ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാറിന്റെ ജിംഗോയിസം

ജിംഗോയിസം അഥവാ തീവ്ര ദേശീയത ബിഗ്ബജറ്റ് സിനിമകളുടെ പ്രധാന ചേരുവയായി ബോളിവുഡ് ഉപയോഗിച്ച് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം കാര്യമായി അഡ്രസ് ചെയ്യാതെ, ഭരണകൂടത്തിന് വിധേയപ്പെട്ടുകൊണ്ട് നില്‍ക്കാന്‍ മാത്രം ശ്രമിച്ച മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങളാണ് തീവ്രദേശീയത കച്ചവടമാക്കാന്‍ തീരുമാനിക്കുന്നത്. ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി സ്വഭാവത്തിലും ബയോപ്പിക്കുകളുടെ സ്വഭാവത്തിലും ആ ഫോര്‍മുല കാര്യമായി ഉപയോഗിച്ച താരമാണ് അക്ഷയ് കുമാര്‍. 2016ല്‍ പുറത്തിറങ്ങിയ എയര്‍ലിഫ്റ്റില്‍ നിന്ന് തുടങ്ങി സാമ്രാട്ട് പൃഥ്വിരാജ് വരെയുള്ള ചിത്രങ്ങള്‍.

ബിജെപി അധികാരത്തില്‍ വരുന്നതിന് മുന്‍പ് പെട്രോള്‍ വിലയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന ബോളിവുഡ് താരങ്ങള്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം നിശബ്ദമായത് നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഈ നിശബ്ദതയ്‌ക്കൊപ്പം തീവ്ര ദേശീയത സിനിമയില്‍ തുടര്‍ച്ചയായി പ്രമേയമാക്കിയതോടെ സംഘ്പരിവാറിനും ബിജെപിയ്ക്കും പ്രിയപ്പെട്ടയാളായും അക്ഷയ് കുമാര്‍ മാറി. മോദിയെ ഇന്റര്‍വ്യു ചെയ്യാന്‍ പോലും അക്ഷയ് കുമാറെത്തി, പക്ഷേ കൊവിഡിന് ശേഷം ആ ജിംഗോയിസ്റ്റിക് ഫോര്‍മുല ബോളിവുഡില്‍ പഴയ പോലെ അക്ഷയ്കുമാറിന് ഗുണമുണ്ടാക്കിയിട്ടില്ല, ഏറ്റവും ഒടുവിലെ പൃഥ്വിരാജ്, സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാമ്രാട്ട് പൃഥ്വിരാജ് ആക്കിയിട്ട് പോലും ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് അടിഞ്ഞു.

ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാതെയാണ് അക്ഷയ് കുമാര്‍ എന്ന നടന്‍ ബോളിവുഡിലേക്ക് കടന്നുവന്നത്. 1991ലെ സൗഗന്ധ് എന്ന ചിത്രത്തില്‍ നിന്ന് ആരംഭിച്ച അഭിനയജീവിതം. തുടക്ക കാലത്ത് ഖിലാഡി സീരീസിലൂടെ ആക്ഷന്‍ ഹീറോ എന്ന് അറിയപ്പെട്ടിരുന്ന അക്ഷയ് പിന്നീട് കോമഡിയും ആക്ഷനും എല്ലാം ചെയ്യുന്ന ഓള്‍ റൗണ്ടറായി മാറുകയായിരുന്നു.

കുവൈറ്റ് യുദ്ധസമയത്ത് കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രമേയമാക്കിയ എയര്‍ലിഫ്റ്റ് മുതല്‍ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ തീവ്ര ദേശീയതയുടെ പ്രയോജനങ്ങള്‍ കണ്ടെത്തിത്തുടങ്ങി. പിന്നീട് പീരീഡ് സിനിമകളായും, ബയോപ്പിക്കുകളായും, ഒരുപാട് ചിത്രങ്ങള്‍. കാവിക്കൊടിയും കാവിനിറവും ഫ്രെയിമില്‍ നിറച്ചും, തീവ്രഹിന്ദുത്വ പ്രൊപ്പഗാന്റകളായും, മോദി സര്‍ക്കാരിന് സ്തുതിപാടിക്കൊണ്ടും, അക്ഷയ് കുമാര്‍ ബോളിവുഡില്‍ നിറഞ്ഞു.

പക്ഷേ കൊവിഡാനന്തരം 2021-2022 വര്‍ഷത്തില്‍ അക്ഷയ് കുമാറിന് തുടര്‍ച്ചയായി മൂന്ന് വന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജിംഗോയിസ്റ്റിക് ഫോര്‍മുലയില്‍ പുറത്തിറങ്ങിയ ബെല്‍ ബോട്ടം, സാമ്രാട്ട് പൃഥ്വിരാജ് എന്നിവയും ആക്ഷന്‍ കോമഡി ചിത്രമായ ബച്ചന്‍ പാണ്ഡേയും.

