ഗോവൻ യാത്ര,പോക്കറ്റിലൊതുങ്ങുന്ന സഞ്ചാരം
ഗോവ എന്നുപറയുമ്പോൾ തന്നെ ഒരു വശത്തുകൂടി നമ്മുടെ പോക്കറ്റ് കാലിയാകാൻ തുടങ്ങും. ആഘോഷങ്ങൾക്കും ആനന്ദത്തിനും ഒരു കുറവുമില്ലാത്ത ഗോവയ്ക്ക് കയ്നിറയെ പണമില്ലാതെ പോകാൻ ആകില്ലെന്നത് സത്യമാണെങ്കിലും ചിലപ്പോൾ എങ്കിലും ചിലവുകുറച്ച് തികച്ചും ബജറ്റിൽ കൊള്ളുന്നൊരു യാത്രയ്ക്കും ബെസ്റ്റാണിവിടം. എങ്ങനെ കീശതാലിയാവാതെ ആ സുന്ദരഭൂമിയിലൊന്ന് പോയിവരാം എന്നുനോക്കാം.
തുടക്കം ട്രെയിനിലാക്കാം
സമയലാഭവും സൗകര്യവും ഒക്കെ നോക്കുമ്പോൾ നമ്മുടെ നാട്ടിൽ നിന്നും ഗോവയ്ക്ക് പോകാൻ നല്ലത് വിമാനയാത്രയാണ്. ഒരല്പ്പം ആഡംബരവുമാണല്ലോ അത്. ആദ്യപടിയായ പുറപ്പെടൽ തന്നെ നമുക്ക് ആ ആർഭാടം അങ്ങ് വേണ്ടെന്ന് വയ്ക്കാം. പകരം പോക്ക് ട്രെയിനിലാക്കാം., ഈ ട്രെയിൻ യാത്ര അത്ര മോശമൊന്നുമല്ല. ആകാശത്ത് കൂടെ പോകുമ്പോൾ പൊട്ടുപോലെ കാണുന്ന പല കാഴ്ച്ചകളും ഒരു ജനലിനപ്പുറം അടുത്ത്കണ്ട് യാത്ര നടത്താം അതിന് ട്രെയിൻ കഴിഞ്ഞിട്ടേ വെറെയെന്തും ഉള്ളു. നമ്മുടെ രാജ്യത്തെ തീവണിപ്പാതകളുടെ അത്രയും മനോഹരമായൊരു സഞ്ചാരപദം വേറെയുണ്ടോ.
എറണാകുളത്തുനിന്നും ഗോവയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ മഡ്ഗോണിലേയ്ക്ക് ആണ് ഈ യാത്ര. സാധാരണ ഗതിയിൽ മഡ്ഗോണാണ് ഗോവയിലേയ്ക്ക് പോകാൻ ഇറങ്ങേണ്ടയിടമെങ്കിലും തലസ്ഥാനമായ പഞ്ചിം അഥവാ പനാജിയിലേയ്ക്ക് എത്താൻ എളുപ്പം കർമാലി എന്ന സ്റ്റേഷനാണ്. കാരണം ഗോവ കാണണമെങ്കിൽ ആദ്യം നിങ്ങൾ പനാജിയിൽ എത്തണം. ഗോവയുടെ ഏത് മുക്കിലും മൂലയിലേയ്ക്കും പോകണമെങ്കിൽ ഈപറഞ്ഞ പനാജിയിലെത്താതെ തരമില്ല.
എറണാകുളം- മഡ്ഗോൺ ടിക്കറ്റ് നിരക്ക്- സ്ലീപ്പർ 385-410 രൂപ വരെ
എസി കോച്ച് ടു ടയർ- 1530 രൂപ
സീസണിലെ സന്ദർശനം വേണ്ടേ വേണ്ട
വല്ല നിവർത്തിയും ഉണ്ടെങ്കിൽ സീസൺ സമയത്ത് ഗോവ സന്ദർശിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. കാരണം അതുവരെ നൂറ് രൂപ വിലയുള്ള സാധനം സീസൺ ആകുമ്പോൾ ചിലപ്പോൾ ഇരട്ടിയും അതിലധികവും ആകും. ഇത് ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ആവശ്യഘടകങ്ങളിലും. അതായത് റൂമുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ, എന്തിന് ഏറെ പറയുന്നു, സീസൺ തുടങ്ങിയാൽ സ്വന്തം മെനുകാർഡിലെ ഐറ്റംസിന്റെ വരെ വില മാറ്റി അടിക്കുന്ന ഹോട്ടലുകൾ വരെയുണ്ട്.
