ഫേസ്ബുക്ക് ഇനി ഇങ്ങനെ, മെസഞ്ചറും ഇന്‍സ്റ്റയും ഒക്കുലസും ഉടച്ചുവാര്‍ക്കും

ഫേസ്ബുക്ക് ഇനി ഇങ്ങനെ, മെസഞ്ചറും ഇന്‍സ്റ്റയും ഒക്കുലസും ഉടച്ചുവാര്‍ക്കും

Published on

നിറയെ മാറ്റങ്ങളുമായി അവതരിപ്പിക്കപ്പെടാന്‍ പോവുകയാണ് ഫെയ്‌സ്ബുക്ക്. എഫ് 8 ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് കോര്‍ സര്‍വീസ്, വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റായ ഒക്കുലസ് എന്നിവയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകും. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലായിരിക്കും പരിഷ്‌കാരമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡിന്റെ പ്രാധാന്യം കുറച്ച് ഗ്രൂപ്പുകള്‍ക്കും ഇവന്റുകള്‍ക്കും മുന്‍തൂക്കം നല്‍കും. ഉപയോക്താവ് ഉള്‍പ്പെട്ട പ്രമുഖ ഗ്രൂപ്പുകളുടെ ടാബും അതിന്റെ പ്രത്യേക ഫീഡുമായിരിക്കും സവിശേഷത. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് വഴിയൊരുക്കാനാണിത്.

കൂടാതെ പുതിയ സുഹൃത്തുക്കളെ ചേര്‍ക്കാന്‍ മീറ്റ് ന്യൂ ഫ്രണ്ട്സ് എന്ന ഫീച്ചറും പുതിയ അപ്ഡേഷനില്‍ ഉണ്ടാകും. വിദ്യാഭ്യാസകാലത്തോ തൊഴില്‍കാലത്തോ ബന്ധമുള്ള എന്നാല്‍ അപരിചരായിരിക്കുകയും ചെയ്യുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കാനുള്ള മാര്‍ഗമാണിത്. കൂടാതെ യൂസര്‍മാരുടെ അടുത്തയിടങ്ങളിലെ കൂടുതല്‍ ഇവന്റ്സുകള്‍ കണ്ടെത്താനും പുതിയ അപ്ഡേറ്റ് സഹായിക്കും. ആന്‍ഡ്രോയിഡ് ആപ്പിള്‍ പ്ലാറ്റ്ഫോമുകളില്‍ ഇത് ഉടന്‍ എത്തുമെങ്കിലും ഡെസ്‌ക്ടോപ്പില്‍ ലഭ്യമാകാന്‍ വൈകുമെന്നുമാണ് വാര്‍ത്തകള്‍.

ഇന്‍സ്റ്റഗ്രാമിലും പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ക്യാമറ ഇന്റര്‍ഫേസ് അപ്ഡേറ്റ് ചെയ്യപ്പെടും. കൂടാതെ ക്രിയേറ്റ് മോഡ് എന്നൊരു പുതിയ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഇതുവഴി വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും അപ്പുറം ക്വിസ്സുകള്‍ പോലുള്ളവയും പങ്കുവെയ്ക്കാനാകും. ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാവുന്ന തരത്തിലുള്ള ഫീച്ചര്‍ കൂടി ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകും.

ന്യൂസ് ഫീഡ് മെസഞ്ചര്‍ എന്നിവയുടെ കെട്ടിലും മട്ടിലും മാറ്റമുണ്ടാകും. അടുത്ത സുഹൃത്തുക്കളുമായുള്ള ഇടപഴകലിന് ഊന്നല്‍ നല്‍കാനാണ് ഫേസ്ബുക്ക് മെസഞ്ചര്‍ അപ്ഡേഷന് ഒരുങ്ങുന്നത്. ഇതുവഴി സ്റ്റാറ്റസ് മെസേജുകള്‍ പങ്കുവെക്കുവാനും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും എളുപ്പം സാധിക്കുമെന്നാണ് പറയപ്പെടുന്നത്. മെസഞ്ചറിന്റെ പുതിയ വേര്‍ഷന്‍ 30 എംബിയില്‍ ലഭ്യമാകും.ഡസ്‌ക് ടോപ്പിനായി പ്രത്യേക ആപ്പുകള്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുന്നുമുണ്ട്.

ഒക്കുലസ് ക്വെസ്റ്റ്, ഒക്കുലസ് റിഫ്റ്റ് എസ് എന്നീ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളാണ് ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍. പുതിയ യൂസര്‍ ഫ്രണ്ട്ലി ഇന്‍സൈഡ് ഔട്ട് സിസ്റ്റവുമായി വരുന്ന ഇവയുടെ വില ഏതാണ്ട് 400 ഡോളേറാളമാണ്. ഇവയുടെ പ്രീഓര്‍ഡര്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. സീക്രട്ട് ക്രഷ് എന്ന പേരില്‍ പുതിയൊരു ഡേറ്റിംഗ് സര്‍വീസ് ഫീച്ചര്‍ കൊണ്ടുവരുന്നതാണ് ഫെയ്‌സ്ബുക്കിന്റെ അടുത്ത അപ്ഡേഷന്‍. ഡേറ്റിങ്ങിന് ഉപയോക്താവിന് ഇഷ്ടമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാം. അതേ പോലെ മറുവശത്തുള്ളവര്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തിയാല്‍ നിങ്ങള്‍ തമ്മിലെ പൊരുത്തം ഫെയ്‌സ്ബുക്ക് ഇരുവരെയും അറിയിക്കും.

logo
The Cue
www.thecue.in