കൊന്നിട്ടും തീരാത്ത വിദ്വേഷം, അസമില്‍ സംഭവിക്കുന്നത്
സെപ്തംബര്‍ 23ന് അസമിലുണ്ടായ പൊലീസ് നരനായാട്ടിലാണ് 12 വയസ്സുകാരനായ ഷെയ്ക്ക് ഫരീദ് കൊല്ലപ്പെട്ടത്. തന്റെ ആധാര്‍ കാര്‍ഡ് വാങ്ങി മടങ്ങി വരികയായിരുന്നു ഫരീദ്. പൊലീസ് വെടിവെപ്പില്‍ നെഞ്ചില്‍ വെടിയുണ്ട തറച്ച് മരിച്ചു കിടക്കുന്ന ഫരീദിന്റെ കുപ്പായത്തിന്റെ കീശയില്‍ നിന്ന് പുതിയ ആധാര്‍ കാര്‍ഡ് തെറിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
'എന്റെ കുഞ്ഞ് എങ്ങനെ മരിച്ചുവെന്ന് അറിയില്ല. ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോയതായിരുന്നുവെന്നാണ്, ഫരീദിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറാതെ മാതാപിതാക്കള്‍ കരഞ്ഞു പറയുന്നത്.
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മൊയിനുല്‍ ഹക്ക് എന്ന യുവാവിന്റെ മൃതദേഹത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ ബിജയ് ശങ്കര്‍ ബാനിയ ചാടി വീണ് ചവിട്ടുന്ന കാഴ്ചയും കഴിഞ്ഞദിവസങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഭാര്യയും മൂന്ന് മക്കളും പ്രായം ചെന്ന അച്ഛനും അമ്മയും ചേര്‍ന്നതായിരുന്നു ഹക്കിന്റെ കുടുംബം.
ഞങ്ങളെ പറഞ്ഞയക്കാന്‍ ഞങ്ങള്‍ ബംഗ്ലാദേശികളാണോ എന്നാണ് മൊയിനുല്‍ ഹക്കിന്റെ അച്ഛന്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.
അസമില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, പൊലീസ് വെടിവെപ്പിലേക്ക് മാത്രം നയിക്കാന്‍ മാത്രം പ്രകോപനപരമായ സംഭവങ്ങള്‍ അവിടെ നടന്നിരുന്നോ, പരിശോധിക്കാം.
അസമിലെ ധരങ്ങ് ജില്ലയിലെ ധോല്‍പൂരിനടുത്ത് ബംഗാളി മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് സര്‍ക്കാര്‍ തിരക്കിട്ട് കുടിയൊഴിപ്പിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഇവര്‍ കൂരകെട്ടി താമസിക്കുന്നത് എന്നാണ് വാദം.
സെപ്തംബര്‍ 20 മുതലാണ് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇത്രയും ദിവസത്തിനിടെ 800ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
25,595 ഏക്കറുകളോളം പരന്നുകിടക്കുന്ന ഗുവാഹത്തിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലാണ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചിരിക്കുന്നത്. ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലിനെ എതിര്‍ത്ത പൗരന്മാരെയാണ് പൊലീസ് കഴിഞ്ഞദിവസം ക്രൂരമായി ആക്രമിച്ചത്.
ആക്രമണത്തിനിടെ രണ്ട് പള്ളികളും തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന പള്ളിയ്ക്കരികില്‍ ഇരുന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിക്കുന്നത് സെപ്തംബര്‍ 22 വൈകുന്നേരത്തോടെയാണ്. സെപ്തംബര്‍ 23 രാവിലെ ആറ് മണിവരെയായിരുന്നു വീടുകള്‍ ഒഴിയാന്‍ ഇവര്‍ക്ക് അനുവദിച്ച സമയം. രാവിലെ തന്നെ അവിടെ പാര്‍ത്തിരുന്ന 80 ശതമാനത്തോളം ആളുകളെയും കുടിയൊഴിപ്പിച്ചു.
