ടിക് ടോക്കും അത്ര സേഫല്ല, വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയേക്കാം

ടിക് ടോക്കും അത്ര സേഫല്ല, വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയേക്കാം

Published on

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി ഏറെ പ്രചാരമുള്ള ഒരു ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക്കില്‍ നിന്ന് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ട് എന്നാണ് പുതിയ വാര്‍ത്ത. ടിക് ടോക് ആപ്ലിക്കേഷനില്‍ ഒന്നിലധികം സുരക്ഷാ ബഗുകള്‍ കണ്ടെത്തിയ ചെക്ക് പോയിന്റ് എന്ന ഗവേഷണ സ്ഥാപനമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. സുരക്ഷാ ബഗുകള്‍ ദശലക്ഷക്കണക്കിന് ടിക്ക് ടോക്ക് ഉപയോക്താക്കളെ അപകടത്തിലാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഏറ്റവുമധികം ടിക്ടോക് ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഏകദേശം 300 ദശലക്ഷത്തിലധികം പേര്‍ വരുമെന്നാണ് കണക്ക്.

ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ചെക്ക് പോയിന്റ് റിസര്‍ച്ച് ടീമുകള്‍ നടത്തിയ അന്വേഷണത്തില്‍ ടിക് ടോക്ക് ആപ്ലിക്കേഷനില്‍ ഒന്നിലധികം പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ബഗുകളിലൂടെ ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടില്‍ പലതരത്തില്‍ കടന്ന് കയറാന്‍ സാധിക്കും.

വീഡിയോകള്‍ ഡിലീറ്റ് ചെയ്യുക, അനധികൃത വീഡിയോകള്‍ അപ്ലോഡുചെയ്യുക, പ്രൈവറ്റ് ഹിഡന്‍ വീഡിയോകള്‍ പബ്ലിക്ക് ആക്കുക, സ്വകാര്യ ഇമെയില്‍ വിലാസങ്ങള്‍ പോലുള്ള അക്കൗണ്ടിലെ പേഴ്‌സണല്‍ ഡാറ്റ ചോര്‍ത്തുക, തുടങ്ങി അപകടകരമായ പല പ്രവര്‍ത്തികളും ഹാക്കര്‍മാര്‍ക്ക് ടിക്ടോക് അക്കൗണ്ടുകളില്‍ ചെയ്യാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ടിക്ക് ടോക്ക് വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൌണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാനായി ടിക്ക് ടോക്ക് ഉപയോഗിക്കുന്ന എസ്എംഎസ് സിസ്റ്റത്തിലെ പ്രശ്‌നങ്ങളിലൂടെയാണ് സുരക്ഷാ ബഗുകള്‍ കയറുന്നത്. എസ്എംഎസ് സംവിധാനത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ചെക്ക് പോയിന്റ് പറയുന്നു. ഹാക്കര്‍മാര്‍ അക്കൗണ്ടുകളിലേക്ക് അയക്കുന്ന മാല്‍വെയര്‍ ലിങ്കുകളില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്യുന്നതോടെ ടിക് ടോക്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ഇത്തരത്തില്‍ എത്ര ടിക്ടോക്ക് അക്കൌണ്ടുകള്‍ നിലവില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം വ്യക്തമല്ലെന്നും ദശലക്ഷക്കണക്കിന് ടിക്ടോക്ക് ഉപയോക്താക്കള്‍ അപകടത്തിലാണെന്നും ചെക്ക്‌പോയിന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയ അപകടസാധ്യതകളെക്കുറിച്ച് ടിക്ക് ടോക്ക് ഡെവലപ്പര്‍മാരെ അറിയിച്ചിട്ടുണ്ടെന്നും ആപ്ലിക്കേഷന്‍ സുരക്ഷിതമായി ഉപയോഗിക്കുന്നത് തുടരാന്‍ ആവശ്യമായ സുരക്ഷാ പരിഹാരവും കമ്പനി നിര്‍ദ്ദേശിച്ചതായും ചെക്ക് പോയിന്റ് അറിയിച്ചു.

logo
The Cue
www.thecue.in