പുറത്തിറക്കും മുമ്പേ സാംസങ്ങിന് തിരിച്ചടിയായി ഗാലക്‌സി ഫോള്‍ഡ് റിവ്യൂകള്‍ 

പുറത്തിറക്കും മുമ്പേ സാംസങ്ങിന് തിരിച്ചടിയായി ഗാലക്‌സി ഫോള്‍ഡ് റിവ്യൂകള്‍ 

Published on

സാംസങ് ഏറെ പ്രതീക്ഷയോടെ പുറത്തിറക്കാനിരുന്ന ഒരു ടെക്‌നോളജി അത്ഭുതമായിരുന്നു മടക്കി നിവര്‍ത്താന്‍ കഴിവുള്ള സാംസങ് ഗാലക്‌സി ഫോള്‍ഡ് ഫോണ്‍. എന്നാല്‍ ഔദ്യോഗികമായി പുറത്തിറക്കും മുമ്പ് പരിചയപ്പെടുത്താന്‍ പുറത്തിറക്കിയ ഫോണുകളില്‍ മിക്കതും ആദ്യദിവസത്തെ ഉപയോഗം കൊണ്ട് തന്നെ തകരാറിലായത് കമ്പനിക്ക് വലിയ തലവേദനയാവുകയാണ്.

സ്‌ക്രീനില്‍ വീക്കം പ്രത്യക്ഷമാകുന്നുണ്ടെന്നും മടങ്ങും മുമ്പ് മടങ്ങുന്ന ഭാഗത്തിന്റെ അരികുകള്‍ പൊടിഞ്ഞു പോകുകയും ചെയ്യുന്നുവെന്നും ഫോണ്‍ ടെസ്റ്റ് ചെയ്തവര്‍ പറയുന്നു. പകുതിഭാഗത്തെ സ്‌ക്രീന്‍ കറുത്തുപോകുന്നതായും പുറത്തുവരുന്ന പരാതികളില്‍ പറയുന്നു.

2000 ഡോളര്‍ വിലയുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ രണ്ടു സ്‌ക്രീനുകളും, തമ്മില്‍ മടക്കാന്‍ കഴിയുന്നവയാണ്. മടങ്ങിയ അവസ്ഥയില്‍ 4.6 ഇഞ്ച് വലുപ്പവും നിവര്‍ത്തുമ്പോള്‍ 7.3 ഇഞ്ച് വലുപ്പവുമുള്ള സ്‌ക്രീനുകളാണ് ഫോണിനുള്ളത്.

രണ്ട് ലക്ഷം തവണ തുറക്കുകയും അടക്കുകയും ചെയ്താലും ഒരു കുഴപ്പവും വരില്ല എന്നാണ് സാംസങിന്റെ അവകാശവാദം . സാംസങ് ഫോള്‍ഡ് ടെസ്റ്റ് എന്ന സംവിധാനത്തില്‍ ഓരോ ഫോണും ടെസ്റ്റ് ചെയ്തു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്യാമറയുടെ കാര്യത്തില്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഫോള്‍ഡ് ഫോണ്‍, മൊത്തം ആറ് ക്യാമറകളാണ് ഫോള്‍ഡിലുള്ളത്. മൂന്നെണ്ണം വലതുഭാഗത്തെ സ്‌ക്രീനിനുപിന്നിലും ഒരെണ്ണം ഇടതുഭാഗത്തെ സ്‌ക്രീനിന്റെ പിന്നിലും രണ്ടെണ്ണം ഫോണ്‍ തുറക്കുന്ന അവസ്ഥയില്‍ സെല്‍ഫി ക്യാമറ എന്ന നിലയിലും സെറ്റ് ചെയ്തിട്ടുണ്ട്.

സാംസങ് ഇതുവരെ അവതരിപ്പിച്ചവയില്‍ നിന്ന് ഏറെ വത്യസ്തമായുള്ള ഫീച്ചറുകളും ഫോണിലുണ്ട്. കൂടാതെ 4300 മില്ലി ആമ്പ് ഹവര്‍ ഡ്യൂവല്‍ ബാറ്ററിയും ഫോണിന്റെ ഒരു പ്രധാന സവിശേഷതയാണ്. 2000 ഡോളറിനടുത്താണ് ഫോള്‍ഡിന്റെ വില . എന്നാല്‍ നെഗറ്റീവ് റിവ്യൂ വരുന്ന സാഹചര്യത്തില്‍ ഫോണിന്റെ വിപണിയിലേക്കുള്ള വരവ് വൈകുമെന്നാണ് അറിയുന്നത്.

ഫോണിനെതിരെയുള്ള റിവ്യൂകള്‍ ട്വിറ്ററിലും മറ്റ് മാധ്യമങ്ങളിലും ഫോട്ടോകളും വീഡിയോകളും സഹിതം പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്‌ക്രീനിനു മുകളിലുള്ള പ്രൊട്ടക്റ്റീവ് ലെയര്‍ പൊളിച്ചു കളഞ്ഞത് കൊണ്ടാണ് സ്‌ക്രീനിനു ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുന്നതെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ ന്യായീകരിക്കുന്നുണ്ട്. ഫോണിന്റെ മുകളില്‍ ഒരു മുന്നറിയിപ്പായി ഇത് എഴുതിയിട്ടുമുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ റിവ്യു ചെയ്യാന്‍ നല്‍കിയ പ്രോഡക്റ്റുകളില്‍ ഈ നിര്‍ദ്ദേശം കണ്ടില്ലെന്നാണ് ഉപയോഗിച്ചവരുടെ വാദം.

logo
The Cue
www.thecue.in