യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടു, അവളെ ആക്രമിച്ച സവര്‍ണജാതിയില്‍ പെട്ട നാല് പേര്‍ അവളുടെ നാക്ക് മുറിച്ചെടുത്തു, അവള്‍ കൊല്ലപ്പെട്ടു, പൊലീസ് അവളുടെ ശരീരം വീട്ടുകാരെ പോലും കാണിക്കാതെ കത്തിച്ചുകളഞ്ഞു.
സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഈ രാജ്യം ഉറപ്പ് നല്‍കുന്നത്? ഹത്രാസിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും, തൊട്ടടുത്ത ദിവസം ഇതേ യുപിയില്‍ നിന്ന് പുറത്തുവന്നത് സമാനമായ വാര്‍ത്തകളാണ്. ബല്‍റാംപൂരില്‍ അക്രമികള്‍ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയ ദളിത് യുവതിയുടെ മൃതദേഹം വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്, അസംഗഢിലും, ബുലന്ദ്ശഹറിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നടന്ന സംഭവങ്ങളാണിത്.
യുപിയിലെ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുമ്പോള്‍
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനെന്ന പേരില്‍ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന മിഷന്‍ ദുരാചാരിയും, ആന്റി റോമിയോ സ്‌കോഡുമെല്ലാം പൂര്‍ണ പരാജയമായി എന്നു തന്നെയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശിലാണ്. 59,853 കേസുകളാണ് 2019ല്‍ മാത്രം യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന ഈ സര്‍ക്കാരിന്റെ പൊലീസാണ്, ഹത്രാസിലെ പെണ്‍കുട്ടിക്ക് അവളുടെ കുടുംബത്തിന്റെ ഏറ്റവും വലിയ നീതി നിഷേധകരായത്. അക്രമികളില്‍ നിന്ന് ശാരീരികവും മാനസികമായും അവള്‍ക്കേറ്റ പീഡനങ്ങളോളം ക്രൂരമായിരുന്നു അവളുടെ മൃതദേഹത്തോട് ഉത്തര്‍പ്രദേശ് പൊലീസ് കാണിച്ച അനാദരവ്. തന്റെ മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുവരണമെന്ന മാതാപിതാക്കളുടെ ആവശ്യമാണ് അവര്‍ നിഷേധിച്ചത്. മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളില്‍ പൂട്ടിയിട്ട്, തിരക്കുപിടിച്ച്, യുപി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് ആര്‍ക്ക് വേണ്ടിയാണ്?
അമ്മയ്‌ക്കൊപ്പം പുല്ലരിയാന്‍ പോയ പെണ്‍കുട്ടിയെയാണ് മേല്‍ജാതിക്കാരായ നാല് യുവാക്കള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്തത്. പിന്നീട് അവളെ കണ്ടെത്തുമ്പോള്‍ കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു. നാക്ക് മുറിച്ചെടുത്തിരുന്നു. മകള്‍ക്ക് നീതി ലഭിക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് ആവര്‍ത്തിക്കുന്ന കുടുംബത്തെയാണ് ബന്ദികളെ പോലെ പൊലീസ് വീടിനുള്ളില്‍ പാര്‍പ്പിച്ചത്.
പുറത്തുനിന്നാര്‍ക്കും ബന്ധപ്പെടാന്‍ കഴിയാത്ത വിധത്തിലാണ് നിയന്ത്രണം. വീടിന് സമീപത്തെ വഴികള്‍ അടച്ചു. ഗ്രാമവാസികളെ വിരട്ടിയോടിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വരെ പൊലീസ് വഴിയില്‍ തടഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം എന്നാണ് പൊലീസ് വാദം. മകളെ അവസാനമായി കാണമെന്നും, വീട്ടിലേക്ക് കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് കരഞ്ഞ ആ അമ്മയുടേത് നാടകമെന്ന് വിശേഷിപ്പിച്ച, പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിച്ച യുപി പൊലീസ് അവര്‍ക്ക് എന്ത് നീതിയാണ് നല്‍കുക?
നടപ്പാക്കാത്ത നിയമങ്ങള്‍
സ്ത്രീപീഡനങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിത്യസംഭവമായിരിക്കുന്നു. പലകേസുകളിലും പൊലീസ് നടപടി പേരിന് മാത്രം. പ്രതിസ്ഥാനത്ത് വരുന്നവരില്‍ ഭൂരിഭാഗവും മേല്‍ജാതിക്കാരും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരുമായതിനാല്‍ തന്നെ പ്രതികള്‍ പിടിപ്പിക്കപ്പെട്ടാലും ശിക്ഷ കിട്ടുന്നതും വിരളം.
പ്രതിരോധിക്കാന്‍ നിയമങ്ങളുണ്ട്. അത് നടപ്പാക്കേണ്ട പൊലീസും കോടതിയും കണ്ടില്ലെന്ന് നടിക്കുന്നിടത്താണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഡല്‍ഹി നിര്‍ഭയ സംഭവത്തിന് ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. എന്നിട്ടും ഹത്രാസ് സംഭവത്തില്‍ പോലും സംസ്ഥാനത്തിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായതോടെയാണ് യുപി സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബേഠീ ബച്ചാവോ ബേഠീ പഠാവോ
പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും, വിദ്യാഭ്യാസ ഉന്നമനത്തിനുമായി ബേഠീ ബച്ചാവോ, ബേഠീ പഠാവോ എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഏത് സംസ്ഥാനത്ത് നിന്നാണോ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്, അതേ സംസ്ഥാനമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുന്നത്. വാക്കുകളിലും മുദ്രാവാക്യങ്ങളിലും മാത്രം ഒതുങ്ങേണ്ടതല്ല സ്ത്രീ സുരക്ഷ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അധികൃതര്‍ ഇനിയും മനസിലാക്കിയില്ലെങ്കില്‍ ഈ രാജ്യത്ത് ഹത്രാസും, ഉന്നാവോയും കത്വയുമെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.