ഇനി ഓഫ് സീസണിലാണ് നിങ്ങളുടെ ഗോവൻ വിസിറ്റെങ്കിൽ ഒട്ടും സംശയിക്കണ്ട, രാജാവിനെപ്പോലെ അവിടെ വിലസാം. അപ്പോൾ പറഞ്ഞുവന്നത് പനാജിയിലേയ്ക്കുള്ള പ്രവേശനമാണ്. മഡ്ഗോണിൽ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട് പനാജിയിലേയ്ക്ക്. ഏകദേശം 700-800 രൂപ വരെയാണ് ടാക്സി നിരക്ക്. സീസൺ ആകുമ്പോൾ ഇത് 1500 വരെ ഉയരും.
ദ ഹേർട്ട് ഓഫ് ഗോവ- പനാജി
തലസ്ഥാനമായ പനാജിയാണ് എല്ലാ ഗോവൻ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേന്ദ്രബിന്ദു. പല തരത്തിൽ നമുക്ക് ഗോവ ചുറ്റിക്കറങ്ങാം. റെന്റിന് ബൈക്കും കാറുമെല്ലാം ലഭിക്കും. വേണമെങ്കിൽ ഡ്രൈവറെയും ലഭിക്കും. ഗോവയുടെ സീസൺ ആരംഭിക്കുന്നത് നവംബർ മാസം അവസാനമാണ്. അത് പുതുവർഷാഘോഷവും പിന്നിട്ട്, ഫെബ്രുവരിയുടെ അവസാനം വരെ നീണ്ടുനിൽക്കും. നേരത്തെ പറഞ്ഞതുപോലെ ഈ റെന്റിന് ലഭിക്കുന്ന വാഹനങ്ങൾക്കും ഈ സമയം നിരക്ക് വർധിപ്പിക്കും. എന്നുകരുതി മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വിചാരിക്കണ്ട. ഒരു പ്രയാസവുമില്ലാതെ നിങ്ങൾക്ക് പ്രധാനപ്പെട്ട ടൂറിസ്റ്റ് പോയിന്റുകൾ കാണാൻ സൈറ്റ് സീയിംഗ് ബസുകളിൽ കയറാം. വെറും 200 രൂപ മുടക്കിയാൽ ഗോവയുടെ കടൽത്തീരങ്ങളും കടലോരഗ്രാമങ്ങളും അടക്കം ചുറ്റിയടിച്ച് കാണാം. വണ്ടിയോടിക്കണ്ട, വെയിൽകൊള്ളണ്ട, വെറുതെ ബസിൽ കയറിയിരുന്ന് കൊടുത്താൽ മതി. അവർ നിങ്ങളെ കൊണ്ടുപോയ്ക്കോളും.
വിദേശരാജ്യങ്ങളിലൊക്കെ ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. അവിടങ്ങളിലൊക്കെ വലിയൊരു വരുമാനമാർഗവും ഈ ഗതാഗതസംവിധാനങ്ങളിലൂടെ ലഭിക്കുന്നുമുണ്ട്. ഗോവയിലും ഗവൺമെന്റ് നേരിട്ടുനടത്തുന്നതും, ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്നതുമായ ഇത്തരം സൈറ്റ് സീയിംഗ് ബസുകൾ നിരവധിയുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സമയം. ഒരുദിവസം ഒൻപതോളം പ്രധാനയിടങ്ങളിലും അവർ നിങ്ങളെ കൊണ്ടുപോകും. ഗോവ മുഴുവൻ കാണണമെങ്കിൽ രണ്ട് ദിവസത്തെ പാക്കേജ് ആണ് ഉത്തമം. കൊണ്ടുപോകുന്ന സ്പോട്ടുകളിലെല്ലാം നടന്നുകാണാൻ ഒരു മണിക്കൂർ അടുത്ത് സമയവും അനുവദിക്കുന്നുണ്ട്.
ഇനി വേറെയുണ്ട് വഴി. അത് സാദാ ബസുകളാണ്. ഓട്ടോറിക്ഷക്കാർ കൊള്ളപൈസ ഈടാക്കുന്നിടത്ത് പത്തോ ഇരുപതോ രൂപയ്ക്ക് നിങ്ങൾക്ക് പോകേണ്ടയിടത്ത് ഈ ബസ് സർവീസിലൂടെ സാധിക്കും. ഓരോ മിനിറ്റ് ഇടവിട്ടാണ് ഇവിടെ പ്രൈവറ്റ് ബസുകൾ ഓടുന്നത്. ഇതിനുമാത്രം ബസുകൾ എവിടുന്നാണ് എന്ന് നമ്മൾ ചിന്തിച്ചുപോകും അവിടെയെത്തിയാൽ. ടിക്കറ്റ് നിരക്ക് അറിയാൻ പനാജി ബസ് സ്റ്റാന്റിൽ ചെന്നന്വേഷിക്കുക. അല്ലെങ്കിൽ ഈപറഞ്ഞതുപോലെ അവരും തോന്നിയ നിരക്കൊക്കെ ഈടാക്കും. പിന്നെ പണം നൽകുമ്പോൾ ടിക്കറ്റ് കിട്ടും എന്നൊന്നും കരുതരുത്. അത്തരം ഏർപ്പാടുകൾ ഒന്നും അവിടെയില്ല. എന്തിന് ഏറെ പറയുന്നു നമ്മൾ കൊടുക്കുന്ന കാശ് നേരെ പോകുന്നത് കണ്ടക്ടർ ചേട്ടന്റെ പോക്കറ്റിലേയ്ക്കാണ്. പണം സൂക്ഷിക്കാൻ ഒരു ബാഗ് പോലും ഇവരുടെ കയ്യിൽ കാണില്ല. ഗോവയിൽ എവിടേയ്ക്ക് പോകണമെങ്കിലും ഒന്ന് പുറത്തേയ്ക്ക് ഇറങ്ങി നിന്നാൽ മതി. സെക്കന്റുകൾക്കുള്ളിൽ നിങ്ങൾക്ക് ബസ് ലഭിക്കും.
