ലോക്ക്ഡൗണിന് ശേഷം ഉപഭോക്താക്കളെ കാത്തിരിക്കുന്ന ആകര്‍ഷകമായ 5 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍  

ലോക്ക്ഡൗണിന് ശേഷം ഉപഭോക്താക്കളെ കാത്തിരിക്കുന്ന ആകര്‍ഷകമായ 5 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍  

Published on

ലോകമാകെ കൊറോണ ഭീതിയിലായിരിക്കെ ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ ഉള്‍പ്പടെ നിശ്ചലമായിരിക്കുകയാണ്. ജനങ്ങളോട് അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് എന്ന കര്‍ശന നിര്‍ദ്ദേശവും നിലവിലുണ്ട്. ലോക്ക്ഡൗണിന് മുന്നേ റിലീസിംഗ് ഡേറ്റുകള്‍ പുറത്തുവിട്ട ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ വകവെക്കാതെ ചില ബ്രാന്‍ഡുകള്‍ റിലീസ് ചെയ്‌തെങ്കിലും വില്പന നടന്നിട്ടുമില്ല. ലോക്ക്ഡൗണിന് ശേഷം സ്മാര്‍ട്ട് ഫോണ്‍ വിപണി വീണ്ടും സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികള്‍. വിപണിയിലെത്താനിരിക്കുന്ന മികച്ച സ്മാര്‍ട്ടഫോണ്‍ മോഡലുകള്‍ പരിചയപ്പെടാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റെഡ്മി നോട്ട് 9 പ്രൊ മാക്‌സ്

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വക വെക്കുന്ന ഒരു മോഡലാണ് റെഡ്മി നോട്ട് 9 പ്രൊ മാക്‌സ്. ലോക്ക്ഡൗണിന് തൊട്ട് മുന്നേ ഷവോമി ഈ മോഡല്‍ അവതരിപ്പിച്ചിരുന്നു എങ്കിലും ലോക്ക്ഡൗണ്‍ കാരണം വില്പന തുടങ്ങാന്‍ ആയില്ല. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 720 G പ്രോസസ്സറും ക്വാഡ് ക്യാമറ സെറ്റപ്പും 5020 മില്ലി ആംപ് ഹവര്‍ ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും ഈ മോഡലില്‍ ഷവോമി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14999 രൂപയാണ് ഷവോമി ഈ മോഡലില്‍ വില നിശ്ചയിച്ചിരിക്കുന്നത്, ഇത്രയും സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് ഒരു നല്ല വില തന്നെയാണ്.

ആപ്പിള്‍ ഐ ഫോണ്‍ എസ് ഇ 2020

വിലക്കുറവില്‍ ഒരു ഐ ഫോണ്‍ കിട്ടിയാല്‍ ആരാണ് വേണ്ടെന്ന് പറയുക, ഇത് മുന്നില്‍ കണ്ടുകൊണ്ട് തന്നെയാവണം സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ ആപ്പിള്‍ ഐ ഫോണ്‍ എസ് ഇ 2020 എന്ന മോഡല്‍ വിപണിയില്‍ എത്തിച്ചതും വില നിശ്ചയിച്ചതും. 42500 രൂപയില്‍ ഐ ഫോണ്‍ എന്ന് പറയുമ്പോള്‍ തന്നെ ഉപഭോക്താക്കളുടെ മനസ്സില്‍ പ്രതീക്ഷകള്‍ ഏറും. മോഡലിന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലോക്ക്ഡൗണിന് ശേഷം അതുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014 ല്‍ പുറത്തെത്തിയ ഐ ഫോണ്‍ 8, ഐ ഫോണ്‍ 6 എന്നീ മോഡലുകളോട് സാദൃശ്യമുള്ള ഡിസൈന്‍ ആണ് ആപ്പിള്‍ ഐ ഫോണ്‍ എസ് ഇ 2020 യ്ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. ഫോണിന്റെ മുകളിലും താഴെയുമായി അത്യാവശ്യം വലിയ ബേസല്‍ തന്നെ കൊടുത്തിരിക്കുന്നു. ഐ ഫോണ്‍ 11 സീരിസില്‍ കണ്ട അതേ ആപ്പിള്‍ എ 13 ബയോണിക് പ്രോസസ്സര്‍ ആണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയും സവിശേഷതകള്‍ ഇത്രയും ചെറിയ വിലയില്‍ എത്തുന്നു എന്നത് തന്നെയാണ് ഈ മോഡലിനായി കാത്തിരിക്കാനുള്ള ഒരു കാരണം.

വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രൊ

ആപ്പിള്‍ ഐ ഫോണ്‍ എസ് ഇ 2020 ലോഞ്ച് ചെയ്യുന്നതിന് മുന്നേ തന്നെ അന്നൗന്‍സ് ചെയ്യപ്പെട്ട മോഡലുകളാണ് വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രൊ എന്നിവ. ഈ മോഡലുകള്‍ക്ക് പ്രീമിയം സെഗ്മെന്റിനേക്കാള്‍ വിലയാണ് കമ്പനി നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ് 8 ന് 41999 രൂപയും വണ്‍പ്ലസ് 8 പ്രൊയ്ക്ക് 54999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടു മോഡലുകളിലും പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസ്സര്‍ കൂടാതെ 5G കണക്ടിവിറ്റി, മള്‍ട്ടി ക്യാമറ സെറ്റപ്പ്, ഓക്‌സിജന്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റു എടുത്തുപറയണ്ട മറ്റു പ്രത്യേകതകള്‍.

മോട്ടോറോള റേസര്‍

പുതിയ മോട്ടറോള റേസര്‍ കഴിഞ്ഞ വര്‍ഷമാണ് അനൗണ്‍സ് ചെയ്തത്. പക്ഷെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കെത്താന്‍ സമയമെടുത്തു. ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്ന ഏറ്റവും പ്രതീക്ഷയര്‍ഹിക്കുന്ന ഒരു മോഡലാണ് മോട്ടറോള റേസര്‍. ഈ ഫോണില്‍ മടക്കാന്‍ കഴിയുന്ന തരത്തിലാണ് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നത് കൂടാതെ ഈ ഡിസൈന്‍ ഉപഭോക്താക്കളില്‍ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുമെന്നും കമ്പനി പറയുന്നു. എന്നാലും വിലയില്‍ നോക്കുമ്പോള്‍ റേസര്‍ കുറച്ചു മുകള്‍ത്തട്ടിലാണ് 124999 രൂപയാണ് ഇന്ത്യയില്‍ റേസര്‍ ഫോണിന് മോട്ടറോള വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വില്പനയിലെത്താന്‍ പോകുന്ന ഏറ്റവും വിലകൂടിയ ഒരു സ്മാര്‍ട്ട് ഫോണ്‍ മോഡലാവും ഇത്.

സാംസങ് ഗാലക്സി എസ് 20 അള്‍ട്രാ

സാംസങ് ഗാലക്സി എസ് 10 ല്‍ നിന്നും വലിയൊരു കാല്‍വെപ്പാണ് ഗാലക്സി എസ് 20 സീരിസിലേക്ക് സാംസങ് നടത്തിയത്. ഇപ്പോള്‍ ഈ നിരയിലെ ഏറ്റവും മുന്നിലുള്ള മോഡലായാണ് സാംസങ് ഗാലക്സി എസ് 20 അള്‍ട്രാ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ് 20 കൂടാതെ എസ് 20 പ്ലസ് എന്നിവ ലോക്ക്ഡൗണിന് രാജ്യത്തെ വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ സാംസങ് ഗാലക്സി എസ് 20 അള്‍ട്രായുടെ വില്‍പന ആരംഭിച്ചിരുന്നില്ല. സാംസങ് മോഡലുകളില്‍ ഏറ്റവും നല്ല ഒരു മോഡല്‍ എന്ന് പറയാവുന്ന മോഡലാണ് സാംസങ് ഗാലക്സി എസ് 20 അള്‍ട്രാ. എക്‌സിനോസ് 990 പ്രോസസ്സര്‍, 6.9 ഇഞ്ച് QHD പ്ലസ് ഡിസ്‌പ്ലേ, 12 ജീ ബി റാം 128 ജീ ബി ഇന്റര്‍ണല്‍ മെമ്മറി,ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

logo
The Cue
www.thecue.in