ഇര്‍ഫാന്‍ ഖാന്റെ സിനിമകളിലെ സഞ്ചാരി

ഇര്‍ഫാന്‍ ഖാന്റെ സിനിമകളിലെ സഞ്ചാരി
Published on

ആത്മാവിലെ സഞ്ചാരിയെ തിരയിലേക്ക് പകര്‍ന്നാടിയ നടന്‍

'സ്വപ്നംപോലെ കുതിച്ചുപായുന്ന ഒരു തീവണ്ടി യാത്രയുടെ ആലസ്യത്തിന്റെ അഴക് ആസ്വദിക്കുകയായിരുന്നു ഇതുവരെ ഞാന്‍. എന്റെ ഒപ്പം യാത്രക്കാരായി എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ പോലെ കൂട്ടിനുണ്ടായിരുന്നു.' ഇര്‍ഫാന്‍ ഖാന്റെ അവസാന കാലത്തെ വാക്കുകളില്‍ പോലും യാത്രയോടുള്ള അടങ്ങാത്ത ആവേശം നിറഞ്ഞിരുന്നു. ഒരു സഞ്ചാരിയുടെ ആത്മാവ് ആയിരുന്നു ഈ അതുല്യപ്രതിഭയ്‌ക്കെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തന്നെ തെളിവ്.

ടെലിഫിലിമുകളില്‍ തുടങ്ങി ഹോളിവുഡ് വരെ എത്തിയ ചലച്ചിത്ര ജീവിതത്തില്‍ ഇര്‍ഫാന്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം യാത്രകളോടുള്ള ആ മനുഷ്യന്റെ പ്രണയം. ദി നെയിംസേക്ക്, ലൈഫ് ഓഫ് പൈ, ഡാര്‍ജീലിംഗ് ലിമിറ്റഡ്, ലൈഫ് ഇന്‍ എ മെട്രോ, ഖരീബ് ഖരീബ് സിംഗിള്‍, കാരവാന്‍, തുടങ്ങിയ ചിത്രങ്ങളെല്ലാം അത് അടിവരയിട്ട് ഉറപ്പിക്കുന്നവയാണ്.

2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി നെയിംസേക്ക്. ഇര്‍ഫാന്‍ ഖാന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന്.ടി ജുംബ ലാഹിരി എഴുതിയ നോവലിനെ ആസ്പദമാക്കി മീര നായര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ബംഗാളി ദമ്പതികള്‍ യുഎസില്‍ താമസമാക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രത്തിന്റെ കഥ. അതിലെ ഇര്‍ഫാന്റ വളരെ പ്രശസ്തമായൊരു ഡയലോഗുണ്ട്.

ഒത്തിരി താമസിക്കുന്നതിനു മുമ്പ് ഒരു തീരുമാനം എടുക്കാം. കൂടുതലൊന്നും ചിന്തിക്കാതെ ഒരു തലയിണയും പുതപ്പും പാക്ക് ചെയ്തു നിങ്ങള്‍ക്ക് സാധിക്കാവുന്നത്രയും ലോകത്തെ കാണാന്‍ ഇറങ്ങുക. നിങ്ങള്‍ ഖേദിക്കേണ്ടി വരില്ല. പിന്നീടൊരിക്കലായാല്‍ അത് വൈകി പോകും. ഇന്ത്യയും അമേരിക്കയും രണ്ട് ലോകങ്ങള്‍ ആയി തന്നെ വളരെ മനോഹരമായി ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

അനന്തതയില്‍ പരന്നു കിടക്കുന്ന നീല സമുദ്രങ്ങളെ വിസ്മയിപ്പിക്കും വിധം വാക്കുകളിലൂടെ അഭിനയത്തിന്റെ അനന്തസാധ്യതകള്‍ പുറത്തെടുത്ത ഇര്‍ഫാന്‍ ഖാന്റെ മറ്റൊരു സൃഷ്ടിയാണ് ലൈഫ് ഓഫ് പൈ.കടലില്‍ കടുവയോടൊപ്പം ഒറ്റപ്പെട്ടുപോകുന്ന ചെറുപ്പക്കാരന്റെ ജീവിതം തന്റെ ശബ്ദത്തിലൂടെ ലോകത്തിനുമുന്നില്‍ ജീവിതമായി തന്നെ ഈ മനുഷ്യന്‍ പകര്‍ന്നു കൊടുത്തു.

കഠിനകാലങ്ങളില്‍ കൂട്ടുകാരായിരുന്നവര്‍ അപ്രതീക്ഷിതമായി, 'അണ്‍സെറിമോണിയസ് ലി' , തിരിഞ്ഞ് നോക്കാതെ വിട്ട് പോകുന്നതിലെ വ്യഥയെ അയാളുടെ ശബ്ദത്തിലൂടെ ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താതെ ആര്‍ക്കും കേട്ടിരിക്കാനാവില്ല. ഒരിക്കലും കണ്ടെത്താത്ത അത്ഭുത ദ്വീപും തന്റെ രക്ഷപ്പെടലുമെല്ലാം തന്‍മയത്വത്തോടെ കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഇര്‍ഫാന്‍ കോറിയിടുന്നു.

' യാത്രയെ , നമ്മള്‍ ഓരോരുത്തരും അജ്ഞാതരെ അന്വേഷിക്കുന്ന ഒരു ആത്മീയ യാത്രയാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ' 2008 ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ഖാന്റെ ഹോളിവുഡ് കരിയറിലെ ആദ്യകാല ക്രോസ്ഓവര്‍ സിനിമകളിലൊന്നായ ഡാര്‍ജിലിംഗ് ലിമിറ്റഡില്‍ നിന്നുള്ള വാക്കുകളാണിത്. വെസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്റേത് ഒരു ചെറിയ വേഷം മാത്രമായിരുന്നുവെങ്കിലും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടേയും നിരൂപകരുടേയും

ഹൃദയത്തില്‍ ആ കഥാപാത്രത്തിന്റെ സ്ഥാനം വളരെ വലുതാണ്.

ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തിന്റെ മരണശേഷം പരസ്പരം വീണ്ടും ബന്ധപ്പെടാമെന്ന പ്രതീക്ഷയില്‍ ട്രെയിനുകളില്‍ ഇന്ത്യയിലൂടെ സഞ്ചരിക്കുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ഈ സിനിമ വിവരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ നടി പാര്‍വ്വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ആയിരുന്നു നായകന്‍. അസാധാരണമായ ഒരു യാത്ര രണ്ട് ധ്രുവങ്ങളിലുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രണയം ആയിരുന്നു ഈ ചിത്രം. യാത്രകളിലൂടെ തങ്ങളെത്തന്നെ തിരിച്ചറിയുന്ന കഥാപാത്രങ്ങളായി പാര്‍വതിയും ഇര്‍ഫാനും നിറഞ്ഞ ചിത്രമായിരുന്നു അത്.

യോഗി എന്ന ചുഴലിക്കാറ്റിനെ തന്നിലേക്കു ആവാഹിച്ച ഇര്‍ഫാന്‍ ഖാന്റെ ഉല്ലാസപ്രകടനമാണ് ചിത്രത്തിലുടനീളം. ഇര്‍ഫാന്‍ ഖാനല്ലാതെ മറ്റൊരു നടന് ആ കഥാപാത്രത്തെ അത്രത്തോളം മികച്ചതാക്കാന്‍ കഴിയുമോ എന്ന് സംശയമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in