'കൂ'വിനെ ഓര്‍മ്മയില്ലേ? ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ രൂപംകൊണ്ട മൈക്രോബ്ലോഗിംഗ് ആപ്പ്. 2020ല്‍ കര്‍ഷക സമര കാലത്ത് കേന്ദ്രസര്‍ക്കാരും ട്വിറ്ററുമായി കൊമ്പു കോര്‍ത്തപ്പോള്‍ ലോഞ്ച് ചെയ്യപ്പെട്ട കൂ ഇപ്പോള്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ അടച്ചുപൂട്ടല്‍ എന്ന കടുത്ത തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുകയാണെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും തണലില്‍ രണ്ട് മില്യനിലേറെ പ്രതിദിന ഉപഭോക്താക്കളെ നേടിയ ഈ സോഷ്യല്‍ മീഡിയ കമ്പനിക്ക് അതിനു ശേഷം പിടിച്ചു നില്‍ക്കാനായില്ല. ഫണ്ടിംഗ് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സ്ഥാപകര്‍ വ്യക്തമാക്കി.
കര്‍ഷക സമരത്തിനിടയില്‍ ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ട്വിറ്റര്‍ അതിന് തയ്യാറായില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഭീഷണി മുഴക്കി. ഇതോടെയാണ് കൂ എന്ന പേരില്‍ ട്വിറ്ററിന്റെ തനിപ്പകര്‍പ്പായ മൈക്രോബ്ലോഗിംഗ് ആപ്പ് അവതരിപ്പിക്കപ്പെടുന്നത്. 2020 മാര്‍ച്ചില്‍ അവതരിപ്പിക്കപ്പെട്ട കൂവിന്റെ പ്രചാരണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സ്വയം ഏറ്റെടുത്തു. അതേ വര്‍ഷം ഓഗസ്റ്റില്‍ ആത്മനിര്‍ഭര്‍ ആപ്പ് ഇന്നവേഷന്‍ ചാലഞ്ചില്‍ കൂ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. ഓഗസ്റ്റ് 30 ഞായറാഴ്ച മന്‍ കീ ബാത്തില്‍ ആപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യക്കാരായ യൂസര്‍മാര്‍ക്ക് മാതൃഭാഷയില്‍ ടെക്സ്റ്റ്, വീഡിയോ, ഓഡിയോ എന്നിവയിലൂടെ സംവദിക്കാനാകുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ആപ്പ് എന്നാണ് മോദി പ്രശംസിച്ചത്.
തുടര്‍ന്ന് വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ കൂവില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു. ട്വിറ്റര്‍ പോലെയുള്ള വിദേശ ആപ്പുകള്‍ ഉപേക്ഷിച്ച് സ്വദേശിയായ കൂവില്‍ അക്കൗണ്ടെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ അണികള്‍ പ്രമോഷന്‍ നടത്തി. പക്ഷേ ഈ പ്രമോഷനുകളൊന്നും ഒരു ഘട്ടം കടന്ന് മുന്നോട്ടു പോയില്ല. ട്വിറ്ററുമായുള്ള പ്രശ്‌നങ്ങള്‍ മറവിയിലേക്ക് പോകുകയും പിന്നീട് എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയും ചെയ്തു. എക്‌സ് എന്ന് പേരു മാറിയ ട്വിറ്റര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആധിപത്യം തുടരുന്നു. ഇതോടെ കൂവിന് ഫോളോവര്‍മാര്‍ കുറഞ്ഞു. പഴയ മട്ടിലുള്ള മെയ്ഡ് ഇന്‍ ഇന്ത്യ ക്യാംപെയിനുകളൊന്നും ആപ്പിന് കിട്ടാതെ വരികയും ചെയ്തു. ബിജെപിയെയും മോദി സര്‍ക്കാരിനെയും അനുകൂലിക്കുന്നവരുടെ മാത്രം ആപ്പ് എന്ന പേര് വന്നതും കമ്പനിക്ക് തിരിച്ചടിയായി.
ഇതിനിടയില്‍ ഡെയിലി ഹണ്ടുമായി കൂ സ്ഥാപകര്‍ ഏറ്റെടുക്കല്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയമായില്ല. കഴിഞ്ഞ മാര്‍ച്ചിലെ ശമ്പളം കൊടുക്കാന്‍ സ്ഥാപകര്‍ക്ക് പേഴ്‌സണല്‍ ഫണ്ടില്‍ നിന്ന് വലിയ തുകയെടുക്കേണ്ടതായി വന്നിരുന്നു.