പനാജിയിൽ താമസിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് സമീപപ്രദേശങ്ങളിൽ. ബീച്ച് സൈഡ് റൂമുകൾക്ക് ഓഫ് സീസണിലും ഡിമാന്റാണ്. അതിന് നല്ലത് ഓൺലൈൻ ബുക്കിംഗ് തന്നെയാണ്. സീസണിലാണെങ്കിലും മികച്ച ഓഫറുകൾ ഓൺലൈൻ സൈറ്റുകൾ നൽകുന്നുണ്ട്. അവിടെ ചെന്നതിനുശേഷം ഹോട്ടലുകൾ തപ്പിയിറങ്ങാതിരിക്കുന്നതാണ് ഉചിതം. 300 രൂപ മുതൽ മുകളിലേയ്ക്ക് വാടകയുള്ള റൂമുകളും റിസോർട്ടുകളും ഹോംസ്റ്റേകളും ഗോവയിൽ ലഭ്യമാണ്.
വിലപേശാൻ മിടുക്കരാണോ
ഷോപ്പിംഗ് നടത്താതെ എന്ത് ട്രിപ്പ് അല്ലേ, ഗോവ ബീച്ചുകൾക്ക് മാത്രമല്ല, തകർപ്പൻ മാർക്കറ്റുകൾക്കും പേരുകേട്ടതാണ്. വിലകുറച്ച് മദ്യം വരെ ഇവിടെ നിങ്ങൾക്ക് വാങ്ങാം. വിലപേശൽ ശരിക്കുമൊരു കഴിവാണ്. ഗോവയിലെ മാർക്കറ്റുകളിലേയ്ക്ക് ഇറങ്ങിയാൽ നിങ്ങൾക്ക് വലിയ പണചെലവ് ഇല്ലാതെ ധാരാളം സാധനങ്ങൾ വാങ്ങാൻ സാധിക്കും ഈ പറഞ്ഞ കഴിവ് ഉണ്ടെങ്കിൽ. നാട്ടുകാരല്ല ടൂറിസ്റ്റുകളാണെന്ന് പ്രത്യേകിച്ച് മലയാളികൾ ആണെന്ന് കണ്ടാൽ പിന്നെ അവർ വിലയൊക്കെ കയറ്റിപറയും. 500 രുപ വിലപറയുന്ന ചെരുപ്പ് പേശിപ്പേശി 150 രുപയ്ക്ക് അനായാസം വാങ്ങാം. ഇതൊരു ഉദാഹരണം മാത്രം. ടാറ്റുചെയ്യുന്നിടത്ത് പോലും പേശുന്നവരുണ്ട്. ഗൃഹോപകരണങ്ങൾ, ബാഗുകൾ, ആഭരണങ്ങൾ എന്നുവേണ്ട സർവതും പേശിവാങ്ങാം.
പിന്നെ നിങ്ങളെ വശീകരിക്കാൻ പറ്റിയ കാസിനോകളും പബുകളും ഒക്കെയുള്ളതുകൊണ്ട് കുറച്ചധികം പണം കയ്യിൽ കരുതിയാൽ അവിടേയും ഒന്ന് തലകാണിച്ചിറങ്ങാം എന്നുസാരം. ഇവിടങ്ങളിലൊക്കെ കയറുന്നതിനുമുമ്പ് നിങ്ങൾ ആദ്യം അവരുടെ സൈറ്റുകൾ ഒന്ന് സന്ദർശിക്കുന്നത് നന്നായിരിക്കും. ഓഫറുകളും മറ്റും അറിഞ്ഞുവച്ചാൽ കീശ കാലിയാകാതെ രക്ഷപ്പെടും. അപ്പോൾ ചുരുക്കിപറഞ്ഞാൽ ഒരു രണ്ടായിരം രൂപയുണ്ടെങ്കിൽ സുഖമായി ഗോവ കണ്ട് മടങ്ങാം.