എന്നാല്‍ ഇതാദ്യമായല്ല അക്ഷയ് കുമാര്‍ എന്ന നടന്‍ തുടര്‍ച്ചയായ ബോക്്സ് ഓഫീസ് പരാജായങ്ങള്‍ നേരിടുന്നത്. 90കളുടെ പകുതിയില്‍ അക്ഷയ് കുമാറിന്റെ 14 സിനിമകളാണ് ബോക്സ് ഓഫീസില്‍ പരാജയമായത്. അന്ന് തന്റെ അഭിനയ ജീവിതം തന്നെ ഇല്ലാതാകും എന്ന് കരുതിയിരുന്നു എന്ന് അക്ഷയ് കുമാര്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ഹം ഹേ ബേമിസാല്‍, പാണ്ഡവ്, മെയ്ദാന്‍ ഹേ ജങ്ക്, നസര്‍ കെ സാമനെ, സപൂത്ത്, ലാഹോ കെ ദോ രങ്ക്, ഇന്‍സാഫ്, ദാവ, തരസ്, കീമത്ത്, ആറ്സൂ, ബാരൂദ് തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെ പ്രധാന ബോക്സ് ഓഫീസ് ഫ്ലോപ്പുകള്‍. ഈ പരാജയങ്ങള്‍ക്കിടയിലും തന്റെ ആക്ഷന്‍ സിനിമകളായ ഖിലാഡി സീരീസിലൂടെ അക്ഷയ് കുമാര്‍ ഒന്നോ രണ്ടോ ഹിറ്റുകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2000ല്‍ പുറത്തിറങ്ങിയ ഖിലാഡി സീരീസിലെ അവസാന ചിത്രം ഖിലാഡി 420 വന്‍ പരാജയമായിരുന്നു.

2000ല്‍ തന്നെയാണ് അക്ഷയ് കുമാര്‍ - പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ തുടക്കവും. ഇരുവരുടെയും ആദ്യ ചിത്രമായ ഹേര ഫേരി സൂപ്പര്‍ ഹിറ്റായിരുന്നില്ലെങ്കിലും ബോക്സ് ഓഫീസില്‍ ആവറേജ് വിജയം നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം വന്ന ഗരം മസാല, ഭഗം ഭാങ്ക്, ഭൂല്‍ ഭുലയ്യ എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായി.

90കളില്‍ ആക്ഷന്‍ സിനിമകളില്‍ മാത്രം ഒതുങ്ങി പോയിരുന്ന അക്ഷയ് കുമാറിന്റെ കരിയര്‍ മാറാന്‍ ഇന്ത്യന്‍ സിനിമയുടെ ആദ്യ സൂപ്പര്‍ സ്റ്റാറായ രാജേഷ് ഖന്നയും ഒരു ഘടകമായിരുന്നു. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്നയുടെ പിതാവ് കൂടിയാണ് രാജേഷ് ഖന്ന.

'പ്രേക്ഷകരെ എന്റര്‍ട്ടെയിന്‍ ചെയ്യിക്കുന്ന സിനിമകളാണ് ചെയ്യേണ്ടത്. അതില്‍ കോമഡിയും ആക്ഷനും എല്ലാം ഉണ്ടാവാം. സിനിമയ്ക്ക് പ്രേക്ഷകര്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാനും സാധിക്കണം. എന്തെങ്കിലും ഒരു പര്‍പ്പസ് സിനിമയില്‍ ഉണ്ടാകേണ്ടത് ആത്യാവശ്യമാണ്. അതുകൊണ്ട് ഖിലാഡി സീരിസ് ചെയ്യുന്നത് അവസാനിപ്പിക്കണം' എന്നാണ് രാജേഷ് ഖന്ന അക്ഷയ് കുമാറിനോട് പറഞ്ഞത്. ആ ഉപദേശം അക്ഷയ് കുമാറിന്റെ അഭിനയ ജീവിതതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നു എന്ന് തന്നെ പറയാം. 2019ലെ higest paid entertainers എന്ന ഫോര്‍ബ്സ് മാഗസിനിന്റെ ലിസ്റ്റില്‍ അക്ഷയ് കുമാറും ഇടം നേടിയിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ 4ാമതാണ് അക്ഷയ് കുമാര്‍.

ആക്ഷന്‍ സ്റ്റാറില്‍ നിന്ന് പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കോമഡിയിലേക്ക് ട്രാക്ക് മാറ്റാന്‍ കഴിഞ്ഞ അക്ഷയ്കുമാര്‍ തീവ്രദേശീയത വിളമ്പുന്നവരുടെ പോസ്റ്റര്‍ ബോയിയായ് സിനിമയ്ക്ക് അകത്തും പുറത്തും മാറ്റിയ ട്രാക്കിന്റെയും കാലാവധി കഴിഞ്ഞുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ചെത്തിയ സാമ്രാട്ട് പൃഥ്വിരാജ് വിജയിപ്പിക്കാന്‍ അക്ഷയ് കുമാറിന്റെ ഫാന്‍ ബേസിനും ബിജെപി സംഘ്പരിവാര്‍ പിന്തുണയ്ക്കും കഴിഞ്ഞില്ല. 300 കോടിക്കടുത്ത് ചിലവ് വന്ന ചിത്രം ബോക്്സ് ഓഫീസില്‍ നേടിയത് വെറും 87 കോടി മാത്രമാണ്. സിനിമയുടെ പരാജയത്തില്‍ നിര്‍മാതാവ് ആദിത്യ ചോപ്ര വരെ അക്ഷയ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സാമ്രാട്ട് പൃഥ്വിരാജിന്റെ റിലീസിനോട് അനുബന്ധിച്ച് യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം ടാക്സ് ഫ്രീ ആക്കിയിരുന്നു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് ചിത്രത്തെ വിശേഷിപ്പിച്ചത് വേള്‍ഡ് ക്ലാസ് എന്നാണ്. പക്ഷെ സിനിമ കാണാന്‍ പ്രേക്ഷകര്‍ വരാന്‍ തയ്യാറായില്ല.

അപ്രതീക്ഷിതമായെത്തിയ സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തില്‍ നിന്നെങ്കിലും തീവ്ര ദേശീയത കൊണ്ട് മാത്രം എക്കാലത്തും ബോകസ് ഓഫീസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് താരവും ബോളിവുഡും തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ അത് അടുത്തൊന്നും ഉണ്ടാവില്ലെന്നാണ് ഇനി വരാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സൂചന നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in