണ്ടെങ്കിലും രാജ്യത്ത് ഹരിത വിപ്ലവം സാധ്യമാകുന്നതില്‍ പോലും പ്രധാന കാരണമായത് എപിഎസിയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്ലാതാകുന്നതോടെ ആര്‍ക്കു വേണമെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. പാന്‍ കാര്‍ഡുള്ള ഏത് വ്യാപാരിക്കും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. പ്രത്യേക ലൈസന്‍സോ, രജിസ്‌ട്രോഷനോ ആവശ്യമില്ല.

എപിഎംസിയുടെ സംസ്ഥാന വിപണികള്‍ക്ക് പുറത്ത് വ്യാപാരം നടക്കുമ്പോള്‍, സെസ്, മാര്‍ക്കറ്റ് ഫീസ് അല്ലെങ്കില്‍ ലെവി തുടങ്ങിയവ ഉണ്ടാകില്ല. അതായത് കര്‍ഷകരും വ്യാപാരികളും സര്‍ക്കാരിന് നല്‍കേണ്ട ടാക്‌സ് ഒഴിവാക്കപ്പെടും. ഇതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്കും കമ്പനികള്‍ക്കും ഒരുപോലെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും, വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ് ഈ നീക്കമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പുതിയ നിയമത്തോടെ വിളകളുടെ ഉല്‍പാദനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിളകള്‍ വാങ്ങുന്ന കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും സാധിക്കും. ആര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭരിച്ച് വിതരണം ചെയ്യാം. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ, ഇടനിലക്കാരില്ലാതെ നേരിട്ടാകും ഇടപാട്. ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ലെന്ന് തോന്നുമെങ്കിലും ഈ മാറ്റങ്ങള്‍ നിലവിലെ കച്ചവട രീതികളെ പാടെ മാറ്റിമറിക്കും. സര്‍ക്കാര്‍ ഇടപെടലില്ലാത്തതിനാല്‍ തന്നെ പതിയെ പതിയെ സാധനങ്ങളുടെ വില കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കുന്ന സാഹചര്യം വരും. ഇതിനൊപ്പം എപിഎംസിയുടെ അധികാരം ഇല്ലാതാകുന്നത്, ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനവിനും കാരണമായേക്കാം.

കാര്‍ഷിക ബില്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി വില നിയന്ത്രണം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് പലപ്പോഴും ആശ്വാസമാകുന്ന താങ്ങുവില സമ്പ്രദായത്തിനൊപ്പം പൊതു ഭക്ഷ്യവിതരണവും, സംഭരണവും എടുത്ത് കളയുന്നതാണ് ബില്ലെന്നും ആരോപണമുണ്ട്. പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ബില്‍, വിലയുടെ കാര്യത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് പറയുന്നു, പക്ഷെ അവിടെയും വില നിര്‍ണയിക്കാനുള്ള സംവിധാനം നിര്‍ദേശിച്ചിട്ടില്ല. ഇത് സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍

ബില്ലുകള്‍ പാസാക്കിയതിനെ രാജ്യത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുപ്രധാന നിമിഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. കര്‍ഷകരുടെ സംരക്ഷണ കവചമായ ബില്ലുകള്‍ നിയമമാകുന്നതോടെ വരുമാനം ഇരട്ടിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ട്.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില, വിപണിയിലെ സ്വതന്ത്ര ഇടപെടല്‍, ഇഷ്ടമുള്ളിടത്ത് വില്‍പ്പന, കാര്‍ഷിക ഉല്‍പാദനത്തിലെ വര്‍ധനവ്, കാര്‍ഷിക മേഖലയിലെ വന്‍കിട നിക്ഷേപങ്ങള്‍ ഇങ്ങനെ നിരവധി വാഗ്ദാനങ്ങളോടെയാണ് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ ബില്‍ അവതരിപ്പിച്ചത്.

പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് കര്‍ഷകവിരുദ്ധ ബില്ലാണെന്ന് ആരോപിച്ച് പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഏറ്റവുമധികമുള്ള ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയുമടക്കം കര്‍ഷകര്‍ ഒന്നടങ്കം രംഗത്തെത്തി. പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ എതിര്‍ക്കുന്നുണ്ട്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ബില്ലുകള്‍ ഫെഡറല്‍ സംവിധാനത്തെ പൂര്‍ണമായി തകര്‍ക്കുന്നതാണെന്നായിരുന്നു അകാലിദള്‍ നിലപാട്. ആദ്യം ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ അകാലിദളിന്റെ നിലപാട് മാറ്റത്തിന് കാരണം ശക്തമായ കര്‍ഷക വികാരം തന്നെയാണ്. മുന്നണിയേക്കാള്‍ വലുത് കര്‍ഷകരാണെന്നാണ് പിന്നീട് അവര്‍ പ്രഖ്യാപിച്ചത്.

അകാലിദള്‍ നേതാവായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതും കാര്‍ഷിക ബില്ലുകളോടുള്ള പ്രതിഷേധം മൂലമായിരുന്നു. അംബാനിയുടെ ജിയോ വന്നപ്പോള്‍ എന്താണോ സംഭവിച്ചത് അതുതന്നെയാകും കാര്‍ഷിക ബില്ലിലൂടെയും സംഭവിക്കുക എന്നായിരുന്നു രാജി വെച്ച ശേഷം അവര്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ നിയമമായാല്‍ ഏറ്റവും അധികം ഭവിഷ്യത്ത് നേരിടേണ്ടി വരിക കാര്‍ഷിക തൊഴിലാളികളാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് അനായാസം കര്‍ഷകരെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത് മനസിലാക്കിയത് കൊണ്ട് തന്നെയാണ് രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്.

രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ കാര്‍ഷിക ബില്‍ നിയമമാകും. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ക്കായി, അവരുടെ ക്ഷേമത്തിനായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍, മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എങ്ങനെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി മാറ്റുന്നതെന്നതിന് അവസാന ഉദാഹരണമാകും ഇത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in