ബഹിരാകാശം തൊട്ട് നോട്ട് 7, മോശം പരാതികള്‍ക്ക് ഇടയില്‍ കരുത്ത് തെളിയിക്കാന്‍ ഷവോമിയുടെ പുത്തന്‍ തന്ത്രം
വിപണിയില്‍ ഇടം പിടിക്കാന്‍ ബഹിരാകാശ തന്ത്രം പരീക്ഷിച്ച് ഷവോമി. റെഡ്മി ഫോണുകള്‍ക്കെതിരെ നിരന്തരം മോശമായ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ കമ്പനി പുതുതായി വിപണിയിലെത്തിയ്ക്കുന്ന നോട്ട് 7 ന്റെ കരുത്ത് തെളിയിച്ചത് ഒരു വേറിട്ട രീതിയിലാണ്. ഒരു ബലൂണില്‍ റെഡ്മി നോട്ട് 7 ഫോണ്‍ ബഹിരാകാശത്തേക്ക് അയക്കുകയാണ് കമ്പനി ചെയ്തത്.
കുഴപ്പങ്ങളൊന്നും കൂടാതെ റെഡ്മി നോട്ട് 7തിരിച്ചെത്തിച്ച് കമ്പനി ടെക്ക് ലോകത്തെ അമ്പരപ്പെടുത്തുകയും ചെയ്തു. റെഡ്മി നോട്ട് 7 ഔദ്യോഗികമായി പരിചയപ്പെടുത്തിയ സമയത്ത് തന്നെ ഫോണ്‍ സ്റ്റെയര്‍കേസിന്റെ മുകളില്‍ നിന്ന് താഴേക്കിടുന്ന വീഡിയോയും ഫോണിന് മുകളില്‍ വെച്ച് പച്ചക്കറികള്‍ അരിയുന്ന വീഡിയോയും കമ്പനി പുറത്തു വിട്ടിരുന്നു. ഇതോടെ ഫോണിന്റെ കരുത്ത് റിവ്യൂവേഴ്‌സിനിടയില്‍ ചര്‍ച്ചയായി.
നോട്ട് 7 ല്‍ രണ്ടുഭാഗത്തുമുള്ള ഗൊറില്ല ഗ്ലാസ് 5 ന്റെ കരുത്താണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. വിപണിയില്‍ നിലവിലുള്ള എല്ലാ ഫോണുകളും അവരവരുടേതായ അവകാശങ്ങളുന്നയിക്കുമ്പോള്‍ വിപണി പിടിക്കാന്‍ വേറിട്ട മാര്‍ഗത്തിനായാണ് ഫോണ്‍ ബഹിരാകാശത്തേക്ക് അയക്കാന്‍ കമ്പനി തീരുമാനിച്ചത്.ബലൂണില്‍ ഉറപ്പിച്ച ഫോണ്‍ ബഹിരാകാശത്തേക്ക് ലോഞ്ച് ചെയ്യുന്ന വീഡിയോ ഷവോമി സി.ഇ.ഒ ലെയ് ജുന്‍ പുറത്തുവിട്ടിരുന്നു.
35375 മീറ്റര്‍ ഉയരത്തില്‍ ബലൂണ് പൊങ്ങിയതായും ഇത്രയും സമയത്തെ ടെസ്റ്റില്‍ ഫോണ്‍ 1 കിലോപാസ്‌കല്‍ അന്തരീക്ഷ മര്‍ദ്ദവും മൈനസ് 56 ഡിഗ്രി താപനിലയും തരണം ചെയ്തതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. റെഡ്മി നോട്ട് 7 ന്റെ എതിരാളികള്‍ക്ക് ഈ ബഹിരാകാശ പരീക്ഷണം വിപണിയില്‍ വലിയ ക്ഷീണമുണ്ടാക്കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഈ അവസരത്തില്‍ തന്നെ ഷവോമി തങ്ങളുടെ ക്യാമറയുടെ കരുത്തും പ്രകടിപ്പിക്കുന്നുണ്ട്. ബഹിരാകാശത്തു നിന്നും ഫോണ്‍ 48 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയില്‍ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ ഫോണിലെ ക്യാമറ എത്രത്തോളം കഴിവുറ്റതാണെ് ഷവോമിക്ക് തെളിയിക്കാന്‍ സാധിച്ചു.
ഫോണിന്റെ ചൈന മോഡലിലാണ് 48 മെഗാപിക്‌സല്‍ ക്യാമെറയുള്ളത്. ഇന്ത്യന്‍ വിപണിയില്‍ 12 മെഗാപിക്‌സല്‍ സെന്‍സറും കൂടെ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമാണ് ഉണ്ടാവുക. ഫോണിന്റെ 4 ജി ബി വേര്‍ഷന് 11,999 രൂപയും 3 ജി ബി വേര്‍ഷന് 9,999 രൂപയുമാണ് വില.