ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പരിശീലന കോഴ്‌സുകള്‍? തട്ടിപ്പുകള്‍ നടക്കുന്നത് എങ്ങനെ? The Money Maze

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പരിശീലന കോഴ്‌സുകള്‍? തട്ടിപ്പുകള്‍ നടക്കുന്നത് എങ്ങനെ? The Money Maze
Published on

വ്യാപകമായി നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പലരും ഇരയായിട്ടുണ്ട്. പല വിധത്തിലാണ് തട്ടിപ്പുകാര്‍ നമ്മുടെ മുന്നിലെത്തുക. കൂടുതല്‍ സമ്പത്ത് നേടാനുള്ള ജനങ്ങളുടെ കൊതിയും അതേസമയം സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ക്കുള്ള പേടിയുമാണ് തട്ടിപ്പുകാര്‍ മുതലെടുക്കുക. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതിനായി പരിശീലനം നല്‍കാന്‍ ചിലര്‍ കോഴ്‌സുകള്‍ പോലും നടത്തുന്നുണ്ടെന്നും അതിനായി ലക്ഷങ്ങള്‍ ഫീസായി വാങ്ങുന്നുണ്ടെന്നും വ്യക്തമാക്കുകയാണ് സാമ്പത്തിക വിദഗ്ദ്ധനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ബിജോയ് എം. പൗലോസും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ടോളി കാപ്പനും ദി ക്യൂവിന്റെ മണി മേസ് എന്ന പരിപാടിയില്‍. പണ്ട് തിരുട്ടുഗ്രാമം എന്ന് പറഞ്ഞിരുന്ന കേന്ദ്രങ്ങളെല്ലാം തട്ടിപ്പ് പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും ഫ്രോഡ് പരിശീലിപ്പിക്കുന്ന സ്ഥലങ്ങളില്‍ അഡ്മിഷനെടുത്ത് അത് പരിശീലിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കിയിറങ്ങാന്‍ രണ്ടു ലക്ഷത്തിലേറെ രൂപയാണ് ഫീസ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പറഞ്ഞത്

ഒന്ന് കൊതി, പിന്നെ പേടി. നമ്മുടെ പഴയ കണ്‍വെന്‍ഷണല്‍ ഫ്രോഡുകളുണ്ടല്ലോ, ഒടിപി സ്‌കാം. എല്ലാവരോടും ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ട് നമ്മളത് നേരിട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഒടിപി ചോദിക്കുമ്പോള്‍ അത് തരാന്‍ കഴിയില്ലെന്നാണ് ക്ലയന്റ്‌സ് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ഒരു തട്ടിപ്പാണ്, ബാങ്കില്‍ നിന്ന് ഒരു കോള്‍ വരും. നിങ്ങളുടെ കെവൈസി അപ്‌ഡേറ്റഡ് അല്ല, ബാങ്കിലെ ഇടപാടുകളൊന്നും നടക്കാതെ വരുമെന്ന് വിളിക്കുന്ന എക്‌സിക്യൂട്ടീവ് പറയും. സാധാരണക്കാരെ സംബന്ധിച്ച് പെട്ടെന്ന് പേടിക്കും. സ്വന്തം ബാങ്ക് അക്കൗണ്ട് ഫ്രീസാകുമെന്നും ആകെയുള്ള സമ്പാദ്യം നഷ്ടമാകുമെന്നും അവര്‍ കരുതും. വിളിക്കുന്ന എക്‌സിക്യൂട്ടീവ് നിങ്ങളെ സഹായിക്കാമെന്ന് പറയും. കമ്പ്യൂട്ടറിന്റെ അല്ലെങ്കില്‍ ഫോണിന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ അവര്‍ ആവശ്യപ്പെടും.

നമ്മുടെ നാട്ടില്‍ പലരും സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ സാക്ഷരത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഒരാള്‍ ആക്‌സസ് ചോദിക്കുമ്പോള്‍ നമ്മള്‍ അനുവാദം കൊടുക്കും. ഓരോ ആപ്പ് എടുക്കുമ്പോളും റൂളുകള്‍ വായിക്കാറ് പോലുമില്ല. ഒരിക്കല്‍ അനുവാദം നല്‍കിക്കഴിഞ്ഞാല്‍ നമ്മുടെ സിസ്റ്റത്തിന്റെ നിയന്ത്രണം അവരുടെ കയ്യിലാകുന്നു. തുടര്‍ന്ന് ഒടിപി നല്‍കാന്‍ ആവശ്യപ്പെടും. ഒരിക്കല്‍ ഒടിപി എന്റര്‍ ചെയ്താല്‍ ട്രാന്‍സാക്ഷന്‍ ട്രിഗര്‍ ചെയ്യാനുള്ള അധികാരം നമ്മള്‍ അവര്‍ക്ക് കൊടുക്കുകയാണ്. അതോടെ അക്കൗണ്ടിലെ പണം മുഴുവനായി നഷ്ടപ്പെടും. തട്ടിപ്പിന് ഇരയായെന്ന് മറ്റൊരാളോട് പറഞ്ഞാല്‍ നാണക്കേടാകുമോ എന്ന പേടി എല്ലാവര്‍ക്കുമുണ്ട്.

അങ്ങനെ ഒരു നാണക്കേട് തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ ഉറക്കെ കരയില്ല. നമുക്ക് വിദ്യാഭ്യാസമില്ലാത്തതു കൊണ്ടല്ല നാം തട്ടിപ്പിന് ഇരയാകുന്നത്. മറുവശത്ത് ഇരിക്കുന്നത് വിദ്യാഭ്യാസമുള്ളവരും ബുദ്ധിശാലികളുമായതിനാലാണ്. ഇത്തരം തട്ടിപ്പുകള്‍ക്കായി ട്രെയിനിംഗ് സ്‌കൂളുകള്‍ തന്നെയുണ്ട്. പണ്ട് തിരുട്ടുഗ്രാമം എന്ന് പറഞ്ഞിരുന്ന കേന്ദ്രങ്ങളെല്ലാം തട്ടിപ്പ് പരിശീലന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഫ്രോഡ് പരിശീലിപ്പിക്കുന്ന സ്ഥലങ്ങളില്‍ അഡ്മിഷനെടുത്ത് അത് പരിശീലിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കിയിറങ്ങാന്‍ രണ്ടു ലക്ഷത്തിലേറെ രൂപയാണ് ഫീസ് എന്നാണ് കഴിഞ്ഞ ദിവസം വായിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in