പ്രദേശത്ത് നിന്ന് വീടുവിട്ടൊഴിയുന്നവര്‍ അവരുടെ കൂര പൊളിക്കുകയും തുടര്‍ന്നും ഉപയോഗിക്കാവുന്ന വസ്തുക്കള്‍ കൂടെ കൊണ്ടു പോവുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് അതിനുപോലും അനുവദിക്കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവരുടെ താമസസ്ഥലങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടിയാണ് ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ കുടിയൊഴിഞ്ഞു പോകാന്‍ തയ്യാറായവരാണ് ഏറിയ മനുഷ്യരും. ഇവര്‍ക്ക് നേരെ നിറയൊഴിക്കാന്‍ മാത്രം എന്ത് പ്രകോപനമാണ് അവിടെയുണ്ടായത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ബംഗാളി മുസ്ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. ജൂണ്‍ മാസത്തിലും അസമില്‍ സമാനമായ രീതിയില്‍ കുടിയൊഴിപ്പിക്കല്‍ നടത്തിയിരുന്നു. ആദ്യ ഘട്ടമെന്നോണം കുടിയൊഴിപ്പിക്കല്‍ നടത്തിയ പ്രദേശത്ത് പുതിയ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് അസം സര്‍ക്കാര്‍ ചെയ്തത്. 4500 ഭിഗാസ് സര്‍ക്കാര്‍ ഭൂമി കാര്‍ഷിക പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടുകൊണ്ടാണ് കുടിയൊഴിപ്പിക്കല്‍ തുടരുന്നത്. കാര്‍ഷിക പദ്ധതികള്‍ക്കായി മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് അത്ര നിസാരമായി കാണേണ്ട ഒന്നല്ല.
ഗ്രാമീണര്‍ പൊലീസിനു നേരെ അതിക്രമം നടത്തിയെന്നും അതിനാലാണ് വെടിവെപ്പില്‍ കലാശിച്ചതെന്നുമാണ് പൊലീസ് വാദം. എന്നാല്‍ പേടിച്ച് പിന്തിരിഞ്ഞോടുന്ന മനുഷ്യര്‍ക്ക് നേരെ നിര്‍ദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നുവെന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍ കാണിച്ചു തരുന്നുണ്ട്. അസമിലെ ബിജെപി സര്‍ക്കാര്‍ പൊലീസ് നടപടിയെ അപലപിക്കുന്നതിന് പകരം അഭിനന്ദിക്കുകയാണ് ചെയ്തത്. കുടിയൊഴിപ്പിക്കല്‍ തുടരും എന്ന് തന്നെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവര്‍ത്തിച്ചതും.
ഹിന്ദുത്വ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന നിരവധിയായ നടപടികളില്‍ ഒന്ന് മാത്രമാണ് അസമില്‍ കഴിഞ്ഞ ദിവസം കണ്ടതും. 1983ലെ നെല്ലി കൂട്ടക്കൊലമുതല്‍ കുടിയൊഴിപ്പിക്കല്‍ നടപടി വരെ നീളുന്നതാണ് അസമിലെ മുസ്ലിം വിരുദ്ധ നടപടികള്‍.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അസമിലെ തേയില തോട്ടങ്ങളിലേക്ക് ജോലിക്കായി കിഴക്കന്‍ ബംഗാളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും നിരവധി തൊഴിലാളികളെ കൊണ്ടുവന്നു. അതില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. പതിറ്റാണ്ടുകളായി അസമില്‍ താമസിച്ചുവരുന്ന ഈ മനുഷ്യരുടെ അവകാശങ്ങളെ തല്ലിക്കെടുത്തിയാണ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നത്.
1983ലെ നെല്ലി കൂട്ടക്കൊലയില്‍ തുടങ്ങിയതാണ് അസമില്‍ വര്‍ഗീയതിയുടെ വിത്ത് വിതയ്ക്കാനുള്ള ശ്രമങ്ങള്‍. 1983 ഫെബ്രുവരി 18- നായിരുന്നു സായുധരായ സംഘം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്. ആറു മണിക്കൂറോളം നീണ്ടു നിന്ന ആ സംഘര്‍ഷത്തില്‍ ഏകദേശം 3000 ത്തോളം പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു. അലിസിംങ്ക, കുലപതാര്‍ ബസുന്ദരി, ബുഗ്ദുപ ബീല്‍ ബുഗ്ദുപ ഹബി ബോര്‍ജോല ബുടുനി, ഇന്ദ്രുമുരി, മുലധരി, ബോര്‍ബോരി, നെല്ലി തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും ആക്രമണത്തില്‍ നശിക്കുകയും ചെയ്തു.
മാത്രമല്ല, അസമില്‍ നടപ്പാക്കിയ പൗരത്വപട്ടികയിലൂടെ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത് മുസ്‌ലിങ്ങളുള്‍പ്പെടെ നിരവധി മനുഷ്യരാണ്. പൗരത്വപട്ടിക പുറത്ത് വന്നപ്പോള്‍ 19 ലക്ഷത്തോളം പേര്‍ പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. എന്നാല്‍ കേന്ദ്രം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിന്ദുക്കള്‍ പൗരത്വം നേടുകയും അല്ലാത്തവര്‍ പട്ടികയ്്ക് പുറത്താക്കപ്പെടുകയും ചെയ്യും.
ഏറ്റവുമൊടുവില്‍ കുടിയൊഴിപ്പിക്കലില്‍ എത്തി നില്‍ക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഹിന്ദുത്വയുടെ വേരുകളൂന്നി അസമില്‍ വര്‍ഗീയ വിഭജനത്തിന് വഴിയൊരുക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്.