സൈബര്‍ അക്രമികളെ തടയാന്‍ ഇന്‍സ്റ്റഗ്രാം; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പുതിയ ‘വാര്‍ണിങ്ങ് ഫീച്ചര്‍’
സൈബര്‍ ആക്രമണം തടയാന്‍ പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ആരുടെയെങ്കിലും പോസ്റ്റിലോ ഫോട്ടോയിലോ മോശം കമന്റുമായി സൈബര്‍ ശല്യക്കാര്‍ എത്തിയാല്‍ ഉടന്‍ തന്നെ അത് ഒരു മുന്നറിയിപ്പായി അക്കൗണ്ട് ഉടമയെ അറിയിക്കും. നോട്ടിഫിക്കേഷന്‍ ലഭിച്ചതിന് ശേഷം അക്കൗണ്ട് ഉടമയ്ക്ക് മോശം കമന്റിട്ടയാളെ ബ്ലോക്ക് ചെയ്യുകയോ കമന്റ് ഒഴിവാക്കുകയോ ചെയ്യാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമന്റുകളും അതിലെ ഉള്ളടക്കവുമെല്ലാം വിലയിരുത്തിയാണ് ഇന്‍സ്റ്റഗ്രാം കമന്റുകള്‍ മോശമാണോയെന്ന് കണ്ടെത്തുന്നതും വാര്‍ണിങ്ങ് നല്‍കുകകയും ചെയ്യുന്നത്. ശല്യക്കാരുടെ കമന്റുകള്‍ക്ക് മുന്‍പ് മറ്റൊരാള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിന് സമാനമായ ഒരു കമന്റാണിത് എന്നായിരിക്കും ഇന്‍സ്റ്റഗ്രാം വാര്‍ണിങ്ങ് നല്‍കുക.
ശല്യക്കാരെ തടയാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഒരു കമന്റ് ഇടത് സൈ്വപ്പുചെയ്യുന്നതിലൂടെയോ, സെറ്റിങ്ങ്‌സില്‍ പ്രൈവസി ടാബിലൂടെയോ അല്ലെങ്കില്‍ മോശം കമന്റിട്ട വ്യക്തിയുടെ അക്കൗണ്ടിലൂടെയോ അയാളെ തടയാന്‍ കഴിയും. ക്യാപ്ഷന്‍ വാണിംഗ് ഫീച്ചറിലൂടെ നിയന്ത്രിച്ച ഒരു വ്യക്തിയില്‍ നിന്നുള്ള കമന്റുകള്‍ ആ വ്യക്തിക്ക് മാത്രമേ ദൃശ്യമാകൂ, എന്ന് കമ്പനി പറയുന്നു. തുടര്‍ന്ന് കമന്റ് അക്കൗണ്ടുടമ അംഗീകരിക്കുന്നതിലൂടെ മാത്രമേ അത് മറ്റുള്ളവര്‍ക്കും കാണാനോ വായിക്കാനോ കഴിയൂ.
നേരിട്ടുള്ള മെസേജുകള്‍ നേരെ മെസേജ് റിക്വസ്റ്റ് ഓപ്ഷനിലേക്ക് നീങ്ങും. നിയന്ത്രിച്ചിരിക്കുന്ന അക്കൗണ്ടുകളില്‍ നിന്ന് അറിയിപ്പുകള്‍ ലഭിക്കുകയുമില്ല. ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു കൊണ്ട് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ സൈബര്‍ ഭീഷണി തടയുന്നതിനുള്ള മറ്റൊരു ഘട്ടമായിട്ടാണ് കമ്പനി ക്യാപ്ഷന്‍ വാണിംഗ് ഫീച്ചറിനെ വിശേഷിപ്പിക്കുന്നത്. ഫോട്ടോകളിലും വീഡിയോകളിലും മറ്റുള്ളവരെ ശല്യം ചെയ്യുകയും മോശം കമന്റുകള്‍ ഇടുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് പുതിയ ഫീച്ചര്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പിനിയാണ് ഇന്‍സ്റ്റാഗ്രാം. ഇതോടൊപ്പം കോസ്‌മെറ്റിക് സര്‍ജറിയും, ശരീരഭാരം കുറയ്ക്കുന്ന വിവിധ ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റി സ്വാധീനം ചെലുത്തുന്നവരുടെ പോസ്റ്റുകള്‍ കാണുന്നതില്‍ നിന്ന് 18 വയസ്സിന് താഴെയുള്ളവരെ നിയന്ത്രിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം