ഡ്യുവല്‍ ഫ്രണ്ട് സ്പീക്കറുകളുമായി ലെനോവോ ടാബ് വി 7 വിപണിയില്‍, സവിശേഷതകള്‍ ഏറെ
ലെനോവോയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് മോഡല്‍ ടാബ് വി 7 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.9 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, സെല്ലുലാര്‍ കണക്റ്റിവിറ്റി, 5180 മില്ലി ആംപ് ഹവര്‍ ബാറ്ററി, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായാണ് ലെനോവോയുടെ പുതിയ വരവ്. 12990 രൂപയാണ് ഇന്ത്യയില്‍ ഇതിന്റെ 3 ജിബി റാം 32 ജി ബി ഇന്റേണല്‍ സ്റ്റോറേജ് വേര്‍ഷന്റെ വില . 4 ജി ബി റാം 64 ജി ബി ഇന്റേണല്‍ മെമ്മറി മോഡലിന് 14990 രൂപയും വിലയുണ്ടാകും. ഓഗസ്റ്റ് ഒന്നുമുതല്‍ ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വഴി ലെനോവോ ടാബ് വി 7 ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
വീതികുറഞ്ഞ അരികുകളാണ് കൊടുത്തിരിക്കുന്നത്. പിറകില്‍ ഒരു 13 മെഗാപിക്‌സല്‍ സിംഗിള്‍ റിയര്‍ ക്യാമറയും അതിനു താഴെ ഒരു ഫിംഗര്‍പ്രിന്റ് റീഡറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസ്സറിലാണ് ടാബ് പ്രവര്‍ത്തിക്കുന്നത്. 128 ജി ബി വരെ വികസിപ്പിക്കാവുന്ന ഒപ്ഷണല്‍ മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ട് ടാബിലുണ്ട്. 13 മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ടാബിലുള്ളത്.
നൈറ്റ് ഷോട്ട്, പനോരമ, എച് ഡി ആര്‍ എന്നിങ്ങനെ ക്യാമറ മോഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്യുവല്‍ 4 ജി നെറ്റ്വര്‍ക്ക് ടാബ് വി 7 ഇല്‍ സപ്പോര്‍ട്ട് ചെയ്യും. വിളിക്കാനും സ്വീകരിക്കാനും മെസ്സേജിങ്ങിനും ടാബ് ഉപയോഗിക്കാം. ഒരു ഫോണിന്റെയും ടാബ്‌ലെറ്റിന്റെയും കൂടിച്ചേര്‍ന്ന പ്രവര്‍ത്തനമാണ് ലെനോവോ ടാബ് വി 7 സാധ്യമാക്കുന്നത്. ഡ്യുവല്‍ ഡോള്‍ബി ഓഡിയോ ഫ്രണ്ട് സ്പീക്കറുകളാണ് ഇതിന്റേത്.
7.88 മില്ലിമീറ്റര്‍ ആണ് സ്പീക്കറുകളുടെ വീതി. ബാറ്ററി കപ്പാസിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊന്ന്. 5180 മില്ലി ആംപ് ഹവര്‍ ബാറ്ററിയാണ് ലെനോവോ ടാബ് വി 7 ല്‍ ഉള്ളത് .10 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈമും 30 മണിക്കൂര്‍ ടോക്ക് ടൈമും ഈ ബാറ്ററി നല്‍കും. പ്രധാനപ്പെട്ട മറ്റൊരു സവിശേഷത ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ്. ലെനോവോ ടാബ് വി 7 ന്റെ ഐറിസ് റെക്കഗനിഷന്‍ സിസ്റ്റമുള്ള ഒരു വേര്‍ഷന്‍ കൂടെ പുറത്തുവരുമെന്നാണ് അറിയുന്നത്.